ETV Bharat / education-and-career

പ്ലസ് വൺ പ്രവേശനം: ഓൺലൈൻ അപേക്ഷകൾ ഇന്ന് മുതൽ സമർപ്പിക്കാം, അവസാന തീയതി മെയ് 25; അറിയേണ്ടതെല്ലാം - PLUS ONE VHSE ADMISSION

author img

By ETV Bharat Kerala Team

Published : May 16, 2024, 10:56 AM IST

പ്ലസ്‌ വണ്‍ പ്രവശേനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഇന്ന് മുതല്‍ സമര്‍പ്പിച്ച് തുടങ്ങാം. ജൂണ്‍ 24നാണ് പ്ലസ്‌ വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്.

APPLICATION FOR PLUS ONE ADMISSION  പ്ലസ് വൺ പ്രവേശനം  പ്ലസ്‌ വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ  PLUS ONE CLASS WILL START IN JUNE
PLUS ONE ADMISSION (Source: ETV Bharat Reporter)

തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി,​ വിഎച്ച്‌എസ്ഇ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ഇന്ന് (മെയ്‌ 16) മുതൽ ആരംഭിക്കും. മെയ് 25 വൈകിട്ട് 5 മണി വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പണത്തിന് സംസ്ഥാനത്തെ മുഴുവന്‍ സർക്കാർ, എയ്‌ഡഡ് ഹൈസ്‌കൂളുകളിലും ഹയർ സെക്കൻഡറി സ്‌കൂളുകളിലും വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിലും സഹായ കേന്ദ്രങ്ങൾ പ്രവർത്തന സജ്ജമാണ്.

http://www.hscap.kerala.gov.in/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം. ട്രയൽ അലോട്ട്മെന്‍റ് മെയ് 29ന് പ്രസിദ്ധീകരിക്കും. ജൂൺ 5ന് ആദ്യ അലോട്ട്മെന്‍റും ജൂൺ 12ന് രണ്ടാം അലോട്ട്മെന്‍റും ജൂൺ 19ന് മൂന്നാം അലോട്ട്മെന്‍റും പ്രസിദ്ധീകരിക്കും. പ്ലസ് വൺ ക്ലാസുകൾ ജൂൺ 24 മുതൽ ആരംഭിക്കും.

അപേക്ഷ സമര്‍പ്പിക്കേണ്ടത് എങ്ങനെ?

കാൻഡിഡേറ്റ് ലോഗിൻ: പത്താം ക്ലാസിൽ പഠിച്ച സ്‌കീം, രജിസ്റ്റർ നമ്പർ, പരീക്ഷ എഴുതിയ മാസവും വർഷം, ജനന തീയതി, മൊബൈൽ നമ്പർ എന്നിവ നൽകി കാൻഡിഡേറ്റ് ലോഗിൻ സൃഷ്‌ടിക്കാം.

നൽകേണ്ട രേഖകൾ: ഭിന്നശേഷി വിഭാഗത്തിലെ പ്രത്യേക പരിഗണന അർഹിക്കുന്നവർ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്‍റെ സ്‌കാന്‍ ചെയ്‌ത പകർപ്പ് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. എസ്എസ്എൽസി, സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ സ്‌കീമുകളില്ലാതെ മറ്റ് വിഭാഗങ്ങളിൽ പത്താം ക്ലാസ് ജയിച്ചവർ മാർക്ക് പട്ടിക, മൈഗ്രേഷൻ സർട്ടിഫിക്കറ്റ്, തുല്യത സർട്ടിഫിക്കറ്റ് എന്നിവയുടെ സ്‌കാൻ ചെയ്‌ത പകർപ്പ് അപ്‌ലോഡ് ചെയ്യണം. മറ്റുള്ളവർ അപേക്ഷക്കൊപ്പം സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണമെന്നില്ല.

