ETV Bharat / sports

ശ്രേയസിനും ഇഷാനും കരാര്‍ തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്ര മാത്രം

author img

By ETV Bharat Kerala Team

Published : Mar 1, 2024, 9:13 PM IST

BCCI Central Contracts  Ishan Kishan  Shreyas Iyer  ഇഷാന്‍ കിഷന്‍  ശ്രേയസ് അയ്യര്‍
Ishan Kishan, Shreyas Iyer Can Regain Their Central Contracts

ബിസിസിഐയുടെ 2022-23 വര്‍ഷത്തെ കേന്ദ്ര കരാറില്‍ ശ്രേയസ് അയ്യർ ബി വിഭാഗത്തിലും ഇഷാൻ കിഷൻ സി വിഭാഗത്തിലുമാണ് ഉള്‍പ്പെട്ടിരുന്നത്.

മുംബൈ : ബിസിസിഐ വാർഷിക കരാർ (BCCI Central Contracts) പട്ടിക പുറത്തുവന്നത് മുതല്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന പേരുകളാണ് യുവതാരങ്ങളായ ഇഷാന്‍ കിഷന്‍ (Ishan Kishan), ശ്രേയസ് അയ്യര്‍ (Shreyas Iyer) എന്നിവരുടേത്. സമീപകാലത്ത് ഇന്ത്യന്‍ സ്‌ക്വാഡില്‍ സ്ഥിരക്കാരായിരുന്നുവെങ്കിലും പുതിയ കരാറില്‍ നിന്നും ബിസിസിഐ ഇരുവരുയും വെട്ടുകയായിരുന്നു. ഇതിന്‍റെ കാരണം ബിസിസിഐ വ്യക്തമാക്കിയിരുന്നില്ല.

എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാനുള്ള കര്‍ശന നിര്‍ദേശം ലംഘിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് 25-കാരനായ ഇഷാന്‍റേയും 29-കാരനായ ശ്രേയസിന്‍റെയും പുറത്താവല്‍ എന്നത് ശ്രദ്ധേയമാണ്. ഇരു താരങ്ങള്‍ക്കും ഇനി ബിസിസിഐ കരാര്‍ ലഭിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ ഇഷാനും ശ്രേയസിനും ബിസിസിഐ കരാര്‍ തിരികെ ലഭിക്കാന്‍ അവസരമുണ്ടെന്ന് പ്രതികരിച്ചിരിക്കുകയാണ് ഒരു ബിസിസിഐ ഉദ്യോഗസ്ഥന്‍.

ഒരു പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കരാര്‍ തിരികെ ലഭിക്കാന്‍ ഇരുവരും നിര്‍ദേശങ്ങള്‍ പാലിക്കുകയും ഇന്ത്യന്‍ ടീമിനായി നിശ്ചിത എണ്ണം മത്സരങ്ങള്‍ കളിക്കേണ്ടതുണ്ടെന്നുമാണ് ബിസിസിഐ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ...

"സെലക്‌ടര്‍മാര്‍ ശ്രേയസിന്‍റേയും ഇഷാന്‍ കിഷന്‍റേയും കഴിവിനെ സംശയിക്കുന്നില്ല. എന്നാൽ ഫിറ്റാണ് എന്‍സിഎ പറയുന്നവര്‍ ടെസ്റ്റ് മത്സരങ്ങള്‍ക്ക് ഇറങ്ങാതിരിക്കുകയാണെങ്കില്‍ അവര്‍ക്ക് എങ്ങനെയാണ് കരാര്‍ നല്‍കാന്‍ കഴിയുക. ഐപിഎല്ലിന് ശേഷം, അവർ ഇന്ത്യന്‍ ടീമിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും പ്രോ-റാറ്റ കരാറിന് ആവശ്യമായ മത്സരങ്ങളുടെ എണ്ണത്തിന്‍റെ മാനദണ്ഡം പാലിക്കുകയും ചെയ്‌താൽ, അവർക്ക് കരാർ തിരികെ ലഭിക്കുന്നതിന് മറ്റുതടസങ്ങളില്ല" - ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

2023 ഒക്‌ടോബർ 1 മുതൽ 2024 സെപ്റ്റംബർ 30 വരെയുള്ള കാലയളവിലുള്ള കരാറാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ഇതിന്‍റെ ഭാഗമാവാനുള്ള വ്യവസ്ഥയും കരാര്‍ പ്രഖ്യാപന വേളയില്‍ ബിസിസിഐ അറിയിച്ചിരുന്നു. പ്രസ്‌തുത കാലയളവില്‍ കുറഞ്ഞത് 3 ടെസ്റ്റുകളോ 8 ഏകദിനങ്ങളോ അല്ലെങ്കിൽ 10 ടി20കളോ കളിക്കുന്ന താരങ്ങള്‍ക്ക് സി വിഭാഗം കരാറില്‍ ഉള്‍പ്പെടാമെന്നാണ് ബിസിസിഐ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം എ പ്ലസ്, എ, ബി, സി എന്നിങ്ങനെ നാല് ഗ്രേഡുകളായി ആകെ 30 താരങ്ങളാണ് ബിസിസിഐ കഴിഞ്ഞ ദിവസം പുറത്തുവിട്ട കരാര്‍ പട്ടികയിലുള്ളത്. എ പ്ലസ് വിഭാഗത്തില്‍ ഉള്‍പ്പെട്ട ഓരോ താരത്തിനും ഏഴ്‌ കോടി രൂപയാണ് പ്രതിഫലം ലഭിക്കുക. രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരാണ് എ പ്ലസ് വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

അഞ്ച് കോടി രൂപ പ്രതിഫലമുള്ള എ ഗ്രേഡില്‍ കെഎല്‍ രാഹുല്‍, ശുഭ്‌മാന്‍ ഗില്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണുള്ളത്. മൂന്ന് കോടി രൂപയുള്ള ബി ഗ്രേഡില്‍ കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, യശസ്വി ജയ്സ്വാള്‍ എന്നിവരാണുള്ളത്.

ALSO READ: ആരും രാജ്യത്തേക്കാൾ വലിയവരല്ല; ബിസിസിഐ തീരുമാനത്തിന് അഭിനന്ദനമെന്ന് കപില്‍

ഒരു കോടിയാണ് സി ഗ്രേഡിലുള്ള താരങ്ങളുടെ വാര്‍ഷിക പ്രതിഫലം. സഞ്ജു സാംസണ്‍, ശാര്‍ദൂല്‍ താക്കൂര്‍, ശിവം ദുബെ, രവി ബിഷ്ണോയ്‌, ജിതേഷ് ശര്‍മ, വാഷിങ്‌ടണ്‍ സുന്ദര്‍, റിങ്കു സിങ്, തിലക് വര്‍മ, റിതുരാജ് ഗെയ്‌ക്‌വാദ്, മുകേഷ് കുമാര്‍, അര്‍ഷ്‌ദീപ് സിങ്, കെഎസ് ഭരത്, പ്രസിദ്ധ് കൃഷ്‌ണ, ആവേഷ് ഖാന്‍, രജത് പടിദാര്‍ എന്നിവരാണ് നിലവില്‍ ഈ ഗ്രേഡിലെ കരാര്‍ നേടിയിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.