ETV Bharat / sports

ആര്‍സിബിയുടെ 'റോയല്‍' തിരിച്ചുവരവിന് രാജസ്ഥാന്‍റെ 'മടക്ക ടിക്കറ്റ്'; സഞ്ജുവും സംഘവും ക്വാളിഫയറില്‍, വിരാട് കോലിക്ക് വീണ്ടും കണ്ണീര്‍മടക്കം - RR vs RCB Eliminator Result

author img

By ETV Bharat Kerala Team

Published : May 23, 2024, 6:55 AM IST

ഐപിഎല്‍ എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് തോല്‍വി. രാജസ്ഥാൻ റോയല്‍സിന്‍റെ ജയം നാല് വിക്കറ്റിന്. ജയത്തോടെ സഞ്ജുവും സംഘവും രണ്ടാം ക്വാളിഫയറിന് യോഗ്യത നേടി.

RAJASTHAN ROYALS  ROYAL CHALLENGERS BENGALURU  IPL 2024  രാജസ്ഥാൻ റോയല്‍സ്
RR VS RCB (IANS)

അഹമ്മദാബാദ് : റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ സ്വപ്‌നക്കുതിപ്പിന് ഐപിഎല്‍ പതിനേഴാം പതിപ്പിന്‍റെ എലിമിനേറ്ററില്‍ തടയിട്ട് രാജസ്ഥാൻ റോയല്‍സ്. തുടര്‍ച്ചയായ ആറ് ജയങ്ങളുടെ പകിട്ടുമായി ഐപിഎല്‍ പ്ലേഓഫില്‍ രാജസ്ഥാൻ റോയല്‍സിനെ നേരിടാൻ ഇറങ്ങിയ ബെംഗളൂരു എലിമിനേറ്ററില്‍ നാല് വിക്കറ്റിന്‍റെ തോല്‍വിയാണ് വഴങ്ങിയത്. ഇതോടെ, ഐപിഎല്‍ കിരീടം എന്ന വിരാട് കോലിയുടെയും സംഘത്തിന്‍റെയും മോഹങ്ങള്‍ ഒരിക്കല്‍ കൂടി പടിക്കല്‍ തകര്‍ന്ന് വീണു.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നിശ്ചിത ഓവറില്‍ നേടിയത് എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 172 റണ്‍സ്. 22 പന്തില്‍ 34 റണ്‍സ് നേടിയ രജത് പടിദാര്‍ ആയിരുന്നു മത്സരത്തില്‍ ആര്‍സിബിയുടെ ടോപ് സ്കോറര്‍. വിരാട് കോലി (24 പന്തില്‍ 33), മഹിപാല്‍ ലോംറോര്‍ (17 പന്തില്‍ 32) എന്നിവരും ബെംഗളൂരുവിനായി ഭേദപ്പെട്ട പ്രകടനം നടത്തി. രാജസ്ഥാനായി ആവേശ് ഖാൻ മൂന്നും രവിചന്ദ്രൻ അശ്വിൻ രണ്ടും വിക്കറ്റ് വീഴ്‌ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ റോയല്‍സ് 19 ഓവറിലാണ് വിജയലക്ഷ്യത്തിലേക്ക് എത്തിയത്. യശസ്വി ജയ്‌സ്വാള്‍ (45), റിയാൻ പരാഗ് (36), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരുടെ പ്രകടനങ്ങളാണ് രാജസ്ഥാന് ജയമൊരുക്കിയത്. ഫീല്‍ഡില്‍ നാല് ക്യാച്ചുകളുമായി കളം നിറഞ്ഞ റോവ്‌മാൻ പവല്‍ ലോക്കി ഫെര്‍ഗൂസനെ സിക്‌സര്‍ പറത്തിയായിരുന്നു രാജസ്ഥാന് രണ്ടാം ക്വാളിഫയറിലേക്കുള്ള ടിക്കറ്റ് സമ്മാനിച്ചത്.

റോയല്‍സിനെതിരെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനെത്തിയ ആര്‍സിബി കരുതലോടെയാണ് ബാറ്റിങ് ആരംഭിച്ചത്. രാജസ്ഥാന്‍റെ ട്രെന്‍റ് ബോള്‍ട്ടിനെതിരെ വിരാട് കോലിയും ആര്‍സിബി ക്യാപ്‌റ്റൻ ഫാഫ് ഡുപ്ലെസിസും ശ്രദ്ധയോടെ ബാറ്റ് വീശി. പവര്‍പ്ലേയില്‍ പന്ത് എറിയാൻ എത്തിയ സന്ദീപ് ശര്‍മ, ആവേശ് ഖാൻ എന്നിവരെ ബെംഗളൂരു ഓപ്പണര്‍മാര്‍ കടന്നാക്രമിച്ചു.

