ETV Bharat / sports

ബാസ്‌ബോള്‍ യുഗത്തില്‍ ഇംഗ്ലണ്ടിനെ കൊന്നുകൊലവിളിച്ച ആദ്യ ക്യാപ്റ്റന്‍; രോഹിത്തിന് അപൂര്‍വ നേട്ടം

author img

By ETV Bharat Kerala Team

Published : Feb 26, 2024, 3:46 PM IST

ഇംഗ്ലണ്ടിനെതിരായ റാഞ്ചി ടെസ്റ്റിലും വിജയം നേടിയതോടെ പരമ്പര സ്വന്തമാക്കി രോഹിത് ശര്‍മയും സംഘവും.

Rohit Sharma  India vs England  Bazball  Ben stokes  രോഹിത് ശര്‍മ
Rohit Sharma becomes 1st captain to win a Test series against England in Bazball era

റാഞ്ചി: റാഞ്ചി ടെസ്റ്റില്‍ (Ranchi Test) വിജയം നേടിയതോടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു (India vs England). അഞ്ച് മത്സര പരമ്പരയില്‍ ഒരു മത്സരം ബാക്കി നില്‍ക്കെ 3-1നാണ് ആതിഥേയര്‍ പരമ്പര പിടിച്ചത്. ഇതോടെ ബാസ്‌ബോള്‍ യുഗത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുന്ന ആദ്യ ടീമായി രോഹിത് ശര്‍മയുടെ (Rohit Sharma) സംഘം മാറി.

ഹൈദാരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 28 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയ ഇന്ത്യ തുടര്‍ന്നായിരുന്നു ഇംഗ്ലണ്ടിന് തിരിച്ചടി നല്‍കിയത്. വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റില്‍ 106 റണ്‍സിന് ജയിച്ച് പരമ്പരയില്‍ ഇംഗ്ലണ്ടിന് ഒപ്പമെത്താന്‍ ആതിഥേയര്‍ക്ക് കഴിഞ്ഞു. തുടര്‍ന്ന് രാജ്‌കോട്ടില്‍ 434 റണ്‍സിന്‍റെ റെക്കോഡ് വിജയം നേടിയ ഇന്ത്യ റാഞ്ചിയില്‍ അഞ്ച് വിക്കറ്റിനാണ് ഇംഗ്ലീഷ് ടീമിനെ ചുരുട്ടിക്കൂട്ടിയത്.

ടെസ്റ്റില്‍ ബ്രെണ്ടന്‍ മക്കല്ലത്തിനും (Brendon McCullum) ബെന്‍ സ്റ്റോക്‌സിനും (Ben stokes) കീഴില്‍ ബാസ്‌ബോള്‍ (Bazball) ശൈലിയിലേക്ക് മാറിയ ഇംഗ്ലണ്ട് ഇതിന് മുമ്പ് പരമ്പര തോല്‍വി അറിഞ്ഞിട്ടേയുണ്ടായിരുന്നില്ല. ബാസ്‌ബോള്‍ യുഗത്തില്‍ ഇതടക്കമുള്ള എട്ട് പരമ്പകളിലായി ഇതേവരെ 22 ടെസ്റ്റുകളാണ് ഇംഗ്ലണ്ട് കളിച്ചിട്ടുള്ളത്. ഇതില്‍ 14 എണ്ണത്തില്‍ വിജയം നേടിയ ടീം ഏഴെണ്ണത്തില്‍ തോല്‍വി വഴങ്ങി.

ഒരു മത്സരം മാത്രമാണ് സമനിലയില്‍ അവസാനിച്ചത്. ഇതിന് മുന്നെ കളിച്ച ഏഴ്‌ പരമ്പകളില്‍ നാലെണ്ണം വിജയിച്ച ഇംഗ്ലണ്ട് മൂന്നെണ്ണം സമനിലയിലും പിടിച്ചിരുന്നു. 2022-ല്‍ ന്യൂസിലന്‍ഡിന്‍റെ ഇംഗ്ലണ്ട് പര്യടനത്തിലാണ് ബെന്‍ സ്റ്റോക്‌സും ടീമും ബാസ്‌ബോള്‍ കളിച്ച് തുടങ്ങിയത്. മൂന്ന് മത്സര പരമ്പര 3-0ത്തിന് ഇംഗ്ലണ്ട് സ്വന്തമാക്കുകയും ചെയ്‌തു.

പിന്നീട് ഇന്ത്യ പര്യടനത്തിനെത്തിയപ്പോള്‍ അഞ്ച് മത്സര പരമ്പര 2-2ന് സമനിലയില്‍ പിടിക്കാനും ഇംഗ്ലണ്ടിന് കഴിഞ്ഞു. പിന്നാലെ പര്യടനത്തിന് എത്തിയ ദക്ഷിണാഫ്രിക്കയെ മൂന്ന് മത്സര പരമ്പരയില്‍ 2-1ന് തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് തിരിച്ചയച്ചത്. 2022- അവസാനത്തില്‍ പാകിസ്ഥാനിലായിരുന്നു ബാസ്‌ബോള്‍ യുഗത്തില്‍ ഇംഗ്ലണ്ട് വിദേശ പര്യടനം.

മൂന്ന് മത്സര പരമ്പര ഏകപക്ഷീയമായി തൂക്കിയായിരുന്നു ഇംഗ്ലീഷ്‌ ടീം മടങ്ങിയത്. 2023-ല്‍ ന്യൂസിലന്‍ഡില്‍ കളിച്ച രണ്ട് മത്സര പരമ്പര 1-1 ന് സമനിലയായി. തുടര്‍ന്ന് സ്വന്തം മണ്ണില്‍ അയര്‍ലന്‍ഡിന് എതിരെ നടന്ന ഏക ടെസ്റ്റും ബെന്‍ സ്റ്റോക്കും സംഘവും വിജയിച്ച് കയറി.

പിന്നാലെ ആഷസിനെത്തിയ ഓസ്ട്രേലിയക്കെതിരെ 2-2 സമനില നേടാനും ഇംഗ്ലണ്ടിന് കഴിഞ്ഞിരുന്നു. എന്നാല്‍ നിലവിലെ ചാമ്പ്യന്മാരായതിനാല്‍ ഓസീസ് ആഷസ് നിലനിര്‍ത്തി. പിന്നീടായിരുന്നു ബെന്‍ സ്റ്റോക്‌സും സംഘവും ഇന്ത്യയിലേക്ക് വിമാനം കയറിയത്.

ALSO READ: ഇംഗ്ലണ്ടിനെതിരായ 'റണ്‍വേട്ട' ; വിരാട് കോലിയുടെ വമ്പൻ റെക്കോഡിനൊപ്പം യശസ്വി ജയ്‌സ്വാള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.