ETV Bharat / opinion

കേന്ദ്ര ബജറ്റ്‌ മുന്നോട്ടുവെച്ച ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക്‌ ബദലാണ് സംസ്ഥാന ബജറ്റ്; എം വി ഗോവിന്ദന്‍

author img

By ETV Bharat Kerala Team

Published : Feb 5, 2024, 10:08 PM IST

കേന്ദ്ര ബജറ്റ്‌ മുന്നോട്ടുവെച്ച ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക്‌ ബദലുയര്‍ത്തുന്നതാണ്‌ സംസ്ഥാന ബജറ്റെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.

Kerala Budget 2024  MV Govindan Reaction  ബജറ്റ് കേന്ദ്ര ബദല്‍  കേരള ബജറ്റ്  എം വി ഗോവിന്ദന്‍
MV Govindan's Reaction On Kerala Budget 2024

തിരുവനന്തപുരം: എല്ലാ മേഖലയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറി ധനമൂലധന ശക്തികള്‍ക്ക്‌ അവസരമൊരുക്കുന്ന സമീപനമാണ്‌ കേന്ദ്ര ബജറ്റ്‌ മുന്നോട്ടുവെച്ചത്‌. അതില്‍ നിന്നു വ്യത്യസ്‌തമായി സര്‍ക്കാര്‍ ഇടപെടല്‍ ഉറപ്പുവരുത്തിയും, പുതിയ സാധ്യതകളെ കണ്ടുകൊണ്ടുമുള്ള സമീപനമാണ്‌ സംസ്ഥാന ബജറ്റിലുള്ളത്‌. പശ്ചാത്തല സൗകര്യ വികസനത്തിനും, വൈജ്ഞാനിക സമൂഹ സൃഷ്ടിക്കും ഊന്നല്‍ നല്‍കുന്ന പ്രകടന പത്രികയിലെ കാഴ്‌ചപ്പാട്‌ ബജറ്റിലുടനീളം ദൃശ്യമാണെന്ന് എം വി ഗോവിന്ദന്‍ തിരുവനന്തപുരത്ത് പ്രസ്‌താവനയില്‍ പറഞ്ഞു(CPM Leader MV Govindan's Reaction On Kerala Budget 2024 ).

കാര്‍ഷിക മേഖലയിലെ കോര്‍പ്പറേറ്റ്‌ വല്‍ക്കരണമാണ്‌ കേന്ദ്ര ബജറ്റ്‌ മുന്നോട്ടുവെക്കുന്നത്‌. സംസ്ഥാന ബജറ്റാവട്ടെ കാര്‍ഷിക മേഖലയില്‍ കൂടുതല്‍ നിക്ഷേപം ഉറപ്പുവരുത്തുന്നതുമാണ്‌. 1698 കോടി രൂപ തന്നെ കാര്‍ഷിക മേഖലക്കായി വിലയിരുത്തിയിട്ടുണ്ട്‌. റബ്ബര്‍ മേഖലയെ കേന്ദ്ര സര്‍ക്കാര്‍ കൈയ്യൊഴിഞ്ഞപ്പോള്‍ സബ്‌സിഡി 180 രൂപയാക്കി സംസ്ഥാന ബജറ്റില്‍ ഉയര്‍ത്തി. പൊതുമേഖലാ സ്ഥാനപങ്ങളെ വിറ്റുതുലച്ച്‌ മുന്നോട്ടുപോകുന്നതാണ്‌ കേന്ദ്ര ബജറ്റെങ്കില്‍ പൊതുമേഖലയെ സംരക്ഷിക്കുന്നതിനുള്ള സമീപനമാണ്‌ സംസ്ഥാന ബജറ്റില്‍ വിഭാവനം ചെയ്‌തിട്ടുള്ളത്‌. കെ.എസ്‌.ആര്‍.ടി.സിക്ക്‌ മാത്രമായി 1120.54 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്‌.

തൊഴില്‍ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ നിന്നും വ്യത്യസ്‌തമായി ഈ മേഖലയിലെ വിവിധ വകുപ്പുകള്‍ക്കും, സ്ഥാപനങ്ങള്‍ക്കുമായി 464.44 കോടി രൂപയാണ്‌ സംസ്ഥാന സര്‍ക്കാര്‍ നീക്കിവെച്ചിട്ടുള്ളത്‌. വിവിധ തൊഴില്‍ മേഖലയിലെ ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യുമെന്ന ഉറപ്പും ബജറ്റ്‌ മുന്നോട്ടുവെക്കുന്നുണ്ട്‌.വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ ക്ഷേമ പദ്ധതികള്‍, പട്ടികജാതി - പട്ടികവര്‍ഗ്ഗ ക്ഷേമ പദ്ധതികള്‍ എന്നിവയ്‌ക്കുള്ള തുക വെട്ടിക്കുറച്ചുകൊണ്ടുള്ളതാണ്‌ കേന്ദ്ര ബജറ്റ്‌. ഗ്രാമീണ മേഖലയിലെ വികസന പദ്ധതികള്‍ക്കും, തൊഴിലുറപ്പ്‌ പദ്ധതിക്കുമുള്ള തുകയും വെട്ടിക്കുറച്ചു. ഈ മേഖലയിലെല്ലാം തുക വര്‍ദ്ധിപ്പിക്കുന്ന നടപടിയാണ്‌ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്‌.

