ETV Bharat / opinion

മരിച്ച വധുവിന് പ്രേത വരൻ; ആത്മാക്കളെ ഒരുമിപ്പിക്കുന്ന 'പ്രേത മദുവെ' - Ghost Marriage

author img

By ETV Bharat Kerala Team

Published : May 27, 2024, 6:55 PM IST

വിവാഹം കഴിക്കാതെ മരണപ്പെട്ട തന്‍റെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി കുടുംബക്കാര്‍ നടത്തുന്ന പ്രേത വിവാഹമെന്ന, കര്‍ണാടകയിലെയും കേരളത്തിലെയും തീര പ്രദേശത്തുള്ളവര്‍ നടത്തുന്ന വിചിത്രാചാരത്തെ കുറിച്ച് ഇടിവി ഭാരതിന്‍റെ ബിലാൽ ഭട്ടും നിസാർ ധർമ്മയും ചേര്‍ന്ന് എഴുതുന്നു...

GHOST MARRIAGE  KERALA KARNATAKA STRANGE RITUALS  പ്രേത വിവാഹം കര്‍ണാടകട  മരണപ്പെട്ടവര്‍ക്ക് വിവാഹം
Collage of effigies used in 'Pretha Maduve' (ETV Bharat)

പ്രിയപ്പെട്ടവരുടെ മരണം മനുഷ്യരെ പലവിധത്തിലുള്ള വൈകാരിക ക്ലേശങ്ങളിലൂടെ കടത്തിവിടാറുണ്ട്. മനുഷ്യർ ഈ ദുഃഖം പ്രകടിപ്പിക്കുന്ന രീതി വ്യക്തികള്‍, സംസ്‌കാരം തുടങ്ങിയവ അനുസരിച്ച് വളരെയധികം വ്യത്യാസപ്പെട്ടിരിക്കും എന്നതാണ് വസ്‌തുത. പ്രിയപ്പെട്ട ഒരാളുടെ വിയോഗത്തെ നേരിടാനുള്ള ഏറ്റവും സാധാരണമായ വഴിയാണ് ദുഃഖവും വിലാപവും. മതപരമായ ആചാരങ്ങള്‍, വിവിധ ചടങ്ങുകള്‍ എന്നിവയുള്‍പ്പടെ വ്യത്യസ്‌ത മാർഗങ്ങൾ മനുഷ്യന്‍ ദുഃഖം കൈകാര്യം ചെയ്യാന്‍ കണ്ടെത്തുന്നു.

ചില ഹിമാലയൻ പ്രദേശങ്ങളിൽ ഇരുപതുകളിലുള്ള ഒരു യുവാവ് മരണപ്പെട്ടാല്‍ ആളുകൾ നിലവിളിക്കുകയും മരിച്ചയാളെ 'വരൻ' എന്ന് ഉച്ചത്തിൽ വിളിക്കുകയും ചെയ്യും. അതുപോലെ മരിച്ചത് സ്‌ത്രീയാണെങ്കില്‍ 'വധു' എന്നാണ് അഭിസംബോധന ചെയ്യുക. മനുഷ്യരുടെ വ്യത്യസ്‌ത ദുഃഖാചരണത്തിന് ഉത്തമ ഉദാഹരണമാണ് ഹിമാലയന്‍ പ്രദേശത്തെ ഈ രീതി.

കർണാടകയിലെ ചില സമൂഹങ്ങളിലും, കർണാടകത്തോട് അടുത്ത് കിടക്കുന്ന കാസര്‍കോട്ടെ ഗ്രാമങ്ങളിലും ചില സന്താനങ്ങളെ മരണ ശേഷവും വിവാഹം കഴിപ്പിക്കുന്ന ചടങ്ങുണ്ട്. 'വിവാഹങ്ങൾ സ്വർഗത്തിൽ വെച്ച് തീരുമാനിക്കപ്പെടുകയും ഭൂമിയിൽ വെച്ച് നടത്തപ്പെടുകയും ചെയ്യുന്നു' എന്ന ആശയം ഈ സമൂഹങ്ങളുടെ കാര്യത്തില്‍ വളരെ അനുയോജ്യമാണ്.

വിവാഹമെന്ന ഫലത്തിന്‍റ മധുരമാസ്വദിക്കാതെ ആരും മരിക്കരുതെന്നാണ് ഈ സംസ്ഥാനങ്ങളിലെ തീരദേശ ഗ്രാമീണർ വിശ്വസിക്കുന്നത്. അതിനാലാണ് മരണ ശേഷവും തങ്ങളുടെ മക്കളെ വിവാഹം കഴിപ്പിക്കാൻ അവർ തയാറാകുന്നത്. ഈ പ്രദേശങ്ങളിൽ, വിവാഹം എന്നത് മഹത്തായ ഒരു സംഗതിയായാണ് കാണുന്നത്.

