ETV Bharat / sports

ഓള്‍റൗണ്ടര്‍ മികവുമായി ശാര്‍ദുല്‍; തമിഴ്‌നാടിനെ തകര്‍ത്ത് മുംബൈ രഞ്‌ജി ഫൈനലില്‍

author img

By ETV Bharat Kerala Team

Published : Mar 4, 2024, 5:58 PM IST

സെഞ്ചുറിയും രണ്ട് ഇന്നിങ്‌സുകളിലുമായി നാല് വിക്കറ്റുകളും വീഴ്‌ത്തിയാണ് ശാര്‍ദുല്‍ താക്കൂര്‍ മുംബൈക്കായി തിളങ്ങിയത്.

Shardul Thakur  Mumbai vs Tamil Nadu  Ranji Trophy  രഞ്‌ജി ട്രോഫി  ശാര്‍ദുല്‍ താക്കൂര്‍
Ranji Trophy Mumbai vs Tamil Nadu Result

മുംബൈ: ശാര്‍ദുല്‍ താക്കൂറിന്‍റെ (Shardul Thakur) ഓള്‍റൗണ്ടര്‍ പ്രകടന മികവില്‍ രഞ്ജി ട്രോഫി ( Ranji Trophy) ഫൈനലില്‍ കടന്ന് മുംബൈ. സെമി ഫൈനല്‍ മത്സരത്തില്‍ തമിഴ്നാടിനെ ഇന്നിങ്‌സിനും 70 റണ്‍സിനുമാണ് മുംബൈ തകര്‍ത്തത് (Mumbai vs Tamil Nadu). ഇതു 47-ാം തവണയാണ് മുംബൈ രഞ്‌ജി ട്രോഫി ഫൈനലില്‍ എത്തുന്നത്.

ആദ്യ ഇന്നിങ്‌സില്‍ 232 റണ്‍സിന്‍റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ തമിഴ്‌നാട് 162 റണ്‍സില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. 105 പന്തില്‍ 70 റണ്‍സ് എടുത്ത ബാബ ഇന്ദ്രജിത്ത് മാത്രമാണ് തമിഴ്നാടിനായി രണ്ടാം ഇന്നിങ്‌സില്‍ പൊരുതി നോക്കിയത്. മുംബൈക്കായി ഷംസ് മുലാനി നാല് വിക്കറ്റുകള്‍ വീഴ്‌ത്തി.

രണ്ട് വിക്കറ്റുകള്‍ വീതം നേടി ശാര്‍ദുല്‍ താക്കൂര്‍, തനുഷ് കൊടിയാൻ, മൊഹിത് അവാസ്‌തി എന്നിവരും ചേര്‍ന്ന് തമിഴ്‌നാടിന്‍റെ തകര്‍ച്ചയില്‍ നിര്‍ണായകമായി. 10 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും മൂന്ന് വിക്കറ്റുകള്‍ തമിഴ്‌നാടിന് നഷ്‌ടമായിരുന്നു. സായ്‌ സുദര്‍ശന്‍ (5), എന്‍ ജഗദീഷന്‍ (0), വാഷിങ്‌ടണ്‍ സുന്ദര്‍ (4) എന്നിവരാണ് വന്നപാടെ മടങ്ങിയത്.

തുടര്‍ന്ന് ഒന്നിച്ച ബാബ ഇന്ദ്രജിത്തും പ്രദോഷ് രഞ്ജൻ പോളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചു. എന്നാല്‍ 73 റണ്‍സ് ചേര്‍ത്ത സഖ്യം പ്രദോശിനെ (25) വീഴ്‌ത്തിയാണ് മുംബൈ പൊളിച്ചത്. പിന്നാലെ ബാബ ഇന്ദ്രജിത്തിനെയും മുംബൈ ബോളര്‍മാര്‍ പിടിച്ചുകെട്ടി. തുടര്‍ന്നെത്തിയവരില്‍ വിജയ്‌ ശങ്കര്‍ (24), ആര്‍ സായ്‌ കിഷോര്‍ (21) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം തൊടാന്‍ കഴിഞ്ഞത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത തമിഴ്‌നാട് 146 റണ്‍സായിരുന്നു നേടിയിരുന്നത്. വിജയ്‌ ശങ്കര്‍ (44), വാഷിങ്‌ടണ്‍ സുന്ദര്‍ (43) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. മുംബൈക്കായി തുഷാര്‍ ദേശ്‌പാണ്ഡെ മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ ശാര്‍ദുല്‍ താക്കൂര്‍, മുഷീര്‍ ഖാന്‍, തനുഷ് കൊടിയാൻ എന്നിവര്‍ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.

മറുപടിക്ക് ഇറങ്ങിയ മുംബൈ 378 റണ്‍സ് നേടി. ശാര്‍ദുല്‍ താക്കൂറിന്‍റെ (105 പന്തില്‍ 109) സെഞ്ചുറിയും തനുഷ് കൊടിയാൻ (126 പന്തില്‍ 89), മുഷീര്‍ ഖാന്‍ (131 പന്തില്‍ 55) എന്നിവരുടെ അര്‍ധ സെഞ്ചുറിയുമാണ് ടീമിന് മുതല്‍ക്കൂട്ടായത്. ഏഴിന് 106 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നിടത്ത് നിന്ന് വാലറ്റക്കാരുടെ മികവിലാണ് മുംബൈ മികച്ച സ്‌കോറിലേക്ക് എത്തിയത്.

ALSO READ: യാസീന് നല്‍കിയ ഉറപ്പ് പാലിച്ച് സഞ്‌ജു ; ഭിന്നശേഷിക്കാരനായ കുഞ്ഞ് ആരാധകനൊപ്പം ക്രിക്കറ്റ് കളിച്ച് ഇന്ത്യന്‍ താരം

ശാര്‍ദുലും ഹാര്‍ദിക് തമോറും (35) ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 105 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. തുടര്‍ന്ന് ഒന്നിച്ച ശാര്‍ദുല്‍ -തനുഷ് കൊടിയാൻ സഖ്യം 79 റണ്‍സ് ചേര്‍ന്നു. ശാര്‍ദുല്‍ മടങ്ങിയതിന് ശേഷം അവസാന വിക്കറ്റില്‍ തുഷാര്‍ ദേശ്‌പാണ്ഡെയ്‌ക്ക് (26) ഒപ്പം 88 റണ്‍സ് കണ്ടെത്താന്‍ തനുഷിന് കഴിഞ്ഞതോടെയാണ് മുംബൈ നല്ല സ്‌കോര്‍ ഉറപ്പിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.