ETV Bharat / entertainment

ആഗ്രഹിച്ചത് ഇതുവരെ ലഭിച്ചിട്ടില്ല; നഷ്‌ടബോധമില്ലെന്നും സന്തോഷ് കീഴാറ്റൂർ - Santhosh Keezhattoor Interview

author img

By ETV Bharat Kerala Team

Published : Mar 25, 2024, 7:54 AM IST

സംവിധായകൻ ആകാനായിരുന്നു മോഹം, കാലം ഒരു നടനാക്കി. മികച്ച കഥാപാത്രങ്ങൾ തേടിയെത്താൻ വൈകുന്നതിൽ നിരാശയില്ല- ഇടിവി ഭാരതിനോട് മനസുതുറന്ന് സന്തോഷ് കീഴാറ്റൂർ

ACTOR SANTHOSH KEEZHATTOOR  SANTHOSH KEEZHATTOOR ABOUT MOVIES  MALAYALAM CINEMA  SANTHOSH KEEZHATTOOR FILMOGRAPHY
SANTHOSH KEEZHATTOOR

സന്തോഷ് കീഴാറ്റൂർ ഇടിവി ഭാരതിനോട്

ജീവിതത്തിൽ ഒരു കലാകാരൻ ആകണം എന്ന് മാത്രമാണ് താൻ ആഗ്രഹിച്ചതെന്ന് പ്രശസ്‌ത നടനും തിയേറ്റർ ആർട്ടിസ്റ്റുമായ സന്തോഷ് കീഴാറ്റൂർ. ക്യാമറയ്‌ക്ക് പിന്നിൽ പ്രവർത്തിക്കാനുള്ള മോഹവുമായി എത്തിയ താൻ പിൽക്കാലത്ത് നടനാവുകയായിരുന്നു എന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു. എന്നാൽ ആഗ്രഹിച്ച വേഷങ്ങൾ തന്നെ തേടി എത്തിയിട്ടുണ്ടോ എന്ന് സംശയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'നാടക മേഖലയിൽ പ്രവർത്തിച്ച പരിചയവുമായാണ് സിനിമയിലേക്ക് ചേക്കേറുന്നത്', സന്തോഷ് കീഴാറ്റൂർ പറഞ്ഞുതുടങ്ങി. ഒരു സംവിധായകൻ ആകണം എന്നുള്ളതായിരുന്നു മോഹം. പക്ഷേ കാലം തന്നെ ഒരു നടനാക്കി. ജനങ്ങൾ ഓർത്തിരിക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ ചെയ്യുവാൻ സാധിച്ചു. ആഗ്രഹിച്ചതെല്ലാം നേടാൻ സാധിച്ചില്ലെങ്കിലും ജീവിതത്തിൽ ഒരു കാര്യത്തിനോടും നഷ്‌ടബോധം തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഒരു യാത്രയും അത്ര സുഖകരമല്ല, നമ്മൾ ആഗ്രഹിച്ച നിലയിൽ തന്നെ എത്തണമെന്നുമില്ല. ചിലപ്പോൾ ആഗ്രഹിക്കാത്ത തരത്തിലേക്കും എത്താം. നടനാവുക എന്നതിലപ്പുറം സംവിധാന രംഗത്ത് എത്തുക എന്നതായിരുന്നു ഏറ്റവും കൂടുതൽ ഞാൻ ആഗ്രഹിച്ചത്. പക്ഷേ പെട്ടെന്ന് എത്തിപ്പെട്ടത് അഭിനയരംഗത്താണ്. പ്രതീക്ഷിക്കാത്ത നിലയിൽ മികച്ച സിനിമകളുടെ ഭാഗമാകാനും മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെയുള്ള മഹാനടന്മാർക്കൊപ്പം പ്രവർത്തിക്കാനും സാധിച്ചു.

നമ്മുടെ മനസ് ആഗ്രഹിക്കുന്ന തരത്തിലുള്ള ചില കഥാപാത്രങ്ങൾ ഒരുപക്ഷേ നമ്മളെ തേടി എത്തിയില്ലെന്ന് വരും. എന്നാൽ അതിൽ ഞാൻ നിരാശനാവാറില്ല. കാരണം എല്ലാം വന്ന് ഭവിക്കുന്നതാണെന്ന് കരുതുന്നൊരാളാണ് ഞാൻ. ഒപ്പം നമ്മൾ നന്നായി പരിശ്രമിക്കുകയും വേണം, ദുഃഖിച്ചിരുന്നിട്ട് കാര്യമില്ല'. നടനായിരിക്കുക എന്നതാണ് പ്രധാനമെന്നും തന്നിലെ കലാകാരനെ കുറിച്ച് നല്ല ബോധ്യമുണ്ടെന്നും സന്തോഷ് കീഴാറ്റൂർ പറഞ്ഞു.

മികച്ച കഥാപാത്രങ്ങൾ തേടിയെത്താൻ വൈകുന്നുവെന്ന് തോന്നാറുണ്ടെന്നും എന്നാൽ അതിൽ നിരാശയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനിയും അതിനായി ശ്രമിച്ചുകൊണ്ടേയിരിക്കുമെന്നും നടൻ വ്യക്തമാക്കി. ചിലപ്പോഴൊക്കെ അവസരങ്ങൾ ഇല്ലാതെ വെറുതെയിരിക്കേണ്ടി വന്നിട്ടുണ്ട്. ആ സമയങ്ങളിൽ നഷ്‌ടത്തിന്‍റെ കണക്കെടുക്കാൻ താത്‌പര്യപ്പെടാറില്ല. അതേസമയം, ഒരു നല്ല നടൻ എന്നതിലുപരി ഒരു നല്ല പ്രേക്ഷകനാണ് താൻ എന്നും അദ്ദേഹം വ്യക്തമാക്കി.

മലയാളത്തിൽ അടുത്തിറങ്ങിയ മഞ്ഞുമ്മൽ ബോയ്‌സ്, പ്രേമലു, അന്വേഷിപ്പിൻ കണ്ടെത്തും തുടങ്ങിയ സിനിമകൾ എല്ലാം കുടുംബവുമൊത്ത് തിയേറ്ററിൽ ചെന്ന് കണ്ടിരുന്നെന്ന് പറഞ്ഞ സന്തോഷ് കീഴാറ്റൂർ തിയേറ്ററുകളിലേക്ക് ആളുകൾ ഒഴുകിയെത്തുന്നത് ആഹ്ളാദകരമായ കാര്യമാണെന്നും ചൂണ്ടിക്കാട്ടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.