ETV Bharat / health

പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുമോ? വസ്‌തുതയറിയാം - Do bird flu spread to human beings

author img

By ETV Bharat Kerala Team

Published : May 24, 2024, 8:04 PM IST

കേരളത്തില്‍ വിവിധയിടങ്ങളിലായി സ്ഥിരീകരിച്ച പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുന്നത് സംബന്ധിച്ചും വ്യാപിക്കുന്നത് സംബന്ധിച്ചുമുള്ള വസ്‌തുതകള്‍...

Etv Bharat
Etv Bharat (Etv Bharat)

തിരുവനന്തപുരം: കേരളത്തില്‍ വിവിധയിടങ്ങളിലായി പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതിനോടകം നിരവധി വളര്‍ത്തു പക്ഷികളെ പ്രതിരോധ നടപടിയുടെ ഭാഗമായി കള്ളിങ് ചെയ്‌തിട്ടുണ്ട്. പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുമോ എന്നത് സംബന്ധിച്ചും അതിന്‍റ വ്യാപനം സംബന്ധിച്ചും നിരവധി അഭ്യൂഹങ്ങളും സംശയങ്ങളും നിലനില്‍ക്കുന്നുണ്ട്.

പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ടോ?

സാധാരണ ഗതിയില്‍ പക്ഷികളില്‍ മാത്രം രോഗമുണ്ടാക്കുന്നവയാണ് ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസുകളിലേറെയും. എന്നാല്‍ പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനും, രോഗമുണ്ടാക്കാനുമുള്ള ശേഷി വൈറസുകള്‍ക്കുണ്ട്. രോഗബാധയേറ്റ പക്ഷികളുമായും രോഗാണുമലിനമായ സാഹചര്യങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയും മനുഷ്യരില്‍ രോഗ ബാധയേല്‍ക്കാന്‍ സാധ്യതയുണ്ട്.

1997 ൽ ആദ്യമായി ഹോങ്കോങ്ങിലാണ് മനുഷ്യരിൽ H5N1 പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. 1997 മുതൽ 2015 വരെയുള്ള സ്ഥിതിവിവരകണക്കുകൾ പ്രകാരം പക്ഷിപ്പനി മൂലം മനുഷ്യരിൽ 907 രോഗബാധകളും 483 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

H5N1, H7N9, H7N7, H9N2 തുടങ്ങിയ ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസുകളെല്ലാം മനുഷ്യരിലേക്ക് പകരാനും രോഗമുണ്ടാക്കാനും ശേഷിയുള്ളവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രോഗബാധയേറ്റതോ, ചത്തതോ ആയ പക്ഷികളുമായി ഏതെങ്കിലും രീതിയില്‍ സമ്പര്‍ക്കമുണ്ടായവര്‍, പക്ഷിക്കാഷ്‌ഠം വളമായി ഉപയോഗിക്കുന്ന കര്‍ഷകര്‍, രോഗബാധ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ടവര്‍, രോഗബാധിത മേഖലകളില്‍ താമസിക്കുന്നവര്‍ എന്നിവരെല്ലാം പ്രത്യേകം ജാഗ്രത പുലര്‍ത്തണം.

എന്നാല്‍ കൊറോണ വൈറസ് പോലെയോ, നിപ്പ പോലെയോ മനുഷ്യരിലേക്ക് അതിവേഗത്തില്‍ പടര്‍ന്നു പിടിക്കുന്ന ജന്തുജന്യരോഗങ്ങളില്‍ ഒന്നല്ല പക്ഷിപ്പനി എന്നതാണ് വസ്‌തുത. മനുഷ്യരിലേക്കുള്ള രോഗവ്യാപനവും, മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്കുള്ള രോഗവ്യാപനവും അത്യപൂര്‍വ്വമാണെങ്കിലും രോഗബാധയേറ്റവരില്‍ മരണ നിരക്ക് അറുപത് ശതമാനം വരെയാണ്.

ഇപ്പോൾ കേരളത്തിൽ സ്ഥിരീകരിച്ച H5N8 വൈറസുകൾ ഒരു പതിറ്റാണ്ടിനിടയിൽ ലോകത്തിന്‍റെ പലഭാഗങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഈ വൈറസ് വകഭേദം ഇതുവരെ മനുഷ്യരിലേക്ക് പകർന്നതായി ശാസ്‌ത്രീയ റിപോർട്ടുകൾ ഇല്ല.

