ETV Bharat / sports

ഇറാന്‍ സ്വപ്‌നങ്ങള്‍ തകര്‍ന്നു; ഖത്തര്‍ ഏഷ്യന്‍ കപ്പ് ഫൈനലില്‍

author img

By ETV Bharat Kerala Team

Published : Feb 8, 2024, 6:47 AM IST

എഎഫ്‌സി ഏഷ്യന്‍ കപ്പ്: രണ്ടാം സെമി ഫൈനലില്‍ ഇറാനെതിരെ 3-2 എന്ന സ്കോറിന് ജയം സ്വന്തമാക്കി ഖത്തര്‍.

Qatar vs Iran Result  AFC Asian Cup  AFC Asian Cup Final  Qatar vs Jordan Final  ഏഷ്യൻ കപ്പ് ഫുട്‌ബോള്‍
Qatar vs Iran Semi Final Result

ദോഹ : നിലവിലെ ചാമ്പ്യന്മാരായ ഖത്തര്‍ (Qatar) എഎഫ്‌സി ഏഷ്യന്‍ കപ്പ് (AFC Asian Cup) ഫുട്‌ബോളിന്‍റെ ഫൈനലില്‍. രണ്ടാം സെമി ഫൈനലില്‍ ഇറാനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഖത്തര്‍ പരാജയപ്പെടുത്തിയത് (Qatar vs Iran Match Result). ഫെബ്രുവരി പത്തിന് നടക്കുന്ന ഫൈനലില്‍ ജോര്‍ദാന്‍ ആണ് ആതിഥേയരായ ഖത്തറിന്‍റെ എതിരാളികള്‍ (AFC Asian Cup Final 2024).

സെമി ഫൈനലില്‍ ആവേശകരമായ പോരാട്ടത്തിനൊടുവിലായിരുന്നു ഖത്തര്‍ ഇറാനെ കീഴടക്കിയത്. തകര്‍പ്പന്‍ തുടക്കമായിരുന്നു മത്സരത്തിന് ലഭിച്ചത്. ആദ്യ വിസില്‍ മുഴങ്ങി നാലാം മിനിറ്റില്‍ തന്നെ ആതിഥേയരെ ഞെട്ടിക്കാന്‍ ഇറാന് സാധിച്ചു.

സര്‍ദര്‍ അസ്‌മൗനാണ് (Sardar Azmoun) മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ ഇറാന് ലീഡ് സമ്മാനിച്ചത്. 17-ാം മിനിറ്റില്‍ ഖത്തറിന്‍റെ തിരിച്ചടി. അബ്‌ദുല്‍സലാമിലൂടെയാണ് (Jassem Gaber Abdulsallam) ഖത്തര്‍ സമനില ഗോള്‍ കണ്ടെത്തിയത്.

43-ാം മിനിറ്റില്‍ ഖത്തര്‍ ലീഡ് ഉയര്‍ത്തി. അക്രം അഫീഫ് (Akram Afif) ആയിരുന്നു ഗോള്‍ സ്കോറര്‍. ഇതോടെ ആദ്യ പകുതിയില്‍ 2-1 എന്ന സ്കോറില്‍ കളിയവസാനിപ്പിക്കാന്‍ ഖത്തറിനായി.

രണ്ടാം പകുതിയില്‍ ഖത്തറിനൊപ്പം ഇറാനുമെത്തി. മത്സരത്തിന്‍റെ 51-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജഹൻബഖ്‌ഷ് (Alireza Jahanbakhsh) ആണ് സ്കോര്‍ സമനിലയിലാക്കിയത്. പിന്നീട്, വിജയഗോള്‍ കണ്ടെത്താനായി ഇരു ടീമുകളുടെയും ശ്രമങ്ങള്‍.

82-ാം മിനിറ്റില്‍ ഖത്തര്‍ കാത്തിരുന്ന ഗോളുമെത്തി. അല്‍മോസ് അലിയാണ് (Almoez Ali) ഖത്തറിനായി ഗോള്‍ നേടിയത്. ഇതോടെ, തുടര്‍ച്ചയായ രണ്ടാം പ്രാവശ്യവും ഖത്തര്‍ ഫൈനലിന് യോഗ്യത ഉറപ്പിക്കുകയായിരുന്നു.

അതേസമയം, ആദ്യ സെമി ഫൈനലില്‍ കരുത്തരായ ദക്ഷിണ കൊറിയന്‍ ടീമിനെ പരാജയപ്പെടുത്തിയാണ് ജോര്‍ദാന്‍ ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്‍റെ ഫൈനലില്‍ കടന്നത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ജോര്‍ദാന്‍ ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുന്നത്.

ദക്ഷിണ കൊറിയക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഫിഫ റാങ്കിങ്ങില്‍ 87-ാം സ്ഥാനക്കാരായ ജോര്‍ദാന്‍റെ ജയം (Jordan vs South Korea Match Result). മത്സരത്തിന്‍റെ രണ്ടാം പകുതിയിലാണ് അവര്‍ രണ്ട് ഗോളും നേടിയത്. 53-ാം മിനിറ്റില്‍ യസാന്‍ അല്‍ നൈമതാണ് ജോര്‍ദാനായി ആദ്യ ഗോള്‍ നേടിയത്. 66-ാം മിനിറ്റില്‍ മൂസ അല്‍ തമാരിയും ജോര്‍ദാനായി ലക്ഷ്യം കണുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.