ETV Bharat / sports

അശ്വിന്‍ -ഇറാസ്‌മസ് വാക്കുതര്‍ക്കം?; വിശാഖപട്ടണത്തെ രംഗങ്ങള്‍, കാരണം തേടി ആരാധകര്‍

author img

By ETV Bharat Kerala Team

Published : Feb 3, 2024, 9:30 AM IST

Ravichandran Ashwin Marais Erasmus  R Ashwin and Umpire Heated Chat  India vs England 2nd Test  രവിചന്ദ്രന്‍ അശ്വിന്‍ അംപയര്‍
ravichandran ashwin heated chat with Marais Erasmus

ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് മത്സരം. വിശാഖപട്ടണത്ത് ഒന്നാം ദിവസം കളി അവസാനിച്ചതിന് പിന്നാലെ അംപയറുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട് ഓള്‍ റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിന്‍.

വിശാഖപട്ടണം: ഇന്ത്യ -ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന്‍റെ ഒന്നാം ദിനം അവസാനിച്ചതിന് പിന്നാലെ അംപയര്‍ മറായിസ് ഇറാസ്‌മസുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിന്‍ (Ravichandran Ashwin Heated Exchange With Umpire Marais Erasmus). വിശാഖപട്ടണത്ത് ഇന്നലെ ആരംഭിച്ച മത്സരത്തിന്‍റെ ആദ്യ ദിവസം 93 ഓവറുകള്‍ എറിഞ്ഞ ശേഷമായിരുന്നു സ്റ്റംപ്‌സെടുത്തത്. ഒന്നാം ദിനത്തിലെ കളി അവസാനിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 336 റണ്‍സ് എന്ന നിലയിലായിരുന്നു ടീം ഇന്ത്യ (India vs England 1st Test Day 1).

179 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാളും അഞ്ച് റണ്‍സുമായി രവിചന്ദ്രന്‍ അശ്വിനുമാണ് കളിയവസാനിക്കുമ്പോള്‍ ക്രീസിലുണ്ടായിരുന്നത്. രേഹന്‍ അഹമ്മദ് എറിഞ്ഞ ആദ്യ ദിവസത്തെ അവസാന ഓവറിലെ ആറാം പന്ത് നേരിട്ടത് അശ്വിനായിരുന്നു. ഇംഗ്ലീഷ് സ്പിന്നറെ കൃത്യതയോടെ പ്രതിരോധിക്കാന്‍ അശ്വിന് സാധിച്ചു.

ഇതിന് പിന്നാലെയാണ് അശ്വിന്‍ നേരെ അംപയര്‍ മറായിസ് ഇറാസ്‌മസുമായി സംസാരിക്കാനെത്തിയത്. ഗ്രൗണ്ടില്‍ ഇരുവരും തമ്മില്‍ നടത്തിയ ആശയവിനിമയം എന്താണെന്ന കാര്യം വ്യക്തമല്ല. ഇതിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും മത്സരത്തിന് ശേഷം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്‌തിരുന്നു.

ഈ വിഷയത്തില്‍ രസകരമായ ഫാന്‍ തിയറികളും പുറത്തുവരുന്നുണ്ട് (Fans Reaction On Ashwin Erasmus Chat). അശ്വിന്‍ ഐസിസിയുടെ നിയമങ്ങള്‍ അംപയറിന് പറഞ്ഞുകൊടുക്കുകയാണെന്നാണ് ചിലര്‍ പറയുന്നത്. മറ്റുചിലര്‍, ഇരുവരും തമ്മില്‍ ലൂയിസ് ഹാമില്‍ട്ടണ്‍ മെര്‍സിഡെസില്‍ നിന്നും ഫെരാരിയിലേക്ക് ചേക്കേറിയതിനെ കുറിച്ചുള്ള ചര്‍ച്ചയാണ് നടക്കുന്നതെന്നും അഭിപ്രായപ്പെടുന്നുണ്ട്.

അതേസമയം, വിശാഖപട്ടണം ടെസ്റ്റില്‍ ഭേദപ്പെട്ട നിലയിലാണ് ടീം ഇന്ത്യ ഒന്നാം ദിവസം കളിയവസാനിപ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്‌ക്ക് വേണ്ടി യശസ്വി ജയ്സ്വാള്‍ മാത്രമായിരുന്നു ആദ്യ ദിനം മികച്ച പ്രകടനം നടത്തിയത്. 257 പന്ത് നേരിട്ടാണ് താരം 179 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നത്.

രോഹിത് ശര്‍മ (14), ശുഭ്‌മാന്‍ ഗില്‍ (34), ശ്രേയസ് അയ്യര്‍ (27), രജത് പടിദാര്‍ (32), അക്‌സര്‍ പട്ടേല്‍ (27), കെഎസ് ഭരത് (17) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് ഒന്നാം ദിവസം നഷ്‌ടപ്പെട്ടത്. നാല് വിക്കറ്റ് ശേഷിക്കെ ഒന്നാം ഇന്നിങ്‌സില്‍ 400ല്‍ അധികം റണ്‍സ് കണ്ടെത്താനായിരിക്കും ടീം ഇന്ത്യയുടെ ശ്രമം.

Also Read : 'പുറത്ത് ഒരാളുണ്ട്, ആ കാര്യം ആരും മറക്കരുത്'; ശുഭ്‌മാന്‍ ഗില്ലിന് രവി ശാസ്‌ത്രിയുടെ 'വാര്‍ണിങ്'

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.