ETV Bharat / entertainment

തിയേറ്റർ ഉടമകളും നിർമാതാക്കളും കൊമ്പുകോർക്കുന്ന കണ്ടന്‍റ് മാസ്‌റ്ററിങ്; സംഭവം കേട്ടിട്ടുള്ളവർക്ക് കണ്ടറിയാം - what is content mastering

author img

By ETV Bharat Kerala Team

Published : Apr 16, 2024, 5:13 PM IST

Updated : Apr 16, 2024, 6:04 PM IST

CONTENT MASTERING  THEATER OWNERS PRODUCERS CONFLICT  FILM MASTERING PROCESS  കണ്ടന്‍റ് മാസ്റ്ററിംഗ്
CONTENT MASTERING

എന്താണ് യഥാർഥത്തിൽ കണ്ടന്‍റ് മാസ്‌റ്ററിങ്? തിയേറ്റർ ഉടമ ഗിരീഷ് ഇടിവി ഭാരതിനോട് പ്രതികരിക്കുന്നു

തിയേറ്റർ ഉടമകളുടെ നടുവൊടിക്കുമോ കണ്ടന്‍റ് മാസ്റ്ററിംഗ്?

ലയാളചലച്ചിത്ര മേഖലയിൽ നിർമാതാക്കളും തിയറ്റർ ഉടമസ്ഥരും കൊമ്പ് കോർക്കുന്നത് ഇതാദ്യമല്ല. പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയ ഒന്നാണ് കണ്ടന്‍റ് മാസ്‌റ്ററിങ്. സംഗതി എന്താണെന്ന് പിടികിട്ടാത്തവർ ഉണ്ടാകും. തിരുവനന്തപുരം ശ്രീപത്മനാഭ, ദേവിപ്രിയ തിയേറ്റർ ഉടമ ഗിരീഷ് കണ്ടന്‍റ് മാസ്‌റ്ററിങ് എന്താണെന്ന് പറയുന്നു.

നിർമാതാക്കൾ തിയേറ്ററുകളിലേക്ക് കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്ന പ്രൊഡ്യൂസേഴ്‌സ് കണ്ടന്‍റ് മാസ്‌റ്ററിങ് പ്രാബല്യത്തിൽ വരുത്താൻ ശ്രീപത്മനാഭ തിയേറ്റർ സജ്ജമാണ്. എന്നാൽ ഒപ്പം പ്രവർത്തിക്കുന്ന ദേവി പ്രിയ എന്ന സ്‌ക്രീൻ 2 കോർപ്പറേറ്റ് കണ്ടന്‍റ് മാസ്‌റ്ററിങ് കമ്പനിയായ യുഎഫ്ഒ (ufo)യെ മാത്രം അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്നതാണ്. ഇനി എന്താണ് കണ്ടൻസ് മാസ്‌റ്ററിങ് എന്ന് നോക്കാം.

ഫിലിം പ്രൊജക്ഷന്‍റെ കാലം കഴിഞ്ഞതോടെ ഡിജിറ്റൽ, ലേസർ പ്രൊജക്ഷനുകളിലേക്ക് തിയേറ്ററുകൾ മാറപ്പെട്ടു. ഓരോ മൂന്നുവർഷത്തിലും ടെക്നോളജി വളരുന്നതിനനുസരിച്ച് ശബ്‌ദത്തിന്‍റെയും ചിത്രത്തിന്‍റെയും തിയേറ്റർ അനുഭവം മാറിക്കൊണ്ടേയിരിക്കും. ഡോൾബിയിൽ നിന്ന് ഡിറ്റിഎസിലേക്കും തുടർന്ന് അറ്റ്മോസിലേക്കും ശബ്‌ദം മാറിയതുപോലെ 2കെ യിൽ നിന്ന് 4k പ്രൊജക്ഷനിലേക്ക് ദൃശ്യങ്ങളും ചുവടുവച്ചു.

ഇത്തരത്തിൽ ഒരു തിയേറ്ററിൽ പ്രൊജക്‌ടറുകളും സെർവർ സംവിധാനവും ഒരുക്കണമെങ്കിൽ ഉടമസ്ഥന് ചെലവാകുന്ന തുക 60 ലക്ഷം മുതൽ രണ്ട് കോടി രൂപ വരെയാണ്. അവിടെയാണ് യുഎഫ്ഒ ക്യൂബ്, ടിഎസ്ആർ തുടങ്ങിയ കമ്പനികളെക്കുറിച്ച് നാം മനസിലാക്കേണ്ടത്. സിനിമ കാണാൻ തിയേറ്ററിൽ ഇരിക്കുമ്പോൾ മേൽപ്പറഞ്ഞ കമ്പനികളുടെ പരസ്യം നാം ആദ്യം കാണാറുണ്ട്. ഇത്തരം കമ്പനികളാണ് 95% തീയേറ്ററുകൾക്കും പ്രോജക്‌ടറും മറ്റു സേവനങ്ങളും വാടകയ്‌ക്ക് നൽകുന്നത്.

