ETV Bharat / international

കാനഡയിൽ മൂന്നംഗ ഇന്ത്യൻ കുടുംബം വെന്തുമരിച്ചു ; ദുരൂഹതയെന്ന് പൊലീസ്

author img

By ETV Bharat Kerala Team

Published : Mar 16, 2024, 8:55 AM IST

ഒൻ്റാറിയോയിൽ സംശയാസ്‌പദമായ തീപിടിത്തത്തിൽ ഇന്ത്യൻ വംശജരായ ദമ്പതികൾക്കും അവരുടെ മകൾക്കും ജീവൻ നഷ്‌ടപ്പെട്ടു. ബ്രാംപ്‌ടണിലെ ബിഗ് സ്കൈ വേയിലും വാൻ കിർക്ക് ഡ്രൈവ് ഏരിയയിലാണ് കുടുംബം താമസിച്ചിരുന്നത്.

Fire In Canada  Indian Origin Couple Child Killed  Fire Outbreak  Ottawa canada
Indian-Origin Couple, Daughter Killed In 'Suspicious' Fire In Canada

ഒട്ടാവ (കാനഡ) : ഇന്ത്യൻ വംശജരായ മൂന്നംഗ കുടുംബം വീടിന് തീപിടിച്ച് മരിച്ചുവെന്ന് പൊലീസ് അറിയിച്ചു (Indian-Origin Couple, Daughter Killed In 'Suspicious' Fire In Canada). കാനഡയിലെ ഒന്‍റാറിയോയിലാണ് സംഭവം. കഴിഞ്ഞാഴ്‌ചയാണ് കുടുംബം താമസിച്ചിരുന്ന വീടിന് തീപിടിത്തമുണ്ടായത്.

സംഭവം നടന്നത് മാർച്ച് 7 ന് ആയിരുന്നുവെങ്കിലും അവശിഷ്‌ടങ്ങൾ മൂന്ന് പേരടങ്ങുന്ന കുടുംബത്തിന്‍റേതാണെന്ന് തിരിച്ചറിഞ്ഞതിന് ശേഷം വെള്ളിയാഴ്‌ചയാണ് (15-03-2024) ഇതിനെ കുറിച്ച് റിപ്പോർട്ട് ചെയ്‌തത്. ബ്രാംപ്‌ടണിലെ ബിഗ് സ്കൈ വേയിലും വാൻ കിർക്ക് ഡ്രൈവ് ഏരിയയിലാണ് കുടുംബം താമസിച്ചിരുന്നത്.

തീ കെടുത്തിയ ശേഷം, കത്തി നശിച്ച വീടിനുള്ളിൽ മനുഷ്യാവശിഷ്‌ടങ്ങൾ എന്ന് കരുതപ്പെടുന്നവ കണ്ടെത്തിയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അകത്ത് എത്ര പേരുണ്ടായിരുന്നു എന്ന് പോലും മനസിലാക്കാൻ കഴിയുന്ന അവസ്ഥയായിരുന്നില്ല. മൃതദേഹങ്ങളുടെ അവശിഷ്‌ടങ്ങള്‍ മാത്രമാണ് തീപിടുത്തത്തില്‍ അവശേഷിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അതിനാല്‍ എത്ര പേരാണ് മരിച്ചത് എന്ന് പോലും ആദ്യം ഉറപ്പിക്കാൻ സാധിച്ചിരുന്നില്ല. പിന്നീടാണ് കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചതെന്ന് വ്യക്തമായത്. രാജീവ് വരിക്കോ (51), ശില്‍പ കോഥ (47), മഹെക് വരിക്കോ (16) എന്നിവരാണ് മരിച്ചത്.

വീട്ടില്‍ എങ്ങനെയാണ് തീപിടിത്തം ഉണ്ടായത് എന്നതില്‍ ദുരൂഹത കാണുന്നുവെന്ന് പൊലീസ് പറഞ്ഞു. തീപിടിത്തം സംശയാസ്‌പദമാണെന്ന് കരുതുന്നതായി പീൽ പൊലീസ് കോൺസ്‌റ്റബിൾ ടാറിൻ യംഗ് വെള്ളിയാഴ്‌ച മാധ്യമങ്ങളോട് പറഞ്ഞു. 'ഇപ്പോൾ ഞങ്ങൾ ഇത് അന്വേഷിക്കുകയാണ്, ഈ തീപിടിത്തം ആകസ്‌മികമല്ലെന്ന് ഒന്‍റാറിയോ ഫയർ മാർഷൽ കണക്കാക്കിയതിനാൽ ഞങ്ങൾ ഇത് സംശയാസ്‌പദമായി കണക്കാക്കുന്നു' എന്നും ടാറിൻ യംഗ് കൂട്ടിച്ചേർത്തു.

കഴിഞ്ഞയാഴ്‌ച വീടിന് തീപിടിത്തം ഉണ്ടായതായി അയൽവാസികളിൽ ഒരാൾ അറിയിച്ചതിനെത്തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത് എന്ന് അവർ പറഞ്ഞു. "ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ വീടിന് തീപിടിച്ചിരുന്നു. വളരെ സങ്കടകരമായിരുന്നു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ എല്ലാം നിലംപൊത്തി," എന്ന് അവരുടെ അയൽവാസികളിലൊരാളായ യൂസഫ് പറഞ്ഞു.

മൂന്ന് കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവർ മുന്നോട്ട് വരണമെന്നും പൊലീസ് അറിയിച്ചു. വീടിന് തീപിടിച്ച സാഹചര്യങ്ങളെ കുറിച്ച് സജീവമായ അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനെ കുറിച്ചുള്ള വിവരങ്ങളോ, വീഡിയോ ഫൂട്ടേജുകളോ (ഡാഷ്‌ക്യാം അല്ലെങ്കിൽ മറ്റെന്തെങ്കിലും) ഉള്ളവർ ഹോമിസൈഡ് ഡിറ്റക്റ്റീവുകളുമായി ബന്ധപ്പെടാൻ അഭ്യർഥിക്കുന്നു, എന്നും പൊലീസ് പറഞ്ഞു.

ALSO READ : ധാക്കയിൽ ഏഴുനില കെട്ടിടത്തിൽ തീപിടിത്തം; 44 പേർക്ക് ദാരുണാന്ത്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.