ETV Bharat / entertainment

'ഞാനും എന്‍റെ പഴയ കാലങ്ങളിലേക്ക് പോയി'; 'വര്‍ഷങ്ങള്‍ക്ക് ശേഷം' ടീമിന് അഭിനന്ദനവുമായി മോഹന്‍ലാല്‍ - Mohanlal on Varshangalkku Shesham

author img

By ETV Bharat Kerala Team

Published : Apr 16, 2024, 6:59 PM IST

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് 'വര്‍ഷങ്ങള്‍ക്ക് ശേഷം'

VARSHANGALKKU SHESHAM REVIEW  VARSHANGALKKU SHESHAM INTERVIEW  വര്‍ഷങ്ങള്‍ക്ക് ശേഷം  DHYAN SREENIVASAN PRANAV MOHANLAL
Mohanlal

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്‌ത 'വര്‍ഷങ്ങള്‍ക്ക് ശേഷം' സിനിമ തിയേറ്ററുകളിൽ മികച്ച വിജയം നേടി പ്രദർശനം തുടരുകയാണ്. ഏപ്രിൽ 11ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച കളക്ഷനാണ് സ്വന്തമാക്കുന്നതെന്നാണ് റിപ്പോർട്ട്. ഇപ്പോഴിതാ ഈ സിനിമയെ കുറിച്ചുള്ള ഒരു കുഞ്ഞ് 'റിവ്യു' ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

സാക്ഷാൽ മോഹൻലാലിന്‍റേതാണ് ഈ 'വര്‍ഷങ്ങള്‍ക്ക് ശേഷം' റിവ്യു. ഭാര്യ സുചിത്രയ്‌ക്കൊപ്പം സിനിമ കാണുന്ന ഫോട്ടോയും അതോടൊപ്പം സ്വന്തം കൈപ്പടയില്‍ എഴുതിയ ഒരു കുറിപ്പുമാണ് മോഹന്‍ലാല്‍ പങ്കുവച്ചത്. ഈ ചിത്രം തന്നെ പഴയ കാലങ്ങളിലേക്ക് കൊണ്ടുപോയെന്ന് കുറിച്ച മോഹൻലാൽ ചിത്രത്തിന്‍റെ എല്ലാ പ്രവര്‍ത്തകരോടും നന്ദി പറയുന്നുവെന്നും കുറിച്ചു.

മോഹന്‍ലാലിന്‍റെ കുറിപ്പ് ഇങ്ങനെ: ''കടന്നുപോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തില്‍ തിരിഞ്ഞു നോക്കാത്തവരുണ്ടാകുമോ..? എത്ര ചെറുതായാലും ശരി നേട്ടങ്ങള്‍ക്ക് നടുവില്‍ നിന്ന് അങ്ങിനെ തിരിഞ്ഞ് നോക്കുമ്പോള്‍ ദൂരെ ഏറിയോ കുറഞ്ഞോ യാതനകളുടെ അധ്യായങ്ങള്‍ കാണാം. വിനീത് ശ്രീനിവാസന്‍ എഴുതി സംവിധാനം ചെയ്‌ത വര്‍ഷങ്ങള്‍ക്കു ശേഷം എന്ന സിനിമ കണ്ടപ്പോള്‍ ഞാനും എന്‍റെ പഴയ കാലങ്ങളിലേക്ക് പോയി.

കഠിനമായ ഭൂതകാലത്തെ അതേതീവ്രതയോടെ പുനരാവിഷ്‌കരിക്കുകയല്ല വിനീത് ചെയ്‌തിരിക്കുന്നത്. അനുഭവകാലങ്ങളെല്ലാം കഴിയുമ്പോള്‍ ഉണ്ടാകുന്ന ഊറി വരുന്ന ഒരു ചിരി (ഫിലോസിഫിക്കല്‍ സ്‌മൈല്‍) ഈ സിനിമ കാത്തുവച്ചിരിക്കുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം എന്ന സിനിമയുടെ എല്ലാ പ്രവര്‍ത്തകര്‍ക്കും എന്‍റെ നന്ദി. സ്‌നേഹപൂര്‍വ്വം മോഹന്‍ലാല്‍''.

നാടും വീടും ഒക്കെയുപേക്ഷിച്ച് സിനിമയെന്ന സ്വപ്‌നത്തിലേക്ക് സഞ്ചരിക്കുന്ന മുരളി, വേണു എന്നീ രണ്ട് യുവാക്കളുടെ ജീവിതമാണ് 'വർഷങ്ങൾക്കു ശേഷം' സിനിമയുടെ പ്രമേയം. പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനുമാണ് യഥാക്രമം ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നര്‍മത്തോടൊപ്പം വൈകാരിക രംഗങ്ങളും പ്രണയവും ഉൾച്ചേർത്താണ് വിനീത് ശ്രീനിവാസന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. വിനീത് സിനിമയിൽ മുഖം കാണിക്കുന്നുമുണ്ട്.

സിനിമയ്‌ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ഈ ചിത്രത്തിൽ നിവിന്‍ പോളിയാണ് മറ്റൊരു ശ്രദ്ധേയ പ്രകടനം കാഴ്‌ചവയ്‌ക്കുന്നത്. അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, കല്യാണി പ്രിയദർശൻ, നീരജ് മാധവ്, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ തുടങ്ങിയ വന്‍ താരനിരയും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. വിനീത് ശ്രീനിവാസൻ - പ്രണവ് മോഹന്‍ലാല്‍ കൂട്ടുകെട്ടിന്‍റെ 'ഹൃദയം' നിർമിച്ച മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം തന്നെയാണ് 'വർഷങ്ങൾക്കു ശേഷ'ത്തിന്‍റെയും നിര്‍മാണം.

ALSO READ:

  1. നായകനെ കണ്ടുകിട്ടി! പ്രണവിനെ ഊട്ടിയിൽ സ്‌പോട്ട് ചെയ്‌ത് ആരാധകർ; വീഡിയോ പുറത്ത്
  2. ധ്യാൻ-പ്രണവ് കോമ്പോയ്‌ക്കൊപ്പം കയ്യടി വാരിക്കൂട്ടി നിവിൻ പോളിയുടെ 'സൂപ്പര്‍ സ്റ്റാര്‍ വേഷം'
  3. സിനിമയേക്കാൾ ആരാധകരേറെയായി ഞങ്ങളുടെ ഇന്‍റർവ്യൂകൾക്ക്; 'വർഷങ്ങൾക്കു ശേഷം' വിശേഷങ്ങളുമായി സംവിധായകൻ
  4. 'എന്ത് പ്രശ്‌നമുണ്ടെങ്കിലും എനിക്കെന്‍റെ കൂട്ടുകാരുണ്ട്, അതുകൊണ്ട് നോ ടെൻഷൻ'; വിശാഖ് സുബ്രഹ്മണ്യം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.