ETV Bharat / international

മൂന്ന് സ്വതന്ത്രരുടെ പിന്തുണ നവാസ് ഷെരീഫിന്, 40 ഇടങ്ങളില്‍ റീ പോളിങ് ; പാകിസ്ഥാനില്‍ നാടകീയത തുടരുന്നു

author img

By ETV Bharat Kerala Team

Published : Feb 11, 2024, 11:47 AM IST

പാകിസ്ഥാനിലെ തെരഞ്ഞെടുപ്പില്‍ ജയിച്ച മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ പിന്തുണ നവാസ് ഷെരീഫിന്‍റെ പാര്‍ട്ടിയായ പിഎംഎല്ലിന്.

Pakistan Election Results  Pakistan General Election  Independents Support To PML N  പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ്  നവാസ് ഷെരീഫ് ഇമ്രാന്‍ ഖാൻ
Pakistan Election Results

ഇസ്‌ലാമബാദ് : പാകിസ്ഥാനില്‍ നവാസ് ഷെരീഫിന്‍റെ പാകിസ്ഥാന്‍ മുസ്‌ലിം ലീഗിന് (PML-N) പിന്തുണയുമായി തെരഞ്ഞെടുപ്പില്‍ ജയിച്ച മൂന്ന് സ്വതന്ത്രര്‍ (Pakistan Election Results).തെരഞ്ഞെടുപ്പില്‍ സ്വതന്ത്രരായി മത്സരിച്ച ബാരിസ്റ്റർ അഖീൽ, രാജാ ഖുറം നവാസ്, മിയാൻ ഖാൻ ബുഗ്‌തി എന്നിവരാണ് പിഎംഎല്‍ (എന്‍) പാര്‍ട്ടിയില്‍ ചേരുന്ന വിവരം ഔദ്യോഗികമായി അറിയിച്ചത്. പാക് ഇംഗ്ലീഷ് ദിനപത്രം ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്.

ദേശീയ അസംബ്ലിയിലെ റാവല്‍പിണ്ടി 3-ാം മണ്ഡലത്തില്‍ നിന്നാണ് ബാരിസ്റ്റർ അഖീൽ ജയിച്ചത്. തന്‍റെ വിജയം നവാസ് ഷെരീഫിന് അവകാശപ്പെട്ടതാണെന്ന് അദ്ദേഹം പുറുത്തുവിട്ട വീഡിയോയില്‍ പറഞ്ഞു. നവാസ്, സഹോദരൻ ഷെഹ്ബാസ് ഷെരീഫ്, മറിയം നവാസ് എന്നിവര്‍ ഉള്‍പ്പെട്ട പിഎംഎല്‍(എന്‍) നേതൃത്വത്തിന് ഈ ജയം സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്‌ലാമബാദില്‍ നിന്നുള്ള വിജയത്തിന് വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച ശേഷമാണ് രാജാ ഖുറം നവാസ് പിഎംഎല്‍ പാര്‍ട്ടിയില്‍ ചേരുന്ന വിവരം പ്രഖ്യാപിച്ചത്. പുതിയ സര്‍ക്കാരിന്‍റെ ഭാഗമായി മണ്ഡലത്തിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു.

ബലൂചിസ്ഥാനിലെ സിബി ഡിവിഷനിൽ നിന്നാണ് മിയാൻ ഖാൻ ബുഗ്‌തി തെരഞ്ഞെടുക്കപ്പെട്ടത്. പിഎംഎല്‍ (എന്‍) നേതാക്കളായ നവാസ് ഷെരീഫ് അദ്ദേഹത്തിന്‍റെ സഹോദരന്‍ ഷെഹ്‌ബാസ് എന്നിവരില്‍ നിന്ന് തനിക്ക് അഭിനന്ദന സന്ദേശം ലഭിച്ചതായി മിയാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. പിഎംഎല്‍ (എന്‍) സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ഷെഹ്‌ബാസ് നേരത്തെ തന്നോട് ആവശ്യപ്പെട്ടിരുന്ന വിവരവും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.

വീണ്ടും പോളിങ് ബൂത്തിലേക്ക്, രാജ്യവ്യാപക പ്രതിഷേധത്തിന് പിടിഐ : ഫലപ്രഖ്യാപനത്തില്‍ കൃത്രിമം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന മണ്ഡലങ്ങളില്‍ വീണ്ടും വോട്ടെടുപ്പ് നടത്താന്‍ പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ (Re Polling In Pakistan). നാല്‍പ്പതിലധികം മണ്ഡലങ്ങളാണ് വീണ്ടും പോളിങ് ബൂത്തിലേക്ക് പോകാനൊരുങ്ങുന്നത്. ഫെബ്രുവരി 15ന് റീ പോളിങ് നടത്താണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

Also Read : പാകിസ്ഥാൻ തെരഞ്ഞെടുപ്പ്: സ്വതന്ത്രരുടെ സഹായത്തോടെ സർക്കാർ രൂപീകരിക്കാൻ നവാസ് ഷെരീഫ്

അതേസമയം, തെരഞ്ഞെടുപ്പ് അന്തിമ ഫലപ്രഖ്യാപനം വൈകുന്നതില്‍ ഇമ്രാന്‍ ഖാന്‍റെ പിടിഐ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുന്നു. ഇന്ന് ആണ് പാകിസ്ഥാനില്‍ പിടിഐയുടെ പ്രതിഷേധം (PTI National. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിന് ശേഷമാണ് സമാധാനപരമായ രീതിയില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.