മൊബൈൽ ഫോൺ വഴിയും അപേക്ഷിക്കാം: പ്ലസ് വൺ പ്രവേശനത്തിന് കുട്ടികൾക്ക് സ്വന്തം നിലയിൽ മൊബൈൽ ഫോണിലൂടെയും അപേക്ഷ സമർപ്പിക്കാം. മുഴുവന്‍ ഹൈസ്‌കൂളുകളിലും ഹയർ സെക്കൻഡറി സ്‌കൂളുകളിലും ഇതിന് സഹായിക്കാൻ അധ്യാപക അനധ്യാപകരെ ഉൾപ്പെടുത്തി വ്യാഴാഴ്‌ച മുതൽ സഹായ കേന്ദ്രങ്ങൾ ആരംഭിക്കുന്നതാണ്. മാത്രമല്ല ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനും തടസമില്ല. സിബിഎസ്ഇ സിലബസിൽ ബേസിക് മാത്‍സ് ജയിച്ച അപേക്ഷകർക്ക് കണക്ക് ഉൾപ്പെടുന്ന സയൻസ് കോഴ്‌സുകളിൽ ഓപ്ഷൻ നൽകാൻ സാധിക്കില്ല.

ഒരാൾക്ക് എത്ര ഓപ്‌ഷനുകളും നൽകാം?: സ്‌കൂള്‍, കോഴ്‌സുകൾ എന്നിവ വിശദമായി പരിശോധിക്കണം. സ്‌കൂളിന്‍റെ കോഡ്, കോഴ്‌സ്‌ കോഡ് എന്നീ ക്രമത്തിൽ ഓപ്ഷൻ പട്ടിക എഴുതി തയ്യാറാക്കി പരിശോധിക്കണം. ഒരാൾക്ക് എത്ര ഓപ്ഷനുകൾ വേണമെങ്കിലും നൽകാം. താത്‌പര്യമുള്ള സ്‌കൂളും വിഷയവുമാണ് ആദ്യം നൽകേണ്ടത്.

ഒരു സ്‌കൂളിൽ മാത്രം ഓപ്ഷൻ നൽകിയാൽ എല്ല വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് ഉണ്ടെങ്കിലും ആദ്യ അലോട്ട്മെന്‍റിൽ ഉൾപ്പെടണമെന്നില്ല. ആദ്യ ഓപ്ഷനിൽ അലോട്ട്മെന്‍റ് ലഭിച്ചാൽ ഫീസ് അടച്ച് സ്ഥിര പ്രവേശനം നേടണം.

താഴ്ന്ന ഓപ്ഷനുകളിലാണ് അലോട്ട്മെന്‍റ് എങ്കിൽ താത്‌കാലിക പ്രവേശനത്തിനും അവസരമുണ്ട്. അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരുടെ അപേക്ഷയിലെ വിവരങ്ങൾ കമ്പ്യൂട്ടറിൽ നിന്ന് നീക്കം ചെയ്യും. തുടർ അലോട്ട്മെന്‍റുകളിൽ ഇവരെ പരിഗണിക്കില്ല.

ബോണസ് പോയിന്‍റ്: പ്ലസ് വൺ പ്രവേശനത്തിന് ഒരാൾക്ക് പരമാവധി ലഭിക്കാവുന്ന ബോണസ് പോയിന്‍റ് പത്താണ്. പത്താം ക്ലാസിൽ ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് എൻസിസി, സ്‌കൗട്ട്, എസ്‌പിസി, ലിറ്റിൽ കൈറ്റ്സ്, എ ഗ്രേഡ് എന്നിങ്ങനെയുള്ള ബോണസ് പോയിന്‍റുകൾക്ക് അർഹതയുണ്ടാകില്ല.

അപേക്ഷയിൽ അവകാശപ്പെടുന്ന ബോണസ് പോയിന്‍റ്, ടൈബ്രേക്ക്‌ പോയിന്‍റ് എന്നിവയുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസൽ പ്രവേശന സമയത്ത് നിർബന്ധമായും ഹാജരാക്കണം. വീര്യമൃത്യു വരിച്ച സൈനികരുടെ മക്കൾക്ക് അഞ്ച് ബോണസ് പോയിന്‍റ് ലഭിക്കും.

ആർമി, നേവി, എയർപോർട്ട് വിഭാഗങ്ങളിലെ ജവാന്മാർ വിമുക്തഭടന്മാർ എന്നിവരുടെ മക്കൾക്ക് മൂന്ന് പോയിന്‍റും എൻസിസി, സ്‌കൗട്ട്, എസ്‌പിസി എന്നിവയിലെ മികവിന് നിബന്ധനകൾക്ക് വിധേയമായി രണ്ട് ബോണസ് പോയിന്‍റും ലഭിക്കും.

Also Read: മാറ്റമില്ലാതെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; മലപ്പുറത്ത് മാത്രം ഇരുപതിനായിരത്തോളം സീറ്റുകളുടെ കുറവ് - Plus One Seat Shortage Issue

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.