ETV Bharat / sports

രേഹന്‍ അഹമ്മദിന്‍റെ 'വിസയും പ്രശ്‌നം'; താരത്തെ രാജ്‌കോട്ടില്‍ തടഞ്ഞുവച്ചത് 2 മണിക്കൂര്‍

author img

By ETV Bharat Kerala Team

Published : Feb 13, 2024, 10:23 AM IST

ഇംഗ്ലണ്ട് ക്രിക്കറ്റ് താരം രേഹന്‍ അഹമ്മദിനെ രാജ്‌കോട്ട് വിമാനത്താവളത്തില്‍ തടഞ്ഞതായി റിപ്പോര്‍ട്ട്.

Rehan Ahmed  England Cricketer Visa Issue  Rehan Ahmed Visa Problem  രേഹന്‍ അഹമ്മദ് വിസ പ്രശ്‌നം  ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്
Rehan Ahmed Stopped At Rajkot Airport

രാജ്‌കോട്ട്: വിസ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇംഗ്ലണ്ട് സ്‌പിന്നര്‍ രേഹന്‍ അഹമ്മദിനെ രാജ്‌കോട്ട് വിമാനത്തവളത്തില്‍ തടഞ്ഞതായി റിപ്പോര്‍ട്ട്. അബുദാബിയിലെ അവധിയാഘോഷങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ട് ടീം തിരികെ എത്തിയപ്പോഴാണ് സംഭവം. വിസ പ്രശ്‌നങ്ങളെ തുടര്‍ന്ന് രണ്ട് മണിക്കൂറിലധികം നേരം താരത്തെ വിമാനത്തവളത്തില്‍ തടഞ്ഞതായാണ് റിപ്പോര്‍ട്ട്.

പരമ്പരയിലെ മൂന്നാം മത്സരത്തിനായി അബുദാബിയില്‍ നിന്നും ഇന്നലെയാണ് ഇംഗ്ലണ്ട് ടീം രാജ്‌കോട്ടില്‍ തിരിച്ചെത്തിയത്. സിംഗിള്‍ എന്‍ട്രി വിസയായിരുന്നു രേഹന്‍ അഹമ്മദിന് ആദ്യം അനുവദിച്ചത്. ഈ സാഹചര്യത്തിലായിരുന്നു താരം രണ്ടാമത്തെ പ്രാവശ്യം ഇന്ത്യയിലേക്ക് എത്തിയപ്പോള്‍ തടഞ്ഞതെന്നുമാണ് ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന വിവരം.

തുടര്‍ന്ന്, താത്‌കാലികമായി താരത്തിന് പ്രവേശനം അനുവദിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ വൈകുന്നേരത്തോടെയാണ് ടീം രാജ്‌കോട്ടിലെ ഹോട്ടലില്‍ എത്തിയത്. ഫെബ്രുവരി 15നാണ് പരമ്പരയിലെ മൂന്നാം മത്സരം തുടങ്ങുന്നത്.

നേരത്തെ, സ്‌പിന്നര്‍ ഷൊയ്ബ് ബഷീറിനും വിസ പ്രശ്‌നങ്ങളെ തുടര്‍ന്ന് പരമ്പരയിലെ ആദ്യ മത്സരം നഷ്‌ടപ്പെട്ടിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം ആദ്യ ടെസ്റ്റ് അവസാനിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു താരം ഹൈദരാബാദില്‍ ടീമിനൊപ്പം ചേര്‍ന്നത്. തുടര്‍ന്ന് പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ താരം കളിക്കുകയും ചെയ്‌തു.

അതേസമയം, അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ നിലവില്‍ 1-1 എന്ന നിലയിലാണ് ഇന്ത്യ ഇംഗ്ലണ്ട് ടീമുകള്‍. ഹൈദരാബാദില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരം ഇംഗ്ലണ്ട് 28 റണ്‍സിനായിരുന്നു വിജയിച്ചത്. വിശാഖപട്ടണത്ത് നടന്ന രണ്ടാമത്തെ കളിയില്‍ ഇന്ത്യ 106 റണ്‍സിന്‍റെ ജയമായിരുന്നു നേടിയത്.

ഇംഗ്ലണ്ട് സ്ക്വാഡ് : സാക്ക് ക്രാവ്‌ലി, ബെന്‍ ഡക്കറ്റ്, ഒലീ പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്‌സ്, ബെന്‍ ഫോക്‌സ്, ടോം ഹാര്‍ട്‌ലി, ഗസ് അറ്റ്‌കിസണ്‍, രേഹന്‍ അഹമ്മദ്, ഷൊയ്‌ബ് ബഷീര്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍, മാര്‍ക്ക് വുഡ്, ഡാന്‍ ലോറൻസ്,

ഇന്ത്യ സ്ക്വാഡ് (India Squad For 3rd T20I): രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍) യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാന്‍ ഗില്‍, ദേവ്‌ദത്ത് പടിക്കല്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), രജത് പടിദാര്‍, സര്‍ഫറാസ് ഖാന്‍, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ആകാശ് ദീപ്.

Also Read : മൂന്നാം ടെസ്റ്റിന് രാഹുലില്ല; പകരമെത്തുന്നത് ലഖ്‌നൗവിലെ സഹതാരം- റിപ്പോര്‍ട്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.