പക്ഷിപ്പനി വൈറസുകൾ മനുഷ്യരിൽ കാണുന്ന ഇൻഫ്ലുവെൻസ വൈറസുകളുമായി ചേർന്ന് പുതിയ ജനിതക ഘടനയാർജിച്ച് (ആന്‍റിജെനിക് ഷിഫ്റ്റ്) കോവിഡ്-19 വൈറസുകളെ പോലെ ഒരു ആഗോള മഹാമാരിയായി (പാൻഡെമിക്) മാറിയേക്കാം എന്ന മുന്നറിയിപ്പും ലോകാരോഗ്യ സംഘടന നൽകിയിട്ടുണ്ട്.

കേരളത്തിൽ പക്ഷിപ്പനി വൈറസ് എങ്ങനെ എത്തി?

ദേശാടനപക്ഷികള്‍ അടക്കമുള്ള നീർപക്ഷികൾ ഇൻഫ്ളുവന്‍സ എ വൈറസുകളുടെ സ്വാഭാവിക വാഹകരാണ്. ഇവയുടെ ശ്വാസനാളത്തിലും അന്ന നാളത്തിലുമാണ് വൈറസുകള്‍ വാസമുറപ്പിക്കുക. ഇക്കഴിഞ്ഞ ജനുവരിയില്‍ ഒഡീഷ ഭൂവനേശ്വറില്‍ പക്ഷിപ്പനി എത്തിയത് ചില്‍ക്ക തടാകം തേടിയെത്തിയ ദേശാടനപക്ഷികളില്‍ നിന്നായിരുന്നു.

2014, 2016 വര്‍ഷങ്ങളില്‍ ആലപ്പുഴയില്‍ പക്ഷിപ്പനി പടര്‍ന്നതും ദേശാടനക്കിളികളില്‍ നിന്നാണ് എന്നാണ് കണ്ടെത്തല്‍. എന്നാല്‍ അപൂർവ്വമായി ഈ വാഹകപക്ഷികളിലും വൈറസ് രോഗമുണ്ടാവാന്‍ സാധ്യതയുണ്ട്. ഒഡിഷയിൽ 2015-ൽ പക്ഷിപ്പനി ആദ്യമായി തിരിച്ചറിഞ്ഞത് ചത്തുവീണ കാക്കകളിലായിരുന്നു.

കോഴിമുട്ടയോ ഇറച്ചിയോ കഴിക്കുന്നതിലൂടെ പക്ഷിപ്പനി മനുഷ്യരെ ബാധിക്കുമോ ?

പക്ഷിപ്പനി ഭീതി പടര്‍ന്നതോടെ കോഴിയിറച്ചിയുടേയും, മുട്ടയുടേയും വില കുത്തനെ ഇടിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രോഗബാധിതമല്ലാത്ത പ്രദേശങ്ങളിൽ മതിയായി വേവിച്ച മുട്ടയോ ഇറച്ചിയോ കഴിക്കുന്നതില്‍ ഭീതി വേണ്ട എന്നതാണ് വസ്‌തുത. എങ്കിലും ഇറച്ചിയും മുട്ടയും കൈകാര്യം ചെയ്യുമ്പോൾ മുൻകരുതലുകൾ ആവശ്യമാണ്.

70 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കുമ്പോള്‍ 30 മിനിറ്റിനകം വൈറസുകള്‍ നശിക്കും. ഇറച്ചി പാകം ചെയ്യുമ്പോള്‍ അതിന്‍റെ എല്ലാ ഭാഗവും നന്നായി വെന്തുവെന്ന് ഉറപ്പാക്കുക. നന്നായി വെന്താല്‍ കോഴി ഇറച്ചിയുടെ പിങ്ക് നിറം മാറും. പാതിവെന്ത ഇറച്ചിയും, ഹാഫ് ബോയിൽഡ് മുട്ടയും, ബുൾ സൈയും ആഹാരമാക്കുന്നത് ഒഴിവാക്കണം. മുൻകരുതൽ എന്ന നിലയിൽ പച്ച മാംസം കൈകാര്യം ചെയ്യുന്നതിന് മുൻപും ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കണം.

Also Read : പക്ഷിപ്പനി: കുട്ടനാട്ടില്‍ പ്രത്യേക കര്‍മ്മ പദ്ധതിയുടെ ആവശ്യകത പരിശോധിക്കാന്‍ കേന്ദ്ര സംഘം - Bird Flu In Alappuzha

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.