ETV Bharat / sports

ചെന്നൈയ്‌ക്ക് ചെക്ക് വച്ച് ഗില്ലും കൂട്ടരും; പ്ലേഓഫിലെത്താൻ സൂപ്പര്‍ കിങ്‌സ് കാത്തിരിക്കണം, ജീവൻ നിലനിര്‍ത്തി ഗുജറാത്തും - GT vs CSK Match Result

author img

By ETV Bharat Kerala Team

Published : May 11, 2024, 7:09 AM IST

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ 35 റണ്‍സിന്‍റെ ജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്.

IPL 2024  GUJARAT TITANS  CHENNAI SUPER KINGS  IPL TABLE
GT VS CSK (IANS)

അഹമ്മദാബാദ്: ഐപിഎല്‍ പതിനേഴാം പതിപ്പില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാൻ ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് മുട്ടൻ പണി കൊടുത്ത് ഗുജറാത്ത് ടൈറ്റൻസ്. പ്ലേഓഫിന് അരികിലേക്ക് എത്താൻ ചെന്നൈയ്‌ക്ക് ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ 35 റണ്‍സിനാണ് അവരെ ടൈറ്റൻസ് പരാജയപ്പെടുത്തിയത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് 232 റണ്‍സ് നേടിയപ്പോള്‍ ഇത് പിന്തുടര്‍ന്ന സൂപ്പര്‍ കിങ്‌സിന്‍റെ പോരാട്ടം 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 196 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു.

അതേസമയം, ജയത്തോടെ പ്ലേഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താൻ ഗുജറാത്ത് ടൈറ്റൻസിനുമായി. അവസാന സ്ഥാനത്തായിരുന്ന ഗുജറാത്ത് നിലവില്‍ പോയിന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. ചെന്നൈയോട് തോല്‍വി വഴങ്ങിയിരുന്നെങ്കില്‍ മുംബൈ പഞ്ചാബ് ടീമുകള്‍ക്ക് ശേഷം ഐപിഎല്ലില്‍ നിന്നും പുറത്താകുന്ന മൂന്നാമത്തെ കൂട്ടരായി ശുഭ്‌മാൻ ഗില്ലും സഘവും മാറുമായിരുന്നു.

ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഗുജറാത്ത് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തിലാണ് 231 റണ്‍സ് നേടിയത്. ക്യാപ്റ്റൻ ശുഭ്‌മാൻ ഗില്‍, ഓപ്പണര്‍ സായ് സുദര്‍ശൻ എന്നിവരുടെ സെഞ്ച്വറികളായിരുന്നു അതിനിര്‍ണായക മത്സരത്തില്‍ ഗുജറാത്തിന് കരുത്തായത്. സായ് സുദര്‍ശൻ 51 പന്തില്‍ 103 റണ്‍സും ഗില്‍ 55 പന്തില്‍ 104 റണ്‍സും അടിച്ചാണ് പുറത്തായത്.

ഗുജറാത്ത് ഇന്നിങ്‌സിലെ ആദ്യ വിക്കറ്റില്‍ 210 റണ്‍സായിരുന്നു ഇരുവരും നേടിയത്. 18-ാം ഓവര്‍ പന്തെറിഞ്ഞ തുഷാര്‍ ദേശ്‌പാണ്ഡെയായിരുന്നു ഇരുവരുടെയും വിക്കറ്റ് സ്വന്തമാക്കിയത്. ഡേവിഡ് മില്ലര്‍ 11 പന്തില്‍ 16 റണ്‍സടിച്ചു. 3 പന്തില്‍ 2 റണ്‍സ് നേടിയ ഷാരൂഖ് ഖാൻ ഇന്നിങ്‌സിലെ അവസാന പന്തില്‍ റണ്‍ഔട്ടാകുകയായിരുന്നു.

മറുപടി ബാറ്റിങ്ങില്‍ ചെന്നൈ തുടക്കത്തില്‍ തന്നെ തകര്‍ന്നു. 10 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ആദ്യത്തെ മൂന്ന് വിക്കറ്റുകള്‍ ചെന്നൈയ്‌ക്ക് നഷ്‌ടമായി. രചിൻ രവീന്ദ്ര (1), അജിങ്ക്യ രഹാനെ (1), ക്യാപ്‌റ്റൻ റിതുരാജ് ഗെയ്‌ക്‌വാദ് (0) എന്നിവരാണ് വന്നപാടെ പോയത്.

നാലാം വിക്കറ്റില്‍ ഒന്നിച്ച ഡാരില്‍ മിച്ചല്‍, മൊയീൻ അലി സഖ്യം സൂപ്പര്‍ കിങ്‌സിനെ തിരികെ മത്സരത്തിലേക്ക് കൊണ്ട് വന്നു. ഇരുവരും ചേര്‍ന്ന് 109 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 13-ാം ഓവറില്‍ മിച്ചലിനെ (34 പന്തില്‍ 63) മടക്കി മോഹിത് ശര്‍മ ഈ കൂട്ടുകെട്ട് പൊളിച്ചു. തന്‍റെ അടുത്ത ഓവറില്‍ മോഹിത് തന്നെ അലിയേയും (36 പന്തില്‍ 56) പറഞ്ഞയച്ചു.

മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും ശിവം ദുബെയ്‌ക്കും വലിയൊരു ഇന്നിങ്‌സ് കാഴ്‌ചവെയ്‌ക്കാനായില്ല. 13 പന്തില്‍ 21 റണ്‍സ് നേടിയ ദുബെയും മോഹിതിന് മുന്നിലാണ് വീണത്. രവീന്ദ്ര ജഡേജ (18), മിച്ചല്‍ സാന്‍റ്‌നര്‍ (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. അവസാന ഓവറുകളിലെ ധോണിയുടെ ബാറ്റിങ്ങ് (11 പന്തില്‍ 26) ചെന്നൈയുടെ തോല്‍വി ഭാരം കുറയ്‌ക്കുന്നത് മാത്രമായി. ശര്‍ദുല്‍ താക്കൂര്‍ (3) ധോണിയ്‌ക്കൊപ്പം പുറത്താകാതെ നിന്നു.

Also Read : 'ഇഷാനെയും ശ്രേയസിനേയും വെട്ടിയതിന് പിന്നില്‍ അയാള്‍ മാത്രം'; വെളിപ്പെടുത്തലുമായി ജയ്‌ ഷാ - Jay Shah On Ishan Shreyas Exit

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.