മരിച്ചവർ പോലും വൈവാഹിക വ്യവസ്ഥയുടെ ഭാഗമാണെന്ന് ഇക്കൂട്ടര്‍ കരുതുന്നു. മരിച്ചവരെ വിവാഹം കഴിപ്പിക്കുന്നത് ഒരു പാരമ്പര്യമായി ഇവിടെ മാറിയിരിക്കുന്നു. ചെറുപ്പത്തിൽ തന്നെ പ്രിയപ്പെട്ട ഒരാളെ നഷ്‌ടപ്പെടുന്ന കുടുംബങ്ങൾ, അയാള്‍ ജീവിച്ചിരുന്നെങ്കിൽ പിന്തുടരേണ്ട എല്ലാ ആചാരങ്ങളും പിന്തുടര്‍ന്നാണ് വിവാഹം കഴിപ്പിക്കുക. തങ്ങളോടൊപ്പം ഇല്ലാത്ത അയാളുടെ വിവാഹം അവർ 'പ്രേത മദുവേ' (പ്രേത വിവാഹം) എന്ന് വിളിക്കുന്ന ചടങ്ങോടെ ആഘോഷപൂര്‍വം നടത്തും. ആത്മാക്കളെ ശാന്തമാക്കാൻ വേണ്ടി മരിച്ചവരുടെ വിവാഹം നടത്തുന്ന വിചിത്രമായ ആചാരമാണ് പ്രേത മദുവേ.

വിവാഹത്തിനായി വർഷങ്ങളായി കാംക്ഷിക്കുന്ന അവിവാഹിത ആത്മാക്കള്‍ അലഞ്ഞ് തിരിയുമെന്നും മരിച്ചവർ അവരുടെ കുടുംബങ്ങളെ സ്വപ്‌നത്തില്‍ വന്ന് ഇത് ആവർത്തിച്ച് ഓർമ്മിപ്പിക്കുമെന്നും പൊതുവായ ഒരു വിശ്വാസമുണ്ട് ഇവിടങ്ങളില്‍. തങ്ങളുടെ പ്രിയപ്പെട്ട മകനോ മകള്‍ക്കോ വേണ്ടി അനുയോജ്യമായ പൊരുത്തം കണ്ടെത്താൻ പരസ്യം നല്‍കും. ഇണയ്ക്ക് വേണ്ട ഗുണങ്ങള്‍ അടക്കമാണ് പരസ്യം പ്രസിദ്ധീകരിക്കുന്നത്.

ദക്ഷിണ കന്നഡ ജില്ലയിലെ തീരദേശ മംഗളൂരു നഗരത്തിൽ അടുത്തിടെ പ്രത്യക്ഷപ്പെട്ട അത്തരമൊരു പരസ്യം വായനക്കാരെ അമ്പരപ്പിച്ചിരുന്നു. കാലങ്ങള്‍ക്ക് മുമ്പേ മരിച്ചു പോയ മകൾക്ക് മാതാപിതാക്കൾ ഒരു പ്രേത വരനെ അന്വേഷിക്കുന്നതായിരുന്നു പരസ്യം. തങ്ങളുടെ പെൺകുഞ്ഞിന് 30 വർഷം മുമ്പ് മരിച്ച വരനെയാണ് അന്വേഷിക്കുന്നതെന്നാണ് വിചിത്രമായ പരസ്യത്തിൽ കുടുംബം പറയുന്നത്.

പെണ്‍കുട്ടിയും മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് മരിച്ചതാണ്. വരന്‍റെ കുടുംബം ബംഗേര ജാതിയിൽപ്പെട്ടവരും പ്രേതവിവാഹം നടത്താൻ തയ്യാറുള്ളവരുമായിരിക്കണമെന്നും പരസ്യത്തിൽ പ്രത്യേകം പറയുന്നുണ്ട്.

എന്താണ് 'പ്രേത മധുവേ'? എങ്ങനെ അവതരിപ്പിക്കുന്നു?

'പ്രേത വിവാഹം' സംഘടിപ്പിക്കുന്ന കുടുംബങ്ങൾ വിശ്വസിക്കുന്നത് അത് തങ്ങളുടെ മരിച്ചുപോയ കുട്ടികളുടെ ആത്മാക്കളെ ഒരുമിപ്പിക്കുമെന്നും അതുവഴി അവർക്ക് വിവാഹിതരാകാനുള്ള അവസരം ലഭിക്കുമെന്നുമാണ്. ഈ ആചാരം അനുഷ്‌ഠിക്കുന്നതിലൂടെ മരിച്ചുപോയ തങ്ങളുടെ കുഞ്ഞുങ്ങളോട് ബഹുമാനം കാണിക്കുകയാണ് ചെയ്യുന്നതെന്നും ഇതിലൂടെ അവര്‍ക്ക് സമാധാനം ലഭിക്കുമെന്നുമാണ് വിശ്വാസം.

