ETV Bharat / sports

'സൂക്ഷിച്ചോ,അവന്‍ തലവേദനയാവും' ; ഇന്ത്യന്‍ യുവതാരത്തെക്കുറിച്ച് ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി മുന്‍ നായകന്‍

author img

By ETV Bharat Kerala Team

Published : Feb 10, 2024, 7:57 PM IST

യശസ്വി ജയ്‌സ്വാള്‍ അവിശ്വസനീയമായ താരമാണെന്ന് ഇംഗ്ലണ്ടിന്‍റെ മുന്‍ നായകന്‍ മൈക്കല്‍ വോണ്‍

India vs England  Michael Vaughan  Yashasvi Jaiswal  ഇന്ത്യ vs ഇംഗ്ലണ്ട്  യശസ്വി ജയ്‌സ്വാള്‍
Michael Vaughan praises Yashasvi Jaiswal

മുംബൈ : ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ( India vs England) മൂന്ന് മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. കളിച്ച രണ്ട് മത്സരങ്ങളില്‍ ഓരോന്ന് വീതം വിജയിച്ച ഇരു ടീമുകളും നിലവില്‍ 1-1ന് ഒപ്പത്തിനൊപ്പമാണുള്ളത്. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 28 റണ്‍സിന് വിജയിച്ച ഇംഗ്ലണ്ടിന് വിശാഖപട്ടണത്ത് 106 റണ്‍സിന് കളിപിടിച്ചാണ് ഇന്ത്യ തിരിച്ചടി നല്‍കിയത്.

ഇപ്പോഴിതാ ബാക്കിയുള്ള മത്സരങ്ങളില്‍ ഇംഗ്ലണ്ടിന് ഏറ്റവും കൂടുതല്‍ പ്രശ്‌നം തീര്‍ക്കാന്‍ സാധ്യതയുള്ള ഇന്ത്യന്‍ ബാറ്ററെ പ്രവചിച്ചിരിക്കുകയാണ് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ (Michael Vaughan). ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്‌മാന്‍ ഗില്‍, കെഎല്‍ രാഹുല്‍ എന്നിവരുടെയൊന്നും പേരല്ല മൈക്കല്‍ വോണ്‍ പറഞ്ഞിരിക്കുന്നത്. യുവതാരം യശസ്വി ജയ്‌സ്വാളാണ് (Yashasvi Jaiswal) ഇന്ത്യന്‍ നിരയിലെ പ്രശ്‌നക്കാരന്‍ എന്നാണ് അദ്ദേഹം പറയുന്നത്.

"യശസ്വി ജയ്‌സ്വാള്‍ ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഒരു പ്രശ്‌നം തന്നെയാണെന്ന് ഞാന്‍ പറയും. ശരിക്കും അവനൊരു തലവേദനയാവും. അവിശ്വസനീയമായ താരമാണവന്‍.

കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ മുംബൈയില്‍ ഞാനവനെ കണ്ടിരുന്നു. തൊട്ടടുത്ത മത്സരത്തില്‍ അവന്‍ തകര്‍പ്പന്‍ സെഞ്ചുറിയടിച്ചു. ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച ടീമിനെതിരെ അവന്‍ ഇരട്ട സെഞ്ചുറിയും നേടിയിട്ടുണ്ട്" - മൈക്കല്‍ വോണ്‍ പറഞ്ഞു.

വിശാഖപട്ടണം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സിലായിരുന്നു യശസ്വിയുടെ ഇരട്ട സെഞ്ചുറി പ്രകടനം. ആക്രമണവും പ്രതിരോധവും ഫലപ്രദമായി ചാലിച്ച് 290 പന്തുകളില്‍ 209 റണ്‍സായിരുന്നു 22-കാരന്‍ അടിച്ച് കൂട്ടിയത്. യശസ്വിയുടെ ടെസ്റ്റ് കരിയറിലെ ആദ്യ ഡബിള്‍ സെഞ്ചുറിക്ക് 19 ബൗണ്ടറികളും ഏഴ്‌ സിക്‌സറുകളും അകമ്പടിയായി.

ALSO READ: ഫോമിലുള്ളപ്പോള്‍ അവസരം ലഭിച്ചില്ലെങ്കില്‍ ആത്മവിശ്വാസം ചോരും ; സര്‍ഫറാസിനെ കളിപ്പിക്കാത്തതില്‍ ദിലീപ് വെങ്‌സര്‍ക്കാര്‍

ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടിയ പ്രായം കുറഞ്ഞ മൂന്നാമത്തെ ഇന്ത്യന്‍ താരമാവാനും യശസ്വി ജയ്‌സ്വാളിന് കഴിഞ്ഞു. (Youngest to score 200 for India in Tests). 22 വയസും 37 ദിവസവുമായിരുന്നു ഇംഗ്ലണ്ടിനെതിരെ ഡബിള്‍ സെഞ്ചുറി പൂര്‍ത്തിയാക്കുമ്പോള്‍ യശസ്വിയുടെ പ്രായം. വിനോദ് കാംബ്ലി (21 വയസും 32 ദിവസവും), സുനില്‍ ഗവാസ്‌കര്‍ (21 വയസും 277 ദിവസവും) എന്നിവരാണ് മുന്നിലുള്ളത്.

ALSO READ: 'പരിശീലനത്തിന് ഫിറ്റാണ്, എന്നാല്‍ കളിക്കാന്‍ പറ്റില്ല, അതെങ്ങനെ ശരിയാവും' ; ഇഷാനെതിരെ ഇര്‍ഫാന്‍ പഠാന്‍

ഇന്ത്യയ്ക്കാ‌യി ടെസ്റ്റ് ക്രിക്കറ്റില്‍ ഡബിള്‍ നേടുന്ന നാലാമത്തെ മാത്രം ഇടങ്കയ്യന്‍ ബാറ്ററാണ് യശസ്വി. വിനോദ് കാംബ്ലി, സൗരവ് ഗാംഗുലി, ഗൗതം ഗംഭീര്‍ എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങള്‍. ഇതുവരെ കളിച്ച ആറ് ടെസ്റ്റുകളിലെ 11 ഇന്നിങ്‌സുകളിലായി 57.90 ശരാശരിയിലും 63.57 സ്‌ട്രൈക്ക് റേറ്റിലും 637 റൺസാണ് താരം നേടിയിട്ടുള്ളത്. ഒരു സെഞ്ചുറിയും ഒരു ഇരട്ട സെഞ്ചുറിയും രണ്ട് അർധസെഞ്ചുറികളും താരത്തിന്‍റെ പട്ടികയിലുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.