ഈ സേവനങ്ങൾക്കുള്ള വാടക ഇത്തരം കമ്പനികൾക്ക് തിയേറ്റർ ഉടമസ്ഥർ മാസാമാസം നൽകേണ്ടതില്ല. പകരം തിയേറ്ററിൽ പ്രദർശിപ്പിക്കുന്ന പരസ്യ വരുമാനം പൂർണമായും ഇത്തരം കമ്പനികൾക്ക് തിയേറ്റർ ഉടമസ്ഥർ നൽകണം. മൂന്നോ നാലോ വർഷം കഴിയുമ്പോൾ പരസ്യ വരുമാനത്തിൽ നിന്ന് ആ തിയേറ്ററിൽ പ്രസ്‌തുത കമ്പനി നൽകിയ പ്രൊജറിന്‍റെയും സർവറിന്‍റെയും തുക ലഭിച്ചു കഴിഞ്ഞാൽ പിന്നെ വാടക നൽകേണ്ടതില്ല. ആ സംവിധാനങ്ങളെല്ലാം തിയേറ്ററിന്‍റെ സ്വന്തമാകുകയും ചെയ്യും.

പക്ഷേ അപ്പോഴേക്കും ടെക്നോളജി മാറുകയും തിയേറ്റർ ഉടമസ്ഥർക്ക് പ്രൊജക്‌ടർ അടക്കം മറ്റു സംവിധാനങ്ങൾ എല്ലാം മാറ്റേണ്ടതായും വരും. വീണ്ടും തിയേറ്ററുകളെ അപ്ഗ്രേഡ് ചെയ്‌ത് പുതിയ ടെക്നോളജിയിൽ പ്രവർത്തിപ്പിക്കുന്ന എല്ലാ സേവനങ്ങളും നൽകാൻ യു എഫ് ഒ, ക്യൂബ് അടക്കമുള്ള കമ്പനികൾ തയ്യാറാണ്. ചുരുക്കത്തിൽ തിയേറ്റർ ഹാളും സിനിമ കാണാൻ എത്തുന്ന ജനങ്ങളുടെ സേവനങ്ങളും മാത്രം തിയേറ്റർ ഉടമസ്ഥൻ ശ്രദ്ധിച്ചാൽ മതിയാകും. തിയേറ്റർ ഉടമസ്ഥരെ സംബന്ധിച്ചിടത്തോളം ഏറ്റവും സുഗമമായ പ്രക്രിയയാണിത്.

ഇനി നിർമാതാക്കൾ എന്തിനാണ് ഇത്തരം കമ്പനികളുടെ സേവനങ്ങളെ എതിർക്കുന്നത് എന്ന് നോക്കാം. ഒരു സിനിമ പൂർത്തിയായി കഴിഞ്ഞാൽ മുഴുവൻ സിനിമയും ഒരു ഹാർഡ് ഡിസ്‌കിൽ കോപ്പി ചെയ്‌ത് നിർമാതാവ് എത്തിക്കേണ്ടത് യുഎഫ്ഒ, ക്യൂബ്, ടിഎസ്ആർ തുടങ്ങിയ കമ്പനികളുടെ ഓഫിസിലേക്കാണ്. ഇവർ സേവനം നൽകുന്ന തിയേറ്ററുകളിലേക്ക് സാറ്റ്‌ലൈറ്റ് സംവിധാനം ഉപയോഗിച്ച് റിലീസിന് മണിക്കൂറുകൾ മുമ്പ് തിയേറ്റർ സർവറിലേക്ക് സിനിമ ഡൗൺലോഡ് ചെയ്യപ്പെടും.

പ്രസ്‌തുത കമ്പനി തന്നെ നൽകിയിരിക്കുന്ന ഒരു ഹാർഡ് ഡിസ്‌കിലേക്കാണ് കമ്പ്യൂട്ടറുകൾ നിന്ന് ഈ സിനിമ കോപ്പി ചെയ്യപ്പെടുന്നത്. ഷോ തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഇന്‍റർനെറ്റ് സംവിധാനം ഉപയോഗിച്ച് ഈ കമ്പനി ഒരു പാസ്‌വേർഡ് തിയേറ്ററുകൾക്ക് നൽകും. പലപ്പോഴും ഷോ വൈകുന്നത് ഇത്തരം കോഡുകൾ കമ്പനികൾ അയക്കാൻ വൈകുന്നതിനാലാണ്. പുലർകാലത്ത് രണ്ടുമണിക്കും നാലു മണിക്കുമുള്ള ഷോകൾക്കാണ് ഇത്തരം പ്രതിസന്ധികൾ സംഭവിക്കുന്നത്.

