ETV Bharat / sports

സന്നാഹത്തില്‍ ഇന്ത്യയ്‌ക്ക് എതിരാളി ബംഗ്ലാദേശ്; പാകിസ്ഥാനും ഇംഗ്ലണ്ടിനും ന്യൂസിലന്‍ഡിനും മത്സരങ്ങളില്ല - T20 WC Warm up Matches

author img

By ETV Bharat Kerala Team

Published : May 17, 2024, 7:43 AM IST

ടി20 ലോകകപ്പിന് മുന്‍പുള്ള സന്നാഹ മത്സരങ്ങളുടെ ഷെഡ്യൂള്‍ പുറത്തുവിട്ട് ഐസിസി. സന്നാഹ മത്സരങ്ങള്‍ ആരംഭിക്കുന്നത് മെയ് 27ന്.

T20 WORLD CUP 2024  INDIA VS BANGLADESH  ടി20 ലോകകപ്പ് 2024  ലോകകപ്പ് സന്നാഹ മത്സരം
IND vs BAN (IANS)

ദുബായ് : ഐസിസി ടി20 പുരുഷ ലോകകപ്പിന് മുന്‍പുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ജൂണ്‍ ഒന്നിനാണ് ഈ മത്സരം. ലോകകപ്പിന് മുന്നോടിയായി ഈ ഒരൊറ്റ സന്നാഹ മത്സരം മാത്രമാകും ടീം ഇന്ത്യ കളിക്കുക.

മത്സരത്തിന്‍റെ വേദി ഐസിസി പ്രഖ്യാപിച്ചിട്ടില്ല. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന യുഎസ്‌എയില്‍ ആകും മത്സരം നടക്കാൻ സാധ്യത. മെയ് 26ന് നടക്കുന്ന ഐപിഎല്‍ ഫൈനലിന് ശേഷമാകും ഇന്ത്യൻ താരങ്ങള്‍ ലോകകപ്പ് മത്സരങ്ങള്‍ക്കായി അമേരിക്കയിലേക്ക് തിരിക്കുക.

ടി20 ലോകകപ്പില്‍ ഗ്രൂപ്പ് എയിലാണ് ഇന്ത്യ മത്സരിക്കുന്നത്. പാകിസ്ഥാൻ, കാനഡ, അയര്‍ലന്‍ഡ്, യുഎസ്‌എ ടീമുകളാണ് ഗ്രൂപ്പില്‍ ഇന്ത്യയുടെ എതിരാളികള്‍. ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ ഗ്രൂപ്പ് മത്സരം.

രണ്ടാമത്തെ മത്സരത്തില്‍ രോഹിത് ശര്‍മയും സംഘവും പാകിസ്ഥാനെ നേരിടും. ജൂണ്‍ 9നാണ് ഈ മത്സരം. ജൂണ്‍ 12ന് യുഎസ്‌എ, 15ന് കാനഡ ടീമുകള്‍ക്കെതിരെയാണ് ഗ്രൂപ്പില്‍ ഇന്ത്യയുടെ അവസാന മത്സരങ്ങള്‍.

അതേസമയം, 16 സന്നാഹ മത്സരങ്ങളാണ് ലോകകപ്പിന് മുന്നോടിയായി ഇത്തവണ നടക്കുന്നത്. മെയ് 27ന് മത്സരങ്ങള്‍ ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ നമീബിയ, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്കെതിരായി രണ്ട് സന്നാഹ മത്സരങ്ങളാണ് കളിക്കുക.

വമ്പന്മാരായ പാകിസ്ഥാൻ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകള്‍ സന്നാഹ മത്സരങ്ങള്‍ കളിക്കാൻ ഇറങ്ങില്ല. ലോകകപ്പില്‍ പങ്കെടുക്കുന്ന 20 ടീമുകളില്‍ സന്നാഹ മത്സരങ്ങള്‍ കളിക്കാത്തത് ഈ മൂന്ന് ടീമുകള്‍ മാത്രമാണ്. മെയ് 25-30 വരെ ടി20 പരമ്പര നടക്കുന്നതിനാലാണ് പാകിസ്ഥാൻ-ഇംഗ്ലണ്ട് ടീമുകള്‍ സന്നാഹ മത്സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ന്യൂസിലന്‍ഡ് ടീം നേരത്തെ, അഞ്ച് ടി20 മത്സരങ്ങള്‍ പാകിസ്ഥാനെതിരെ കളിച്ചിരുന്നു.

മുന്‍പ് ഐസിസിയുടെ ടൂര്‍ണമെന്‍റുകള്‍ക്ക് മുന്‍പ് ഓരോ ടീമും രണ്ട് സന്നാഹ മത്സരങ്ങള്‍ ആയിരുന്നു കളിച്ചിരുന്നത്. എന്നാല്‍, ടീമുകളുടെ വരവും തീയതിയും കണക്കിലെടുത്ത് രണ്ടില്‍ എത്ര മത്സരം കളിക്കാമെന്ന് ടീമുകള്‍ക്ക് തീരുമാനിക്കാൻ ഇളവ് നല്‍കുകയാണ് ഇക്കുറി ഉണ്ടായത്.

Also Read : 'ഈ കാണുന്നതല്ല, ഈ കണിക്കുന്നതുമല്ല അവൻ...': ടി20 ലോകകപ്പില്‍ രോഹിത് ക്ലിക്കാകുമെന്ന് സൗരവ് ഗാംഗുലി - Sourav Ganguly On Rohit Sharma

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം : രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍) സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്‌ദീപ് സിങ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

റിസര്‍വ് താരങ്ങള്‍ : ശുഭ്‌മാന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.