ETV Bharat / sports

അത്‌ലറ്റിക്കോയ്ക്ക് അത്‌ലറ്റിക് ക്ലബിന്‍റെ 'ഷോക്ക്'; കോപ്പ ഡെല്‍ റേ സെമി ആദ്യ പാദം തോറ്റ് സിമിയോണിയും സംഘവും

author img

By ETV Bharat Kerala Team

Published : Feb 8, 2024, 9:49 AM IST

Athletic Club  Atletico Madrid vs Athletic Club  Copa Del Rey Semi Final  അത്‌ലറ്റിക് ക്ലബ്  കോപ്പ ഡെല്‍ റേ
Atletico Madrid vs Athletic Club

കോപ്പ ഡെല്‍ റേ: ഒന്നാം പാദ സെമി ഫൈനല്‍ പോരാട്ടത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് തോല്‍വി.

മാഡ്രിഡ്: കോപ്പ ഡെല്‍ റേ (Copa Del Rey) ഒന്നാം പാദ സെമിയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് (Atletico Madrid) തോല്‍വി. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ അത്‌ലറ്റിക് ക്ലബിനോടാണ് (Athletic Club) അത്‌ലറ്റിക്കോ മാഡ്രിഡ് തോല്‍വി വഴങ്ങിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അത്‌ലറ്റിക് ക്ലബിന്‍റെ ജയം (Copa Del Rey Semi Final Result).

ഹോം ഗ്രൗണ്ടില്‍ തോല്‍വി അറിയാതെ 28 മത്സരം പൂര്‍ത്തിയാക്കി എന്ന ആത്മവിശ്വാസത്തിലാണ് അത്‌ലറ്റിക് ക്ലബിനെ നേരിടാനായി അത്‌ലറ്റിക്കോ മാഡ്രിഡ് തങ്ങളുടെ തട്ടകത്തില്‍ ഇറങ്ങിയത്. മത്സരത്തില്‍ ഉടനീളം ആധിപത്യം സ്ഥാപിക്കാനും അവര്‍ക്കായി. എന്നാല്‍, ഗോള്‍ മാത്രം അവരില്‍ നിന്നും അകന്ന് നിന്നു.

വേഗത്തിലാണ് മത്സരത്തില്‍ ആതിഥേയര്‍ ആക്രമണങ്ങള്‍ തുടങ്ങിയത്. ആദ്യ മിനിറ്റില്‍ തന്നെ സന്ദര്‍ശകരുടെ ബോക്‌സിനുള്ളിലേക്ക് കടന്നുകയറാന്‍ അത്‌ലറ്റിക്കോ മാഡ്രിഡിനായി. തുടര്‍ന്നും നിരവധി ഗോള്‍ അവസരങ്ങള്‍ അവര്‍ സൃഷ്ടിച്ചെടുത്തെങ്കിലും ഒന്നും ഗോളാക്കി മാറ്റാന്‍ അവര്‍ക്കായില്ല.

25-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് അത്‌ലറ്റിക് ക്ലബ് ഗോള്‍ നേടിയത്. അലസാൻഡ്രോ റെമിറോ (Alejandro Berenguer Remiro) ആണ് സന്ദര്‍ശകര്‍ക്കായി ഗോള്‍ നേടിയത്. മധ്യനിര താരം പ്രഡോസിനെ അത്‌ലറ്റിക്കോയുടെ റെനില്‍ഡോ ഫൗള്‍ ചെയ്‌തതിനാണ് അത്‌ലറ്റിക് ക്ലബിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്.

കിക്ക് എടുത്ത റെമിറോ കൃത്യമായി തന്നെ ലക്ഷ്യം കാണുകയായിരുന്നു. തുടര്‍ന്ന്, സമനില ഗോളിനായി നിരവധി അവസരങ്ങൾ ആതിഥേയര്‍ സൃഷ്ടിച്ചു. എന്നാല്‍, അത്‌ലറ്റിക് ക്ലബ് പ്രതിരോധ നിരയുടെയും ഗോള്‍ കീപ്പറുടെയും മികവിനൊപ്പം ഫിനിഷിങ്ങിലെ പാളിച്ചകളുമാണ് അത്‌ലറ്റിക്കോയ്‌ക്ക് തിരിച്ചടിയായത്.

രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് അനുകൂലമായി ആദ്യം പെനാല്‍റ്റി അനുവദിച്ചിരുന്നു. ബോക്‌സിനുള്ളില്‍ മൊറാട്ട ഫൗള്‍ ചെയ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു പെനാല്‍റ്റി. എന്നാല്‍, തുടര്‍ന്ന് നടത്തിയ വാര്‍ പരിശോധനയില്‍ അത്‌ലറ്റിക്കോ മുന്നേറ്റ നിര താരം ഓഫ്‌സൈഡ് പൊസിഷനിലായിരുന്നുവെന്ന് കണ്ടെത്തിയതോടെ റഫറി തീരുമാനം പിൻവലിക്കുകയായിരുന്നു. അത്‌ലറ്റിക് ക്ലബിന്‍റെസ ഹോം ഗ്രൗണ്ടില്‍ മാര്‍ച്ച് ഒന്നിനാണ് രണ്ടാം പാദ മത്സരം (Athletic Club vs Atletico Madrid Copa Del Rey 2nd Leg Semi Final).

അതേസമയം, മല്ലോര്‍ക്ക റയല്‍ സോസിഡാഡ് ഒന്നാം പാദ സെമി ഫൈനല്‍ സമനിലയിലാണ് പിരിഞ്ഞത്. മത്സരത്തില്‍ ഇരു ടീമിനും ഗോളുകളൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. ഫെബ്രുവരി 28ന് റയല്‍ സോസിഡാഡിന്‍റെ ഹോം ഗ്രൗണ്ടിലാണ് രണ്ടാം പാദ മത്സരം.

Also Read : വില്ല പാര്‍ക്കില്‍ 'നീല വസന്തം', എഫ്‌എ കപ്പില്‍ ആസ്റ്റണ്‍ വില്ലയെ തകര്‍ത്ത് ചെല്‍സി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.