ETV Bharat / sports

വിരാട് കോലി വിദേശത്ത് ? ; ടെസ്റ്റ് പരമ്പരയിലേക്കുള്ള തിരിച്ചുവരവ് വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട്

author img

By ETV Bharat Kerala Team

Published : Feb 2, 2024, 10:33 AM IST

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് വിരാട് കോലിയുടെ തിരിച്ചുവരവ് വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട്

Virat Kohli Return  India vs England Test 2024  Virat Kohli Comeback  വിരാട് കോലി
Virat Kohli

മുംബൈ : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലേക്ക് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെ (Virat Kohli) മടങ്ങി വരവ് വൈകിയേക്കുമെന്ന് സൂചന. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ആദ്യ രണ്ട് മത്സരങ്ങളില്‍ ടീം ഇന്ത്യയ്‌ക്കായി താരം കളിച്ചേക്കില്ലെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, മൂന്നാം മത്സരം താരം കളിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ല.

നിലവില്‍ വിരാട് കോലി വിദേശത്താണെന്നാണ് ക്രിക്‌ബസ് (Cricbuzz) റിപ്പോര്‍ട്ട്. ഫെബ്രുവരി 15നാണ് പരമ്പരയിലെ മൂന്നാം മത്സരം ആരംഭിക്കുന്നത്. ഇതിന് മുന്‍പ് താരം നാട്ടിലേക്ക് തിരികെയെത്തുമോ എന്ന കാര്യത്തിലും നിലവില്‍ വ്യക്തതയില്ലെന്നാണ് ക്രിക്‌ബസ് റിപ്പോര്‍ട്ട് (Cricbuzz Report On Virat Kohli Return).

ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും വിരാട് കോലി പിന്മാറിയതോടെ പകരക്കാരനായി രജത് പടിദാറിനെ (Rajat Patidar) ഇന്ത്യന്‍ സ്ക്വാഡിലേക്ക് ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഹൈദരാബാദില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പടിദാറിന് പ്ലെയിങ് ഇലവനിലേക്ക് അവസരം ലഭിച്ചിരുന്നില്ല. പരമ്പരയിലെ ആദ്യ മത്സരത്തില്‍ കെഎല്‍ രാഹുലായിരുന്നു (KL Rahul) വിരാട് കോലിയുടെ നാലാം നമ്പറില്‍ കളിക്കാനിറങ്ങിയത്.

ഹൈദരാബാദിലെ ആദ്യമത്സരത്തിന് പിന്നാലെ രാഹുലും പരിക്കേറ്റ് പുറത്തായിരുന്നു. ഇതോടെ, രണ്ടാം മത്സരത്തില്‍ രജത് പടിദാറിന് ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ അവസരം ഒരുങ്ങുകയും ചെയ്‌തു. നിലവില്‍ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 0-1ന് പിന്നിലാണ് ഇന്ത്യ. ഹൈദരാബാദില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 28 റണ്‍സിന്‍റെ തോല്‍വിയാണ് ടീം ഇന്ത്യ വഴങ്ങിയത്.

അതേസമയം, ഇന്ന് ആരംഭിക്കുന്ന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ വിശാഖപട്ടണത്ത് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളുമായിട്ടാണ് രണ്ടാം മത്സരം കളിക്കാന്‍ ടീം ഇന്ത്യ ഇറങ്ങിയിരിക്കുന്നത്.

Read More : രജത് പടിദാര്‍ പ്ലെയിങ് ഇലവനില്‍, കറക്കി വീഴ്‌ത്താന്‍ കുല്‍ദീപും ; വിശാഖപട്ടണത്ത് ഇന്ത്യക്ക് ബാറ്റിങ്

ഇന്ത്യ പ്ലെയിങ് ഇലവന്‍ (India Playing XI): രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാന്‍ ഗില്‍, രജത് പടിദാര്‍, ശ്രേയസ് അയ്യര്‍, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, ജസ്‌പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍ (England Playing XI): സാക്ക് ക്രാവ്‌ലി, ബെന്‍ ഡക്കറ്റ്, ഒലീ പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്‌സ് (ക്യാപ്‌റ്റന്‍), ബെന്‍ ഫോക്‌സ്, രേഹന്‍ അഹമ്മദ്, ടോം ഹാര്‍ട്‌ലി, ഷൊയ്‌ബ് ബഷീര്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.