ETV Bharat / international

ചൈനയില്‍ കെട്ടിടത്തിന് തീപിടിച്ച് 15 മരണം; ഒരു മാസത്തിനിടെ രണ്ടാമത്തെ അപകടം

author img

By ETV Bharat Kerala Team

Published : Feb 24, 2024, 5:34 PM IST

കെട്ടിടങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളില്‍ വീഴച വരുത്തുന്നതു മൂലം മാരകമായ തീപിടുത്തങ്ങളും തുടര്‍ന്നുള്ള മരണങ്ങളും ചൈനയിൽ തുടര്‍ക്കഥയാവുകയാണ്.

Fire break in China  building caught fire  ചൈനയില്‍ ബില്‍ഡിങ്ങിന് തീപിടിച്ചു  തീപിടുത്തം  ചൈന തീപിടിത്തം
Fire

ബെയ്‌ജിങ്: ചൈനയില്‍ കെട്ടിടത്തിന് തീപിടിച്ച് 15 മരണം. 44 പേര്‍ക്ക് പരിക്കേറ്റു. കിഴക്കൻ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയുടെ തലസ്ഥാന നഗരമായ നാൻജിംഗിലെ ഒരു കെട്ടിടത്തിനാണ് തീപിടിച്ചതെന്ന് മുനിസിപ്പൽ സർക്കാർ അറിയിച്ചു. ഇന്നലെ(23-02-2024) രാവിലെയാണ് കെട്ടിടത്തില്‍ തീപിടുത്തമുണ്ടായത്.

ഇലക്ട്രിക്കൽ സൈക്കിളുകൾ ഉണ്ടായിരുന്ന, കെട്ടിടത്തിന്‍റെ ഒന്നാം നിലയില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി സർക്കാര്‍ വാർത്താ ഏജൻസി സിൻഹുവ റിപ്പോർട്ട് ചെയ്‌തു. ചൈനയില്‍ ഒരു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ വലിയ തീപിടത്തമാണിത്.

ജനുവരി 24 ന്, കിഴക്കൻ ചൈനയിലെ ജിയാങ്‌സി പ്രവിശ്യയിലെ സിൻയു സിറ്റിയിൽ കെട്ടിടത്തിന് തീപിടിച്ച് 39 പേർ മരിച്ചിരുന്നു. ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ചൈനയില്‍ ഇത്തരം അപകടങ്ങൾ ആവർത്തിക്കുന്നത് തടയാനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനും സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കാനും അപകടത്തിന് പിന്നാലെ പ്രസിഡന്‍റ് ഷി ജിൻപിങ് ഉത്തരവിട്ടിരുന്നു.

കെട്ടിടങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളില്‍ വരുത്തുന്ന വീഴച മൂലം ചൈനയിൽ മാരകമായ തീപിടുത്തങ്ങള്‍ അടിക്കടി ഉണ്ടാകാറുണ്ട്. ജനുവരി 20ന് മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ സ്‌കൂൾ ഡോർമിറ്ററിയിൽ ഉണ്ടായ തീപിടിത്തത്തിൽ 13 വിദ്യാർഥികൾ വെന്തു മരിച്ചിരുന്നു. മരിച്ചവരെല്ലാം മൂന്നാം ക്ലാസ് വിദ്യാർത്ഥികളാണ്.

കഴിഞ്ഞ വർഷം നവംബറിൽ ഷാങ്‌സി പ്രവിശ്യയിലെ ലുലിയാങ് നഗരത്തിൽ ഓഫീസ് കെട്ടിടത്തിന് തീപിടിച്ച് 26 പേരാണ് മരിച്ചത്. കഴിഞ്ഞ ഏപ്രിലിൽ ബീജിംഗിലെ ഒരു ആശുപത്രി കെട്ടിടത്തിന് തീപിടിച്ച് ഇരുപത്തിയൊമ്പതോളം പേരാണ് മരിച്ചത്. മരിച്ചവരില്‍ അധികവും രോഗികളാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.