ലൈഫ്‌ പദ്ധതിക്ക്‌ മാത്രമായി അടുത്ത രണ്ട്‌ വര്‍ഷം 10,000 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനം ലക്ഷ്യംവെക്കുന്നുവെന്നത്‌ എല്ലാവര്‍ക്കും പാര്‍പ്പിടം ഉറപ്പുവരുത്തുന്നതിനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ്‌ വ്യക്തമാക്കുന്നത്‌. വയോജനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറക്കുന്ന സാഹചര്യത്തില്‍ അവര്‍ക്കായി പ്രത്യേക പദ്ധതികള്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുകയാണ്‌. സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്ക്‌ വ്യത്യസ്‌തമായി അവയ്‌ക്കായി 134.42 കോടി രൂപ നീക്കിവെക്കുന്ന നയമാണ്‌ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്‌.

കേന്ദ്രത്തിന്‍റെ സാമ്പത്തിക ഉപരോധം ഉയര്‍ത്തുന്ന പ്രതിസന്ധികള്‍ക്കിടയിലും ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യുമെന്ന തീരുമാനവും ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്‌. പരമ്പരാഗത വ്യവസായങ്ങളെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ നിന്നും വ്യത്യസ്‌തമായി അവയ്‌ക്ക്‌ സഹായം ഉയര്‍ത്തുന്ന നടപടികളും ബജറ്റില്‍ വിഭാവനം ചെയ്യുന്നുണ്ട്‌. പരമ്പരാഗത തൊഴില്‍ മേഖലകളെ സംരക്ഷിക്കുന്നതിനായി തൊഴിലാളികള്‍ക്ക്‌ 1280 രൂപ നിരക്കില്‍ ധനസഹായം നല്‍കുന്നതിന്‌ 90 കോടി രൂപ വിലയിരുത്തിയതും സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ ലക്ഷണമാണ്‌. അംഗനവാടി ജീവനക്കാര്‍ക്കുള്ള പുതിയ ഇന്‍ഷുറന്‍സ്‌ പദ്ധതിയും, കുടുംബശ്രീ പദ്ധതിക്കുള്ള പ്രത്യേക ഇടപെടലും സര്‍ക്കാരിന്‍റെ പ്രതിബദ്ധതയാണ്‌ ചൂണ്ടിക്കാണിക്കുന്നതെന്നും എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

ചരിത്രത്തേയും, സംസ്‌കാരത്തേയും വര്‍ഗ്ഗീയവല്‍ക്കരിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്ന ഘട്ടത്തില്‍ കേരളത്തിന്‍റെ ചരിത്രവും, നാടോടി പാരമ്പര്യവും, വാമൊഴി വഴക്കവും ബന്ധിപ്പിച്ചുകൊണ്ടുള്ള മ്യൂസിയം സവിശേഷമായ ഒരു ഇടപെടല്‍ കൂടിയാണ്‌. കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളെ കൈയ്യൊഴിഞ്ഞപ്പോള്‍ അവര്‍ക്കായി സവിശേഷമായ നിരവധി പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌ എന്നതും ശ്രദ്ധേയമാണ്‌.

കേരളം നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്നായ അഭ്യസ്ഥ വിദ്യരുടെ തൊഴിലില്ലായ്‌മ പരിഹരിക്കുന്നതിനുള്ള നടപടികളും ബജറ്റില്‍ മുന്നോട്ടുവെച്ചിട്ടുണ്ട്‌. വൈജ്ഞാനിക സമൂഹ സൃഷ്ടിയെന്ന കാഴ്‌ചപ്പാടിനെ ശക്തിപ്പെടുത്തുന്ന തരത്തിലുള്ള ഇടപെടലുകളും ഈ ബജറ്റ്‌ മുന്നോട്ടുവെക്കുന്നുണ്ട്‌. കെ-റെയില്‍ ഉള്‍പ്പെടെ പശ്ചാത്തല സൗകര്യ വികസനത്തില്‍ നിന്ന്‌ പിന്നോട്ട്‌ പോകില്ലെന്ന നിലപാട്‌ കേരള വികസനത്തോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ സാക്ഷിപത്രമാണ്‌. ടൂറിസം ഉള്‍പ്പെടേയുള്ള പുത്തന്‍ വികസന മേഖലകളെ വികസിപ്പിക്കുന്ന സമീപനവും ബജറ്റ്‌ മുന്നോട്ടുവെക്കുന്നുണ്ട്‌.

കേന്ദ്രം മുന്നോട്ടുവെക്കുന്ന സാമ്പത്തിക ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട്‌ അവതരിപ്പിച്ച കേരള ബജറ്റ്‌ രാജ്യത്താകമാനം ഉയര്‍ന്നുവരുന്ന ബദല്‍ നയങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിന്‌ കരുത്തു പകരുന്നതാണെന്നും എം.വി ഗോവിന്ദന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.