ETV Bharat / sports

മമതയ്‌ക്കെതിരെ ഷമിയെ ഇറക്കാന്‍ ബിജെപി; ബംഗാളില്‍ സ്ഥാനാര്‍ഥിയാക്കാന്‍ നീക്കം സജീവമെന്ന് റിപ്പോര്‍ട്ട്

author img

By ETV Bharat Kerala Team

Published : Mar 8, 2024, 4:02 PM IST

ലോക്‌ സഭ തെരഞ്ഞെടുപ്പില്‍ മുഹമ്മദ് ഷമിയെ മത്സരിപ്പിക്കാന്‍ ബിജെപി നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്.

Mohammed Shami  BJP  ബിജെപി  മുഹമ്മദ് ഷമി
Mohammed Shami Likely To Contest Lok Sabha Election 2024 On BJP Ticket

കൊല്‍ക്കത്ത: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ (Mohammed shami) നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ (Lok Sabha Election 2024) മത്സരിപ്പിക്കാന്‍ ബിജെപി (BJP) നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. സ്ഥാനാര്‍ഥി ആവണമെന്ന് ആവശ്യപ്പെട്ട് ബിജെപി മുഹമ്മദ് ഷമിയെ സമീപിച്ചുവെന്ന് ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. 33-കാരനെ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ (Trinamool Congress) ബംഗാളില്‍ മത്സരിപ്പിക്കാനാണ് ബിജെപി ശ്രമം നടത്തുന്നത്.

ഉത്തര്‍പ്രദേശ് സ്വദേശിയാണെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ഏറെക്കാലം ബംഗാളിനായി ഷമി കളിച്ചിരുന്നു. സംസ്ഥാനത്ത് താരത്തിന് വ്യക്തമായ സാന്നിധ്യമുള്ളതായാണ് ബിജെപി വിലയിരുത്തല്‍. ഷമിയെ ഇറക്കി ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍.

ബസിര്‍ഹത് മണ്ഡലത്തില്‍ ഷമിയെ മത്സരിപ്പിക്കുന്നതിനായുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ പ്രസ്‌തുത റിപ്പോര്‍ട്ടിനോട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ (ODI World Cup 2023) ഇന്ത്യയുടെ ഹീറോയാണ് മുഹമ്മദ് ഷമി.

ടൂര്‍ണമെന്‍റിനിടെയേറ്റ പരിക്കിന് ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായ താരം നിലവില്‍ വിശ്രമത്തിലാണ്. സജീവ ക്രിക്കറ്റിലേക്ക് ഷമി എപ്പോള്‍ മടങ്ങിയെത്തുമെന്നത് നിലവില്‍ വ്യക്തമല്ല. ഇതിനിടെയാണ് ഷമിയെ ബിജെപി രാഷ്‌ട്രീയത്തിറക്കാന്‍ ശ്രമം നടത്തുന്നത്.

ലണ്ടനിലായിരുന്നു ഷമിയ്‌ക്ക് ശസ്‌ത്രക്രിയ നടന്നത്. ശസ്‌ത്രക്രിയ വിജയമാണെന്നും എത്രയും പെട്ടെന്ന് തന്നെ തിരികെ എത്തുമെന്നും അറിയിച്ച് താരം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിപ്പിട്ടിരുന്നു. ആശുപത്രിക്കിടക്കിയില്‍ നിന്നുള്ള ഏതാനും ചിത്രങ്ങളും ഷമി ഇതോടൊപ്പം പങ്കുവക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ താരത്തിന് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra modi) രംഗത്ത് എത്തിയിരുന്നു.

എത്രയും വേഗത്തില്‍ സുഖം പ്രാപിക്കട്ടെ. ഉള്ളിലുള്ള ധൈര്യത്താല്‍ പരിക്കിനെ മറികടന്ന് എളുപ്പം തന്നെ തിരികെ എത്താന്‍ ഷമിയ്‌ക്ക് കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നായിരുന്നു അദ്ദേഹം എക്‌സില്‍ കുറിച്ചത്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ മണ്ണില്‍ അരങ്ങേറിയ ഏകദിന ലോകകപ്പിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഷമി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതുമുതല്‍ക്ക് തന്നെ താരത്തിന്‍റെ രാഷ്‌ട്രീയ പ്രവേശനം സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ ആരംഭിച്ചിരുന്നു.

ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലില്‍ എത്തിച്ചതില്‍ വലിയ പങ്കാണ് 33-കാരനുള്ളത്. ആദ്യ നാല് മത്സരങ്ങലില്‍ നീലപ്പടയ്‌ക്കായി കളിക്കാന്‍ ഷമിക്ക് അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പരിക്കേറ്റത് താരത്തിന് പ്ലേയിങ് ഇലവനിലേക്ക് വഴി തുറന്നു. പിന്നീട് മിന്നും പ്രകടനം നടത്തിയ താരം ഏഴ്‌ മത്സരങ്ങളില്‍ നിന്നും 24 വിക്കറ്റുകളാണ് എറിഞ്ഞിട്ടത്.

ALSO READ: 'ഫിറ്റ്‌നസാണ് മുഖ്യം': ധര്‍മ്മശാലയിലെ അഞ്ച് വിക്കറ്റ് പ്രകടനത്തെ കുറിച്ച് കുല്‍ദീപ് യാദവ്

കലാശപ്പോരില്‍ ഓസീസിനോട് തോറ്റതിന് ശേഷം ഇന്ത്യന്‍ താരങ്ങളെ ആശ്വസിപ്പിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഷമിയെ ആലിംഗനം ചെയ്‌തിരുന്നു. ഇതിന്‍റെ ചിത്രം തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ താരം പങ്കുവയ്‌ക്കുകയും ചെയ്‌തിരുന്നു. ലോകകപ്പില്‍ ഷമി തിളങ്ങിയതിന് പിന്നാലെ ഉത്തർപ്രദേശിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രഖ്യാപനം വലിയ ചര്‍ച്ചയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.