ETV Bharat / sports

എന്തുകൊണ്ട് ആര്‍സിബി തോല്‍ക്കുന്നു; കാരണം ഇതെന്ന് ഇര്‍ഫാന്‍ പഠാന്‍ - Irfan Pathan on RCB

author img

By ETV Bharat Kerala Team

Published : Apr 7, 2024, 2:22 PM IST

IRFAN PATHAN  IPL 2024  ROYAL CHALLENGERS BENGALURU  വിരാട് കോലി
Irfan Pathan Explains Reason behind RCB s losses in IPL 2024

ഐപിഎല്‍ 17-ാം സീസണില്‍ ആര്‍സിബിയുടെ മോശം പ്രകടനത്തിന്‍റെ കാരണങ്ങള്‍ വിലയിരുത്തി ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍.

ജയ്‌പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 17-ാം സീസണില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയാതെ വലയുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലെണ്ണത്തിലും ടീം തോല്‍വി വഴങ്ങി. ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനോട് അവരുടെ തട്ടകമായ ജയ്‌പൂരില്‍ വച്ച് ആറ് വിക്കറ്റുകള്‍ക്കായിരുന്നു ആര്‍സിബിയുടെ കീഴടങ്ങല്‍.

സീസണില്‍ ടീമിന്‍റെ തുടര്‍ച്ചയായ മൂന്നാമത്തെ തോല്‍വിയാണിത്. ഇപ്പോഴിതാ ആര്‍സിബി തോല്‍ക്കുന്നതിന്‍റെ പ്രധാന കാരണം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍. ബോളിങ് യൂണിറ്റിന്‍റെ മോശം പ്രകടനമാണ് ടീമിന് തിരിച്ചടിയാവുന്നതെന്നാണ് ഇര്‍ഫാന്‍ പറയുന്നത്.

170-ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുന്ന രണ്ട് ബാറ്റര്‍മാര്‍ ആര്‍സിബി നിരയിലുണ്ട്. എന്നാല്‍ ഒരു വിക്കറ്റ് ടേക്കര്‍ ബോളര്‍ പോലും ടീമിനില്ല. ഇങ്ങനെയാണെങ്കില്‍ അവര്‍ എങ്ങനെയാണ് മത്സരം വിജയിക്കുക എന്നുമാണ് ഇര്‍ഫാന്‍ പഠാന്‍ ചോദിക്കുന്നത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്- റോയല്‍ ചലഞ്ചേഴ്‌സ് മത്സരത്തിന് പിന്നാലെ തന്‍റെ എക്‌സ് അക്കൗണ്ടിലാണ് ഇര്‍ഫാന്‍ ഇതു സംബന്ധിച്ച് പോസ്റ്റിട്ടത്.

മത്സരത്തില്‍ ആറ് വിക്കറ്റുകള്‍ക്കായിരുന്നു രാജസ്ഥാന്‍ ജയിച്ച് കയറിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ആര്‍സിബി നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 183 റണ്‍സായിരുന്നു നേടിയിരുന്നത്. വിരാട് കോലിയുടെ സെഞ്ചുറി പ്രകടനമാണ് ടീമിനെ തുണച്ചത്. 72 പന്തില്‍ പുറത്താവാതെ 113 റണ്‍സായിരുന്നു കോലി നേടിയത്.

മറുപടിക്ക് ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് 19.1 ഓവറില്‍ 189 റണ്‍സടിച്ചാണ് വിജയം ഉറപ്പിച്ചത്. ജോസ് ബട്‌ലറും ക്യാപ്റ്റന്‍ സഞ്‌ജു സാംസണും ടീമിനായി മിന്നിത്തിളങ്ങി. ജോസ് ബട്‍ലർ 58 പന്തില്‍ 100 റണ്‍സ് നേടി പുറത്താവാതെ നിന്നപ്പോള്‍ 42 പന്തുകളില്‍ നിന്നും 69 റണ്‍സായിരുന്നു സഞ്‌ജു സാംസണിന്‍റെ സമ്പാദ്യം.

മത്സരത്തില്‍ ആര്‍സിബിയുടെ ടീം സെലക്ഷനേയും ഇര്‍ഫാന്‍ പഠാന്‍ ചോദ്യം ചെയ്‌തു. യുവതാരം മഹിപാല്‍ ലോംറോറിനെ ടീമിൽ ഉൾപ്പെടുത്തണമായിരുന്നുവെന്നാണ് ഇര്‍ഫാന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് 39-കാരന്‍റെ മറ്റൊരു എക്‌സ് പോസ്റ്റ് ഇങ്ങനെ..

ALSO READ: ഐപിഎല്ലിലെ വേഗം കുറഞ്ഞ സെഞ്ചുറി; മനീഷിനൊപ്പം കോലി തലപ്പത്ത് - Virat Kohli Hit Slowest IPL Century

"അഭ്യന്തര ക്രിക്കറ്റിൽ മഹിപാൽ ലോംറോർ ഈ പിച്ചിൽ ധാരാളം മത്സരങ്ങള്‍ കളിക്കുന്നുണ്ട്. എന്നാല്‍ രാജസ്ഥാനെതിരെ കളിക്കാനിറങ്ങിയപ്പോള്‍ ആര്‍സിബി പ്ലേയിങ് ഇലവനില്‍ അവന് ഇടം ലഭിച്ചില്ല. നേരത്തെ അവന്‍ തന്‍റെ ഫോം കാണിച്ചിട്ടുണ്ട്. ഈ അടിസ്ഥാന തെറ്റുകൾ സംഭവിക്കാതിരിക്കാൻ ഇന്ത്യൻ പരിശീലകർ ഐപിഎല്ലിൽ ഇടപെടേണ്ടതുണ്ട്. ഇത് ഒരു ഉദാഹരണം മാത്രമാണ്" - ഇര്‍ഫാന്‍ പഠാന്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.