ETV Bharat / sports

ക്യാപ്റ്റനായിട്ടല്ല ഒരാളും ടീമിലേക്ക് എത്തുന്നത്; രോഹിത്തിനെ മാറ്റിയതിനെ ന്യായീകരിച്ച് അഞ്ജും ചോപ്ര

author img

By ETV Bharat Kerala Team

Published : Mar 1, 2024, 8:53 PM IST

ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതിന് പിന്നില്‍ മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്‍റിന് അവരുടേതായ കാരണങ്ങളുണ്ടെന്ന് അഞ്ജും ചോപ്ര.

Anjum Chopra  Hardik Pandya  Rohit Sharma  രോ ഹിത് ശര്‍മ  ഹാര്‍ദിക് പാണ്ഡ്യ
Anjum Chopra on Hardik Pandya Replacing Rohit Sharma as MI skipper

മുംബൈ : ഐപിഎല്‍ 2024- (IPL 2024) സീസണിന് മുന്നോടിയായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ (Hardik Pandya) മുംബൈ ഇന്ത്യന്‍സ് (Mumbai Indians) തങ്ങളുടെ തട്ടകത്തിലേക്ക് തിരികെ എത്തിച്ചിരുന്നു. കഴിഞ്ഞ രണ്ട് സീസണുകളില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നയിച്ചിരുന്ന ഹാര്‍ദിക്കിനെ ട്രേഡിലൂടെയാണ് മുംബൈ വീണ്ടും സ്വന്തമാക്കിയത്. തിരിച്ചുവരവില്‍ ടീമിന്‍റെ ക്യാപ്റ്റന്‍സി 30-കാരനെ മുംബൈ മാനേജ്‌മെന്‍റ് ഏല്‍പ്പിക്കുകയും ചെയ്‌തു.

ഐപിഎല്‍ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച നായന്മാരില്‍ ഒരാളായ രോഹിത് ശര്‍മയെയാണ് (Rohit Sharma) ഇതിനായി ഫ്രാഞ്ചൈസി മാറ്റിയത്. ഇതു വലിയ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. ആരാധകരില്‍ പലരും മാനേജ്‌മെന്‍റ് തീരുമാനത്തിനെതിരെ പരസ്യമായി രംഗത്ത് എത്തിയപ്പോള്‍ ടീമിന് അകത്ത് നിന്ന് നേരിട്ടല്ലെങ്കിലും വിയോജിപ്പുകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഹാര്‍ദിക്കിനെ നായകനാക്കിയ തീരുമാനത്തെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം അഞ്ജും ചോപ്ര (Anjum Chopra).

രോഹിത് ശര്‍മയുടെ നിലവാരമുള്ള ഒരു ക്യാപ്റ്റനെ മാറ്റി സ്ഥാപിക്കുക എന്നത് പ്രയാസമാണ്. എന്നാല്‍ അതു സംഭവിക്കേണ്ട കാര്യമാണെന്നുമാണ് അഞ്ജും ചോപ്ര പറയുന്നത്. ക്യാപ്റ്റനായിട്ടില്ല ആരും തന്നെ ടീമിലേക്ക് എത്തുന്നതെന്നും 46-കാരി പറഞ്ഞു.

''ഒരു താരത്തിന്‍റെ ജോലി മത്സരങ്ങളില്‍ കളിക്കുക എന്നതാണ്. ഒരാള്‍ ടീമിലേക്ക് എത്തുന്നത് താരമായിട്ടാണ്. ഒരിക്കലും ക്യാപ്റ്റനായിട്ടല്ല.

നമ്മളെല്ലാവരും ഇതൊക്കെ പുറത്ത് നിന്നാണ് കാണുന്നത്. എന്നാല്‍ ഫ്രാഞ്ചൈസി അങ്ങനെയല്ല. എല്ലാത്തിനും അവര്‍ക്ക് അവരുടേതായ കാരണങ്ങളുണ്ട്. രോഹിത് ശര്‍മയെപ്പോലെ ഒരു ക്യാപ്റ്റനെ മാറ്റി സ്ഥാപിക്കുക എന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ഒരു ദിവസം അതു സംഭവിക്കും'' -അഞ്ജും ചോപ്ര പറഞ്ഞു.

മുംബൈ ഇന്ത്യന്‍സിന്‍റെ മാനേജ്‌മെന്‍റിനെ സംബന്ധിച്ച് ടീമിന്‍റെ ഭാവിയ്‌ക്ക് പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും 46-കാരി പറഞ്ഞു. "രോഹിത്തിനെ ക്യാപ്റ്റനാക്കുമ്പോഴും ആ തീരുമാനം അത്ര എളുപ്പമുള്ളതായിരിക്കില്ല. ആ സമയത്ത് പ്രതിഭകളും പരിചയസമ്പന്നരുമായ നിരവധി പേര്‍ ടീമിലുണ്ടായിരുന്നു.

രോഹിത്തിനെ ക്യാപ്റ്റനാക്കിയത് അദ്ദേഹത്തിന്‍റെ കഴിവുകൊണ്ടാണ്. അഞ്ച് കിരീടങ്ങളിലേക്കും രോഹിത് ടീമിനെ നയിച്ചു. നമ്മള്‍ ഒരിക്കലും വികാരങ്ങള്‍ക്ക് അടിമപ്പെടരുത്. ടീമിന്‍റെ വർത്തമാനവും ഭാവിയും കണക്കിലെടുത്ത് കാര്യങ്ങൾ സുഖമമാക്കുന്ന പ്രക്രിയയാണിത്" -അഞ്ജും ചോപ്ര പറഞ്ഞു നിര്‍ത്തി.

ALSO READ: 'എനിക്കത് മനസിലാവുന്നേയില്ല' ; ചാഹലിന് കരാര്‍ നല്‍കാത്തതില്‍ ആകാശ് ചോപ്ര

അതേസമയം മാര്‍ച്ച് 22-നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത് പ്രമാണിച്ച് ആദ്യ 15 ദിവസത്തെ ഷെഡ്യൂളാണ് ആധികൃതര്‍ നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മാര്‍ച്ച് 24-നാണ് മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.