ഒരു പാസ്‌വേർഡ് ഉപയോഗിച്ച് ഹാർഡ് ഡിസ്‌കിലെ ഫയൽ അൺലോക്ക് ചെയ്‌ത് കഴിഞ്ഞാൽ ഏകദേശം ഒരാഴ്‌ച വരെ തിയേറ്ററിന് ആ സിനിമ പ്രദർശിപ്പിക്കാനുള്ള ലൈസൻസ് ലഭിക്കും. ഒരാഴ്‌ച കഴിയുമ്പോൾ സിനിമ തിയേറ്ററിൽ തുടരുകയാണെങ്കിൽ പുതിയ പാസ്‌വേർഡ് ഉപയോഗിച്ച് അടുത്ത ഒരാഴ്‌ചത്തേക്ക് കൂടി ലൈസൻസ് പുതുക്കും. നിർമ്മാതാക്കൾ നേരിടുന്ന പ്രശ്‌നം എന്തെന്നാൽ പ്രസ്‌തുത കമ്പനികളിലേക്ക് സിനിമകൾ നൽകുമ്പോൾ അവരുടെ സെർവറിലേക്ക് അവ അപ്‌ലോഡ് ചെയ്യാൻ ഭീമമായ തുകയാണ് ആവശ്യപ്പെടുന്നത് എന്നതാണ്.

അതായത് യുഎഫ്ഒ എന്ന സംവിധാനത്തിലേക്ക് സിനിമ അപ്‌ലോഡ് ചെയ്‌താൽ യുഎഫ്ഒ പ്രതിനിധാനം ചെയ്യുന്ന തിയേറ്ററുകളിൽ എല്ലാം സിനിമ പ്രദർശിപ്പിക്കാം. ക്യൂബ് സപ്പോർട്ട് ചെയ്യുന്ന തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ സിനിമ ക്യൂബ് എന്ന എന്ന കമ്പനിക്ക് നൽകണം. ഇങ്ങനെ നിരവധി കമ്പനികൾക്ക് നിർമാതാക്കൾ വാടക നൽകേണ്ടതായുണ്ട്.

ചുരുക്കിപ്പറഞ്ഞാൽ പണ്ട് ഒരു ഫിലിം റെപ്രസന്‍റേറ്റീവ് പെട്ടിയുമായി തിയേറ്ററിലേക്ക് വരുന്ന ജോലി ആധുനികവൽക്കരണത്തോടെ ഡിജിറ്റലൈസ് ആയിരിക്കുന്നു. നിർമാതാക്കളുടെ നടുവൊടിക്കുന്ന തരത്തിലാണ് ഇവരുടെ ചിലവ്.

നിർമാതാക്കളുടെ പക്ഷം ചേർന്നാൽ പുതുതായി തുടങ്ങാനിരിക്കുന്ന തിയേറ്ററുകളിൽ തിയേറ്റർ ഉടമസ്ഥർ സ്വന്തം പ്രൊജക്‌ടറും സർവറും സ്ഥാപിക്കുകയാണെങ്കിൽ മേൽപ്പറഞ്ഞ ക്യൂബ്, യുഎഫ്ഒ അടക്കമുള്ള സംവിധാനങ്ങളുടെ സഹായമില്ലാതെ പ്രൊഡ്യൂസർ അസോസിയേഷന് നേരിട്ട് സിനിമ തിയേറ്ററുകളിൽ എത്തിക്കാൻ സാധിക്കും. നിർമാതാവിന് ഇതിലൂടെ കൂടുതൽ ലാഭം ലഭിക്കുകയും ചെയ്യും.

മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ബിസിനസ് പരമായി വളരെ മികച്ച തീരുമാനമാണിത്. കേരളത്തിൽ ചെയ്‌ത് വിജയിപ്പിച്ചാൽ കന്നട, തെലുഗു, തമിഴ് തുടങ്ങിയ ഭാഷകളിലും ഇതേ സംവിധാനം കൊണ്ടുവരണമെന്ന് അതത് ഇൻഡസ്‌ട്രികളിലെ നിർമാതാക്കളുടെ അസോസിയേഷൻ കേരള ഫിലിം ചേംബറോട് പ്രതികരിച്ചിരുന്നു.

അതേസമയം തിയേറ്റർ ഉടമകളുടെ പക്ഷം ചേർന്നാൽ കേരളത്തിൽ പ്രവർത്തിക്കുന്ന 80 ശതമാനം തിയേറുകളും സാധാരണക്കാരുടെയാണ്. 60 ലക്ഷം രൂപ മുതൽ രണ്ടു കോടി രൂപ വരെ സ്വന്തമായി ഇത്തരം സംവിധാനങ്ങൾ ഒരുക്കാൻ ചിലവാക്കിയാൽ ഇത്തരം ഉടമസ്ഥരുടെ നടുവൊടിയും. സിനിമയെ രക്ഷിക്കാൻ കടംവാങ്ങി ഇതൊക്കെ ചെയ്‌താലും രണ്ടോ മൂന്നോ വർഷങ്ങൾ കഴിയുമ്പോൾ ടെക്നോളജി മാറുന്നതോടെ ഇത്രയും തുക വീണ്ടും അവർ ചെലവാക്കേണ്ടതായി വരുന്നു. പഴയ ടെക്നോളജിയിലുള്ള ഉപകരണങ്ങൾ വാങ്ങാൻ പോലും ആളെ കിട്ടില്ല. സ്വാഭാവികമായും തിയേറ്റർ ഉടമസ്ഥരും നിർമാതാക്കളും കൊമ്പുകോർക്കും!

Last Updated :Apr 16, 2024, 6:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.