ETV Bharat / sports

ഐപിഎല്ലില്‍ വരവറിയിച്ച് മക്‌ഗുര്‍ക്, ഹോം ഗ്രൗണ്ടില്‍ ഡല്‍ഹിയോട് തോറ്റ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് - LSG VS DC Highlights

author img

By ETV Bharat Kerala Team

Published : Apr 13, 2024, 6:42 AM IST

IPL 2024  DELHI CAPITALS  JAKE FRASER MCGURK  ലഖ്‌നൗ VS ഡല്‍ഹി സ്കോര്‍
LSG VS DC MATCH RESULT

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി ഡല്‍ഹി കാപിറ്റല്‍സ്. മത്സരത്തില്‍ ലഖ്‌നൗ ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി മറികടന്നത് 19-ാം ഓവറിലെ ആദ്യ പന്തില്‍. കാപിറ്റല്‍സിന്‍റെ വിജയശില്‍പിയായി ജേക്ക് ഫ്രേസര്‍ മക്‌ഗുര്‍ക്.

ലഖ്‌നൗ: ഹോം ഗ്രൗണ്ടില്‍ തുടര്‍ജയം ലക്ഷ്യമിട്ടിറങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ തകര്‍ത്തെറിഞ്ഞ് ഡല്‍ഹി കാപിറ്റല്‍സ്. ഏകന സ്പോര്‍ട്‌സ് സിറ്റി സ്റ്റേഡിയം വേദിയായ മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു കാപിറ്റല്‍സിന്‍റെ ജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി 18.1 ഓവറില്‍ മറികടന്നു.

അര്‍ധസെഞ്ച്വറി നേടിയ ജേക്ക് ഫ്രേസര്‍ മക്‌ഗുര്‍കിന്‍റെയും ക്യാപ്‌റ്റൻ റിഷഭ് പന്ത്, പൃഥ്വി ഷാ എന്നിവരുടെയും ബാറ്റിങ്ങ് മികവിലാണ് ഡല്‍ഹി ജയം സ്വന്തമാക്കിയത്. സീസണില്‍ രണ്ടാം ജയം സ്വന്തമാക്കിയതോടെ കാപിറ്റല്‍സ് പോയിന്‍റ പട്ടികയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ പിന്നിലാക്കി ഒൻപതാം സ്ഥാനത്തേക്ക് എത്തി. തോല്‍വി വഴങ്ങിയെങ്കിലും പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ലഖ്‌നൗ ബാറ്റര്‍മാരെ പിടിച്ചുകെട്ടുന്ന പ്രകടനമായിരുന്നു ഏകന സ്റ്റേഡിയത്തില്‍ ഡല്‍ഹിയുടെ ബൗളര്‍മാര്‍ നടത്തിയത്. കുല്‍ദീപ് യാദവ് ആയിരുന്നു കൂട്ടത്തില്‍ അപകടകാരി. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ മത്സരം കളിക്കാൻ സാധിക്കാതിരുന്നതിന്‍റെ ക്ഷീണം കുല്‍ദീപ് സൂപ്പര്‍ ജയന്‍റ്‌ സിനെതിരെ മാറ്റി.

നാല് ഓവര്‍ ക്വോട്ട പൂര്‍ത്തിയാക്കിയ താരം 20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റായിരുന്നു നേടിയത്. ഖലീല്‍ അഹമ്മദ് രണ്ടും ഇഷാന്ത് ശര്‍മ, മുകേഷ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തിയതോടെ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തില്‍ 167 റണ്‍സില്‍ ലഖ്‌നൗ ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു.

പുറത്താകാതെ 35 പന്ത് നേരിട്ട് 55 റണ്‍സ് നേടിയ ആയുഷ് ബഡോണിയുടെ ഇന്നിങ്‌സായിരുന്നു ലഖ്‌നൗവിന് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്. 16 പന്തില്‍ 20 റണ്‍സുമായി അര്‍ഷാദ് ഖാൻ പുറത്താകാതെ നിന്നു. കെഎല്‍ രാഹുല്‍ (39), ക്വിന്‍റൺ ഡി കോക്ക് (19), ദേവ്ദത്ത് പടിക്കല്‍ (3), മാര്‍ക്കസ് സ്റ്റോയിനിസ് (8), നിക്കോളസ് പുരാൻ (0), ദീപക് ഹൂഡ (10), കൃണാല്‍ പാണ്ഡ്യ (3) എന്നിവരാണ് പുറത്തായ ലഖ്‌നൗ താരങ്ങള്‍.

കഴിഞ്ഞ 13 തവണയും ഏകന സ്റ്റേഡിയത്തില്‍ 160ന് മുകളിലുള്ള വിജയലക്ഷ്യം പ്രതിരോധിച്ചിട്ടുള്ള ലഖ്‌നൗവിനെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ നഷ്‌ടമായി. ഒൻപത് പന്തില്‍ എട്ട് റണ്‍സ് നേടിയ വാര്‍ണറെ യാഷ് താക്കൂറാണ് മടക്കിയത്. പിന്നാലെ, മൂന്നാം നമ്പറില്‍ ക്രീസില്‍ എത്തിയ ജേക്ക് ഫ്രേസര്‍ മക്‌ഗുര്‍ക് പൃഥ്വി ഷായെ കൂട്ടുപിടിച്ച് ടീം സ്കോര്‍ ഉയര്‍ത്തി.

ഏഴാം ഓവറില്‍ പൃഥ്വി ഷായെ (32) രവി ബിഷ്‌ണോയ് പുറത്താക്കി. നാലാം നമ്പറില്‍ ക്രീസിലെത്തിയ നായകൻ റിഷഭ് പന്തും അതിവേഗം റണ്‍സ് കണ്ടെത്തിയതോടെ ഡല്‍ഹി ജയത്തിന് അരികിലേക്ക് കുതിച്ചു. അടുത്തടുത്ത ഓവറുകളില്‍ ജേക്ക് ഫ്രേസറെയും (35 പന്തില്‍ 55), റിഷഭ് പന്തിനെയും (24 പന്തില്‍ 41) നഷ്‌ടമായെങ്കിലും ട്രിസ്റ്റണ്‍ സ്റ്റബ്‌സും (15) ഷായ് ഹോപ്പും ചേര്‍ന്ന് ഡല്‍ഹിയെ ജയത്തിലേക്ക് എത്തിക്കുകയായിരുന്നു.

Also Read : 'പഴയ ഇഷാനല്ല ഇപ്പോഴുള്ളത്, പല കാര്യങ്ങളും....'; വിവാദങ്ങളില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് താരം - Ishan Kishan On BCCI Contracts Snub

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.