അടുത്തതായി, വിവാഹത്തിന് അനുയോജ്യമായ സമയവും തീയതിയും കണ്ടെത്താൻ ജ്യോത്സ്യനെ കാണും. ജ്യോതിഷിയുടെ അംഗീകാരം ലഭിച്ച് കഴിഞ്ഞാൽ, വിവാഹം പുരോഹിതനെ കൊണ്ട് നടത്തിക്കും. കൂടാതെ അഗ്നിക്ക് മുമ്പില്‍ മന്ത്രങ്ങൾ ജപിക്കും. വധൂ വരന്മാർ ജീവിച്ചിരിപ്പുണ്ടെങ്കിൽ എങ്ങനെയാണോ ചടങ്ങുകള്‍ നടക്കുക അതേ രീതിയിലായിരിക്കും രണ്ട് കുടുംബങ്ങളുടെയും പങ്കാളിത്തത്തോടെ, മതപരമായ ആചാരങ്ങളോടെ ചടങ്ങുകള്‍ നടക്കുക.

വധുവിനെയും വരനെയും പ്രതിനിധീകരിക്കുന്ന രണ്ട് കുടങ്ങളാകും വിവാഹ ചടങ്ങിലുടനീളം ഉണ്ടാവുക. വധുവിനെ പ്രതിനിധീകരിക്കുന്ന കുടങ്ങള്‍ ആഭരണങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കും. അലങ്കരിച്ചുവെച്ചിരിക്കുന്ന ഈ പാത്രം ഓരോ വധുവും അനുഷ്‌ഠിക്കേണ്ട എല്ലാ ചടങ്ങുകളും നടത്തണം.

വിവാഹ വേദിയിൽ (മണ്ഡപത്തിൽ) ഒരുമിച്ച് 'ഇരിക്കുന്ന' വധൂവരന്മാർക്ക് വേണ്ടി മരണപ്പെട്ടവരുടെ സഹോദരങ്ങൾ ചടങ്ങുകൾ നടത്തും. ദക്ഷിണേന്ത്യയിലെ വിവാഹിതരായ സ്‌ത്രീകൾ പരമ്പരാഗതമായി ധരിക്കുന്ന സാരി, കാല്‍ത്തള എന്നിവയാല്‍ അലങ്കരിച്ചാവും മണവാട്ടിക്കുടത്തെ മണ്ഡപത്തിലെത്തിക്കുക. കറുത്ത മുത്തുകളും മുല്ലപ്പൂവും കൊണ്ട് അലങ്കരിച്ചിരിച്ചിട്ടുണ്ടാകും. വരനെ പ്രതിനിധീകരിക്കുന്ന കുടത്തിന് മുകളിൽ ഒരു തലപ്പാവ് വെച്ചിരിക്കും. പുരുഷനന്മാര്‍ ധരിക്കുന്ന വസ്‌ത്രം ധരിച്ചാകും പുരുഷ കുടം മണ്ഡപത്തിലെത്തുക

മണവാട്ടിയെ പ്രതിനിധീകരിക്കുന്ന കലത്തിൽ മാല അണിയിക്കുകയും സിന്ദൂരം ചാര്‍ത്തുകയും ചെയ്യും. സഹോദരങ്ങളാകും ഇത് നിർവഹിക്കുക. ഈ സുപ്രധാന ദിനത്തിന്‍റെ ഒര്‍മയ്ക്കായി, ഇരുവരുടെയും അടുത്ത കുടുംബങ്ങൾ വിവാഹ വിരുന്ന് നടത്തും. വാഴയിലയിൽ സ്വാദിഷ്‌ടമായ വിഭവങ്ങൾ വിളമ്പും. ഭക്തിയുടെയും ആഘോഷത്തിന്‍റെയും വിചിത്ര സംഗമത്തിന് ഇതോടെ ആസ്വാദ്യകരമായ അന്ത്യമാകും. വരന്‍റെ വീട്ടിൽ വെച്ചാണ് വിവാഹം നടക്കുന്നത്. തുടര്‍ന്ന് വധുവിനെ വരന്‍റെ വീട്ടിലേക്ക് കൊണ്ടുപോകും. വിവാഹത്തിന് ശേഷവും വധൂവരന്‍മാരുടെ കുടുംബങ്ങൾ ബന്ധം നിലനിർത്തുകയും പരസ്‌പരം കുടുംബ സന്ദർശനം നടത്തുകയും ചെയ്യും.

Also Read: 'പ്രേതങ്ങള്‍ വിവാഹിതരാകുന്ന' ഇടമുണ്ട് കേരളത്തില്‍ ; സര്‍വത്ര വിചിത്രം,കൗതുകകരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.