എന്നാല്‍, കൃത്യതയോടെ പവര്‍പ്ലേയില്‍ പന്തെറിഞ്ഞ ട്രെന്‍റ് ബോള്‍ട്ട് തന്‍റെ ആദ്യ സ്പെല്ലിലെ മൂന്നാം ഓവറില്‍ ആര്‍സിബി നായകൻ ഫാഫ് ഡുപ്ലെസിസിനെ (14 പന്തില്‍ 17) മടക്കി. ഡീപ് മിഡ് വിക്കറ്റില്‍ റോവ്‌മാൻ പവലിന്‍റെ തകര്‍പ്പൻ ക്യാച്ചിലൂടെയാണ് ഡുപ്ലെസിസ് മടങ്ങിയത്. മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ കാമറൂണ്‍ ഗ്രീനിനെ കൂട്ടുപിടിച്ച് വിരാട് കോലി ആര്‍സിബി സ്കോര്‍ പവര്‍പ്ലേയില്‍ 50 കടത്തി.

പവര്‍പ്ലേയ്‌ക്ക് ശേഷം പന്തെറിയാൻ എത്തിയ യുസ്‌വേന്ദ്ര ചഹാലിനെ കടന്നാക്രമിക്കാനുള്ള ശ്രമത്തിനിടെ വിരാട് കോലിയും പുറത്ത്. ഇതോടെ, 7.2 ഓവറില്‍ 56 എന്ന നിലയിലേക്ക് ആര്‍സിബി വീണു. പിന്നാലെ എത്തിയ രജത് പടിദാര്‍ ഗ്രീനിനെ കൂട്ടുപിടിച്ച് സ്കോര്‍ ഉയര്‍ത്തി.

13-ാം ഓവറില്‍ രവിചന്ദ്രൻ അശ്വിന്‍റെ ഇരട്ടപ്രഹരം. ആദ്യം കാമറൂണ്‍ ഗ്രീനും (27) പിന്നാലെ ഗ്ലെൻ മാക്‌സ്‌വെല്ലും (0) പുറത്ത്. നേരിട്ട ആദ്യ പന്തില്‍ വമ്പൻ ഷോട്ടിന് ശ്രമിച്ചായിരുന്നു മാക്‌സ്‌വെല്ലിന്‍റെ മടക്കം. അധികം വൈകാതെ രജത് പടിദാറും വീണു.

ആവേശ് ഖാൻ ആണ് രജതിനെ കൂടാരം കയറ്റിയത്. ദിനേശ് കാര്‍ത്തിക്കിന് (11) മികവിലേക്ക് ഉയരാൻ സാധിച്ചില്ല. മഹിപാല്‍ ലോംറോര്‍, സ്വപ്‌നില്‍ സിങ് (9), കരണ്‍ ശര്‍മ (5) എന്നിവരുടെ പ്രകടനങ്ങളാണ് ആര്‍സിബിയ്‌ക്ക് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്.

173 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്യാൻ എത്തിയ രാജസ്ഥാൻ റോയല്‍സിന് യശസ്വി ജയ്‌സ്വാളും ടോം കോലറും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കി. 5.3 ഓവറില്‍ 46 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ രാജസ്ഥാന്‍റെ സ്കോര്‍ ബോര്‍ഡിലേക്ക് എത്തിയത്. ടോമിനെ (20) പുറത്താക്കി ആര്‍സിബിയ്‌ക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത് ലോക്കി ഫെര്‍ഗൂസന്‍ ആയിരുന്നു.

പത്താം ഓവറില്‍ യശസ്വി ജയ്‌സ്വാളിനെയും രാജസ്ഥാന് നഷ്‌ടപ്പെട്ടു. പിന്നാലെ, നായകൻ സഞ്ജു സാംസണും (17) മടങ്ങി. ഇതോടെ, മത്സരത്തില്‍ പിടിമുറുക്കി. 14-ാം ഓവറില്‍ ധ്രുവ് ജുറെല്‍ (8) റണ്‍ഔട്ട് ആയതോടെ രാജസ്ഥാനും പ്രതിരോധത്തിലായി.

എന്നാല്‍, ഇംപാക്‌ട് പ്ലെയറായി ക്രീസിലെത്തിയ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ തകര്‍ത്തടിച്ചതോടെ രാജസ്ഥാൻ അതിവേഗം വിജയത്തിനരികിലേക്ക് കുതിച്ചു. 18-ാം ഓവര്‍ പന്തെറിയാൻ എത്തിയ മുഹമ്മദ് സിറാജ് ഹെറ്റ്‌മെയറെയും (14 പന്തില്‍ 26) പരാഗിനെയും മടക്കിയെങ്കിലും രാജസ്ഥാൻ അപ്പോഴേക്കും ഏറെക്കുറെ ജയം ഉറപ്പിച്ചിരുന്നു. ലോക്കി ഫെര്‍ഗൂസൻ എറിഞ്ഞ അടുത്ത ഓവറില്‍ രണ്ട് ഫോറും ഒരു സിക്‌സും അടിച്ച് റോവ്‌മാൻ പവല്‍ (16) രാജസ്ഥാനെ ജയത്തിലേക്ക് നയിക്കുകയായിരുന്നു.

Also Read : 17 വർഷത്തെ ചരിത്രത്തിൽ ആദ്യം...! ഐപിഎല്ലിൽ വമ്പൻ റെക്കോർഡ് സ്വന്തമാക്കി വിരാട് കോലി - Virat Kohli 8000 Runs In IPL

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.