ETV Bharat / sports

'ബിസിസിഐയുടെ പ്രിയപ്പെട്ടവര്‍ എന്നും ടീമില്‍' ; ലോകകപ്പ് സ്ക്വാഡിലേക്ക് റിതുരാജ് ഗെയ്‌ക്‌വാദിനെ പരിഗണിക്കാത്തതില്‍ വിമര്‍ശനം - Kris Srikkanth Slams BCCI

author img

By ETV Bharat Kerala Team

Published : May 2, 2024, 3:10 PM IST

T20 WORLD CUP 2024  INDIA SQUAD FOR T20 WC 2024  KRIS SRIKKANTH ON RUTURAJ GAIKWAD  ടി20 ലോകകപ്പ് ഇന്ത്യൻ സ്ക്വാഡ്
KRIS SRIKKANTH SLAMS BCCI

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡില്‍ നിന്നും റിതുരാജ് ഗെയ്‌ക്‌വാദിനെ തഴഞ്ഞതില്‍ ബിസിസിഐയ്‌ക്കെതിരെ വിമര്‍ശനവുമായി മുൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്.

ചെന്നൈ : ഐപിഎല്‍ പതിനേഴാം പതിപ്പില്‍ തകര്‍പ്പൻ ഫോമിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകൻ റിതുരാജ് ഗെയ്‌ക്‌വാദ്. സീസണില്‍ ഇതുവരെ കളിച്ച പത്ത് മത്സരങ്ങളില്‍ നിന്നും 509 റണ്‍സ് അടിച്ചെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഐപിഎല്ലിലെ റണ്‍വേട്ടക്കാരുടെ പട്ടികയിലും നിലവില്‍ ഒന്നാമനാണ് ഗെയ്‌ക്‌വാദ്.

ഐപിഎല്ലില്‍ മികവ് കാട്ടുന്നുണ്ടെങ്കിലും താരത്തിന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള സ്ക്വാഡില്‍ ഇടം ലഭിച്ചിരുന്നില്ല. ലോകകപ്പിനുള്ള ടീം പ്രഖ്യാപനത്തില്‍ ഐപിഎല്ലിലെ പ്രകടനങ്ങളും പ്രധാന മാനദണ്ഡമായേക്കുമെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഐപിഎല്ലില്‍ ചെന്നൈയ്‌ക്കായി മികച്ച പ്രകടനം കാഴ്‌ചവച്ചിട്ടും റിതുരാജ് ഗെയ്‌ക്‌വാദിനെ ലോകകപ്പ് സ്ക്വാഡിലേക്ക് പരിഗണിക്കാതിരുന്ന തീരുമാനത്തില്‍ ബിസിസിഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്.

റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ ശുഭ്‌മാൻ ഗില്ലിനെ ഉള്‍പ്പെടുത്തിയതാണ് ശ്രീകാന്തിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഒരു ഫോര്‍മാറ്റിലും മികച്ച പ്രകടനം നടത്തിയില്ലെങ്കില്‍ പോലും ഗില്ലിന് അവസരങ്ങള്‍ ലഭിക്കുമെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. കൃഷ്ണമാചാരി ശ്രീകാന്ത് പറയുന്നതിങ്ങനെ...

'ശുഭ്‌മാൻ ഗില്‍ ഇപ്പോള്‍ ഫോം ഔട്ടാണ്. പിന്നെ എന്തുകൊണ്ടാണ് അവന് ടീമില്‍ അവസരം ലഭിച്ചത്. ലോകകപ്പ് സ്ക്വാഡില്‍ ഒരു സ്ഥാനം അര്‍ഹിക്കുന്നയാളാണ് റിതുരാജ് ഗെയ്‌ക്‌വാദ്. ഇന്ത്യയ്‌ക്ക് വേണ്ടി 17 രാജ്യാന്തര ടി20 ഇന്നിങ്‌സില്‍ 500 റണ്‍സ് അവൻ നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരെ ഒരു സെഞ്ച്വറിയും അവൻ അടിച്ചു.

സെലക്‌ടര്‍മാരുടെ പ്രിയപ്പെട്ട ആളാണ് ശുഭ്‌മാൻ ഗില്‍. പരാജയപ്പെട്ടാലും അവന് അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കും. ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും മോശം പ്രകടനം കാഴ്‌ചവച്ചാലും അവൻ ടീമില്‍ ഇടം കണ്ടെത്തുന്നു. ടീം സെലക്ഷനില്‍ പക്ഷപാതമുണ്ട്'- ശ്രീകാന്ത് പറഞ്ഞു.

ഇക്കഴിഞ്ഞ ഏപ്രില്‍ 30നായിരുന്നു ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്. ടീം പ്രഖ്യാപനത്തിന് പിന്നാലെ റിങ്കു സിങ്ങിനെ മെയിൻ സ്ക്വാഡില്‍ നിന്നും ഒഴിവാക്കിയതിലും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ റിതുരാജ് ഗെയ്‌ക്‌വാദിനെ അവഗണിച്ചതിലും ബിസിസിഐയ്‌ക്കെതിരെ വിമര്‍ശനങ്ങളുയരുന്നത്.

Also Read : 'പടക്കവും മധുരവും വാങ്ങി കാത്തിരിക്കുകയായിരുന്നു ഞങ്ങള്‍; ഹൃദയം തകര്‍ന്നായിരുന്നു അവന്‍ അമ്മയോട് സംസാരിച്ചത്' - Rinku Singh T20 WC 2024 Snub

ടി20 ലോകകപ്പ് ഇന്ത്യന്‍ സ്ക്വാഡ് : രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്‌ദീപ് സിങ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്. റിസര്‍വ് താരങ്ങള്‍: ശുഭ്‌മാന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.