ETV Bharat / entertainment

ഷുക്കൂറിനോടൊപ്പം; 'ആടുജീവിതം' വായിച്ച് സമയം കളഞ്ഞതിൽ ലജ്ജിക്കുന്നുവെന്നും ഹരീഷ് പേരടി - Hareesh Peradi against Benyamin

author img

By ETV Bharat Kerala Team

Published : Apr 1, 2024, 5:07 PM IST

AADUJEEVITHAM WRITER BENYAMIN  AADUJEEVITHAM CONTROVERSY  BENYAMIN ABOUT NAJEEB  BENYAMIN ABOUT AADUJEEVITHAM
Hareesh Peradi

ഷുക്കൂറിന്‍റെ ജീവിത കഥയല്ല തന്‍റെ നോവലാണ് 'ആടുജീവിതം' എന്ന് ബെന്യാമിൻ. ഒരു മനുഷ്യന്‍റെ ജീവിതത്തെ നോവലിനും സിനിമയ്‌ക്കും വേണ്ടി മാർക്കറ്റ് ചെയ്യുകയാണ് ഇവരെന്ന് ഹരീഷ് പേരടി

പ്രശസ്‌ത സാഹിത്യകാരൻ ബെന്യാമിന്‍റെ അതിപ്രശസ്‌തമായ 'ആടുജീവിതം' എന്ന നോവലിനെ ആസ്‌പദമാക്കി അതേ പേരിൽ ബ്ലെസി ഒരുക്കിയ സിനിമ നിറഞ്ഞ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇതിനിടെ നോവലിനും സിനിമയ്‌ക്കും എതിരെ നിരവധി വിമർശനങ്ങളും ഉയരുകയാണ്. ഇപ്പോഴിതാ ബെന്യാമിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.

ഒരു മനുഷ്യന്‍റെ ജീവിതത്തെ നോവലിനും സിനിമയ്‌ക്കും വേണ്ടി, നടന്ന കഥയെന്ന പിൻബലത്തോടെ മാർക്കറ്റ് ചെയ്യുകയാണ് ഇവരെന്നും നോവൽ വായിച്ച് അത് വിശ്വസിച്ച പൊതുസമൂഹത്തെയും ഷുക്കൂറിനെയും കളിയാക്കുകയാണ് ഇവരെന്നും ഹരീഷ് പേരടി പറയുന്നു.

'ആടുജീവിതം' നോവലിലെ നായകൻ ഷൂക്കൂർ അല്ല മറിച്ച് നജീബ് ആണെന്നും അനേകം ഷുക്കൂറുമാരിൽ നിന്ന് കടംകൊണ്ട കഥാപാത്രമാണ് നജീബ് എന്നും ബെന്യാമിൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിനിമ പുറത്തിറങ്ങിയ ശേഷം നജീബുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ചർച്ചകൾ ഉടലെടുക്കുന്ന സാഹചര്യത്തിലായിരുന്നു ബെന്യാമിൻ വിശദീകരണവുമായി എത്തിയത്.

ഷുക്കൂറിന്‍റെ ജീവിത കഥയല്ല ആടുജീവിതം എന്നും അത് തന്‍റെ നോവൽ ആണെന്നും ബെന്യാമിൻ പറഞ്ഞതാണ് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയത്. 'ആടുജീവിതം' ജീവിതകഥ ആണെന്ന് ആരെങ്കിലും ധരിക്കുന്നെങ്കിൽ അത് തന്‍റെ കുഴപ്പമല്ലെന്നും നോവൽ എന്താണെന്ന് അറിയാത്തത്തവരുടെ ധാരണ പിശകാണെന്നും ബെന്യാമിൻ പറഞ്ഞു.

അതേസമയം ഒരു മനുഷ്യന്‍റെയും ജീവിതംവച്ച് ഒരാളും സാഹിത്യം കളിക്കരുതെന്ന് ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ഹരീഷ് പേരടി വ്യക്തമാക്കി. ആടുജീവിതം നോവൽ വായിച്ച് സമയം കളഞ്ഞതിൽ താൻ ലജ്ജിക്കുന്നു എന്നും ഹരീഷ് പേരടി കുറിച്ചു.

ഹരീഷ് പേരടിയുടെ ഫേസ്‌ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:

'നോവലിനും സിനിമക്കുംവേണ്ടി ഒരു മനുഷ്യന്‍റെ ജീവിതത്തെ നടന്ന കഥയെന്ന പിൻബലത്തോടെ മാർക്കറ്റ് ചെയ്യുക...എല്ലാം കഴിഞ്ഞ് അയാളുടെ ജീവിതത്തിന്‍റെ 30% മേയുള്ളു ബാക്കിയൊക്കെ കലാകാരന്‍റെ കോണോത്തിലെ ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്നും..ആ നോവലിന്‍റെ പിൻകുറിപ്പിൽ വ്യക്തമായി എഴുതിയ "കഥയുടെ പൊടിപ്പും തൊങ്ങലും" വളരെ കുറച്ച് മാത്രമേയുള്ളു (10%) എന്ന് വായിച്ച് അത് വിശ്വസിച്ച പൊതുസമൂഹത്തെയും ആ മനുഷ്യനെയും ഒരു ഉളുപ്പുമില്ലാതെ കളിയാക്കുക...

ഈ സാഹിത്യ സർക്കസ്സ് കമ്പനി ഒരു മനുഷ്യന്‍റെ ജീവിതത്തിൽ ഒരിക്കലും നടക്കാത്ത മനുഷ്യവിരുദ്ധവും മൃഗവിരുദ്ധവുമായ ഒരു കാര്യം വെച്ചാണ് വിൽപ്പനയുടെ ഈ ഊഞ്ഞാലാട്ടം നടത്തിയെതെന്ന് അറിയുമ്പോൾ ഈ നോവൽ വായിച്ച് സമയം കളഞ്ഞതിൽ ഞാൻ ലജ്ജിക്കുന്നു..ഷൂക്കൂർ ഇക്കാ നിങ്ങളുടെ ആദ്യത്തെ കഫീൽ ഒരു അറബിയായിരുന്നെങ്കിൽ ഇന്നത്തെ നിങ്ങളുടെ കഫീൽ ഒരു മലയാള സാഹിത്യകാരനാണ്..നിങ്ങളുടെ ആട് ജീവിതം ഇപ്പോഴും തുടരുകയാണെന്ന് പറയാൻ സങ്കടമുണ്ട്...ക്ഷമിക്കുക..

ഈ വൃത്തികേടിന് പരിഹാരമായി ഈ മനുഷ്യൻ കോടികളുടെ പ്രതിഫലം അർഹിക്കുന്നുണ്ട് എന്ന് തന്നെയാണ് എന്‍റെ പക്ഷം..ഒരു മനുഷ്യന്‍റെയും ജീവിതം വെച്ച് ഇനി ഒരുത്തനും സാഹിത്യം കളിക്കാതിരിക്കാൻ അത് ഒരു മാതൃകയാവണം...ഷുക്കൂറിനോടൊപ്പം..'

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.