ETV Bharat / sports

ശസ്‌ത്രക്രിയ വിജയം ; കഴിയും വേഗം തിരിച്ചെത്തുമെന്ന് മുഹമ്മദ് ഷമി

author img

By ETV Bharat Kerala Team

Published : Feb 27, 2024, 12:58 PM IST

Updated : Feb 27, 2024, 5:39 PM IST

ഏകദിന ലോകകപ്പിനിടെയേറ്റ പരിക്കിന് ലണ്ടനില്‍ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി.

Mohammed Shami  Cricket World Cup 2023  മുഹമ്മദ് ഷമി  ഏകദിന ലോകകപ്പ് 2023
Mohammed Shami undergoes successful surgery in UK

മുംബൈ: ഏകദിന ലോകകപ്പിനിടെ ഇടത് കണങ്കാലിനേറ്റ പരിക്കിന് ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായി ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി (Mohammed Shami). ശസ്‌ത്രക്രിയ വിജയമാണെന്ന് ഷമി തന്‍റെ എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചു. പരിക്ക് ഭേദമാവാന്‍ അല്‍പം സമയം വേണ്ടിവരുമെന്നും എന്നാല്‍ അധികം വൈകാതെ തന്നെ തിരിച്ചെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും 33-കാരനായ താരം തന്‍റെ എക്‌സ്‌ പോസ്റ്റില്‍ വ്യക്തമാക്കി.

ആശുപത്രിക്കിടക്കയില്‍ നിന്നെടുത്ത ചില ചിത്രങ്ങളും ഷമി പ്രസ്‌തുത കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ലണ്ടനില്‍ വച്ചാണ് ശസ്‌ത്രക്രിയ നടക്കുന്നതെന്ന് ഷമി നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയുടെ ഹീറോ ആയ താരമാണ് മുഹമ്മദ് ഷമി. ഹാര്‍ദിക്ക് പാണ്ഡ്യയ്‌ക്ക് പരിക്കേറ്റതായിരുന്നു ആദ്യ മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടി വന്ന മുഹമ്മദ് ഷമിക്ക് പ്ലെയിങ് ഇലവനിലേക്ക് വാതില്‍ തുറന്നത്.

പിന്നീട് അത്‌ഭുത പ്രകടനവുമായാണ് താരം കളം നിറഞ്ഞത്. കളിച്ച ഏഴ്‌ മത്സരങ്ങളില്‍ നിന്നും 24 വിക്കറ്റുകളായിരുന്നു താരം വീഴ്‌ത്തിയത്. എന്നാല്‍ കണങ്കാലിനേറ്റ പരിക്കുമായാണ് മുഹമ്മദ് ഷമി ടൂര്‍ണമെന്‍റ് കളിച്ചതെന്ന റിപ്പോര്‍ട്ട് പിന്നീട് പുറത്തുവന്നു. പരിക്ക് നേരിയതായിരുന്നു എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പരിക്ക് സാരമുള്ളതായിരുന്നുവെന്നും കടുത്ത വേദന സഹിച്ചുകൊണ്ടാണ് താരം ടൂര്‍ണമെന്‍റിലുടനീളം കളിച്ചതെന്നുമുള്ള വിവരം പിന്നീട് പുറത്തുവന്നു.

വേദന മാറാന്‍ ഷമിയ്‌ക്ക് നിരന്തരം കുത്തിവയ്‌പ്പുകള്‍ എടുക്കേണ്ടി വന്നിരുന്നുവെന്നും ബംഗാള്‍ ക്രിക്കറ്റ് ടീമില്‍ സഹതാരമായിരുന്നു ഒരാള്‍ വാര്‍ത്ത ഏജന്‍സിയോട് വെളിപ്പെടുത്തുകയായിരുന്നു. "ഷമിയ്‌ക്ക് പറ്റിയ പരിക്ക് സാരമായതായിരുന്നു. ഏകദിന ലോകകപ്പിനിടെ അദ്ദേഹം സ്ഥിരമായി കുത്തിവയ്പ്പ് എടുത്ത കാര്യവും വേദനയോടെ ടൂർണമെന്‍റില്‍ കളിച്ചതും പലർക്കും അറിയില്ല. പരിക്കില്‍ നിന്നും സുഖം പ്രാപിക്കുന്നതിന് പ്രായമാകുന്തോറും കൂടുതല്‍ സമയം ആവശ്യമാണ്"- എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍.

ഏകദിന ലോകകപ്പില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോല്‍വി വഴങ്ങിയ ഫൈനലിന് ശേഷം കളിക്കളത്തിലിറങ്ങാന്‍ ഷമിയ്‌ക്ക് കഴിഞ്ഞിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള സ്‌ക്വാഡില്‍ ആദ്യം താരത്തെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഫിറ്റ്‌നസ് തെളിയിക്കാന്‍ കഴിയാതെ വന്നതോടെ ഒഴിവാക്കുകയായിരുന്നു. നിലവില്‍ ഇംഗ്ലണ്ടിനെതിരെ പുരോഗമിക്കുന്ന ടെസ്റ്റ് പരമ്പരയും താരത്തിന് നഷ്‌ടമായി. അടുത്ത മാസം നടക്കാനിരിക്കുന്ന ഐപിഎല്ലിലും ഷമി ഉണ്ടാവില്ലെന്ന് ഉറപ്പായി. പിന്നീട് ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിലും താരം ഇന്ത്യയ്‌ക്കായി കളിക്കാന്‍ സാധ്യതയില്ല.

ALSO READ: ഒരു രാഷ്‌ട്രീയ നേതാവിന്‍റെ മകനെ ഞാന്‍ ചീത്ത വിളിച്ചു; ക്യാപ്റ്റന്‍സി തെറിച്ചതിന്‍റെ കാരണമിതെന്ന് ഹനുമ വിഹാരി

Last Updated : Feb 27, 2024, 5:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.