ETV Bharat / sports

പോണ്ടിങ് പറഞ്ഞത് കള്ളം?; അവകാശവാദം തള്ളി ജയ്‌ ഷാ - Jay Shah on Ricky Ponting Claim

author img

By ETV Bharat Kerala Team

Published : May 24, 2024, 12:49 PM IST

ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഘടനയെക്കുറിച്ച് ആഴത്തില്‍ അറിയുന്ന ഒരു വ്യക്തിയെയാണ് ദേശീയ ടീമിന്‍റെ പരിശീലകനായി വേണ്ടതെന്ന് ജയ്‌ ഷാ.

Ricky Ponting  India Cricket team  BCCI  റിക്കി പോണ്ടിങ്
Ricky Ponting and Jay Shah (IANS)

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യപരിശീലകനാവാനുള്ള ശ്രമം നിരസിച്ചതായി ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിങ് നേരത്തെ അവകാശപ്പെട്ടിരുന്നു. സ്വന്തം രാജ്യത്ത് സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു. തന്‍റെ ജീവിതശൈലിക്ക് ചേരാത്തതിനാലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനാവാനുള്ള ഓഫര്‍ നിരസിച്ചതെന്നുമായിരുന്നു ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ പരിശീലകനായ പോണ്ടിങ് പറഞ്ഞത്. ഐസിസി റിവ്യൂവില്‍ സംസാരിക്കവെയായിരുന്നു പോണ്ടിങ്ങിന്‍റെ വാക്കുകള്‍.

എന്നാല്‍ ഇപ്പോഴിതാ ഓസീസ് മുന്‍ ക്യാപ്റ്റന്‍റെ അവകാശവാദം തള്ളി രംഗത്ത് വന്നിരിക്കുകയാണ് ബിസിസിഐ സെക്രട്ടറി ജയ്‌ ഷാ. ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനാവുന്നതിനായി ഒരു ഓസ്‌ട്രേലിയന്‍ ക്രിക്കറ്ററേയും സമീപിച്ചിട്ടില്ലെന്നാണ് ജയ്‌ ഷാ പറയുന്നത്. ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഘടനയെക്കുറിച്ച് ആഴത്തില്‍ അറിയുന്ന ഒരാളെയാവും ദേശീയ ടീമിന്‍റെ ചുമതല ഏല്‍പ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

"ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനാവുന്നതിനായി ഞാനോ ബിസിസിഐയോ ഒരു ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരത്തെയും സമീപിച്ചിട്ടില്ല. ചില മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന റിപ്പോർട്ടുകൾ പൂർണ്ണമായും തെറ്റാണ്. നമ്മുടെ ദേശീയ ടീമിന് അനുയോജ്യമായ ഒരു പരിശീലകനെ കണ്ടെത്തുക എന്നത് ഏറെ സൂക്ഷ്‌മവും സമഗ്രവുമായ പ്രക്രിയയാണ്.

ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഘടനയെക്കുറിച്ച് ആഴത്തിലുള്ള ധാരണയുള്ളവരെയാണ് ആ ചുമതല ഏല്‍പ്പിക്കുക. അതിനായി ഏറ്റവും അനുയോജ്യനായ ഒരാളെ കണ്ടെത്തുന്നതിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്"- ജയ്‌ ഷാ പ്രസ്‌താവനയില്‍ വ്യക്തമാക്കി.

അതേസമയം നിലവിലെ പരിശീലകനായ രാഹുല്‍ ദ്രാവിഡിന്‍റെ കാലാവധി ജൂണില്‍ അരങ്ങേറുന്ന ടി20 ലോകകപ്പോടെയാണ് അവസാനിക്കുന്നത്. ആദ്യ ടേമില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പ് വരെയായിരുന്നു ദ്രാവിഡിന് കരാര്‍ ഉണ്ടായിരുന്നത്. പിന്നീട് അതു ഈ വര്‍ഷം ജൂണ്‍ വരെ നീട്ടുകയായിരുന്നു. തുടരാന്‍ താല്‍പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയ സാഹചര്യത്തിലാണ് പുതിയ പരിശീലകനെ തേടുന്നതെന്നാണ് വിവരം.

ALSO READ: ഓപ്പണറായി ഐപിഎല്ലില്‍ പൊളിച്ചു, ലോകകപ്പില്‍ കോലിയെ ഇന്ത്യയ്‌ക്ക് വേണ്ടത് മറ്റൊരു റോളില്‍: എ ബി ഡിവില്ലിയേഴ്‌സ് - AB De Villiers On Virat Kohli

അതേസമയം ദ്രാവിഡിന്‍റെ പകരക്കാരനാവാന്‍ ഇല്ലെന്ന് നേരത്തെ ഓസീസിന്‍റെ മുന്‍ താരം ജസ്റ്റിൻ ലാംഗര്‍ പ്രതികരിച്ചിരുന്നു. നേരത്തെ, ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനാവുന്നത് അത്ഭുതകരമായ ജോലി ആയിരിക്കുമെന്ന് പ്രതികരിച്ചയാളാണ് ജസ്റ്റിൻ ലാംഗര്‍. എന്നാല്‍ കെഎല്‍ രാഹുലിനോട് സംസാരിച്ചതിന് ശേഷമാണ് തന്‍റെ തീരുമാനം മാറ്റിയതെന്നാണ് ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ മുഖ്യപരിശീലകൻ കൂടിയായ ജസ്റ്റിൻ ലാംഗര്‍ പറഞ്ഞത്.

ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുക എന്നത് ഏറെ സമ്മര്‍ദം നിറഞ്ഞ ജോലിയാണ്. ഐപിഎല്‍ ഫ്രാഞ്ചൈസിയെ കൈകാര്യം ചെയ്യുന്നതിനേക്കാള്‍ ആയിരം മടങ്ങ് പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് കെഎല്‍ രാഹുല്‍ തന്നോട് പറഞ്ഞതായാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഒരു വിദേശ മാധ്യമത്തോടായിരുന്നു ഓസീസ് മുന്‍ താരത്തിന്‍റെ പ്രതികരണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.