ETV Bharat / bharat

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സമ്മാനങ്ങളുമായി വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി

author img

By ETV Bharat Kerala Team

Published : Feb 17, 2024, 6:08 PM IST

ആന്ധ്രയില്‍ പൊതുതെരഞ്ഞെടുപ്പിന് വോട്ട് കച്ചവടത്തിനുള്ള കളം ഒരുങ്ങിയെന്ന് ആരോപണം. വന്‍തോതില്‍ പണമിറക്കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഭരണകക്ഷി ശ്രമം തുടങ്ങിക്കഴിഞ്ഞിരിക്കുന്നുവെന്നണ് ആരോപണം. ഇതെല്ലാം സര്‍ക്കാര്‍ ചെലവില്‍ തന്നെയാണെന്നും ആരോപണമുണ്ട്.

YSRCP Illegal Election Campaign  campaign ahead of elections  Election 2024  സമ്മാനങ്ങളുമായി വൈഎസ്ആര്‍സിപി  പൊതുതെരഞ്ഞെടുപ്പിന് വോട്ട് കച്ചവടം
YSRCP Illegal Election Campaign

അമരാവതി: പൊതുതെരഞ്ഞെടുപ്പിനുള്ള കാഹളം മുഴങ്ങിയിരിക്കെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പുത്തന്‍ തന്ത്രങ്ങളുമായി വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി രംഗത്ത്. പണവും സമ്മാനങ്ങളും നല്‍കി വോട്ടര്‍മാരെ വശത്താക്കാനാണ് പാര്‍ട്ടിയുടെ ശ്രമം. വോട്ടര്‍മാരില്‍ സ്വാധീനമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും വിലപിടിപ്പുള്ള സമ്മാനങ്ങള്‍ പാര്‍ട്ടി നല്‍കുന്നുവെന്ന് ആരോപണമുണ്ട്(YSRCP Illegal Election Campaign).

മതം പറഞ്ഞ് വോട്ട് പിടിത്തം നടത്തുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തെ ഭരണകക്ഷി തന്നെ ഇത്തരം അനധികൃത നടപടികള്‍ കൈക്കൊണ്ടിട്ടും ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്( new type of campaign ahead of the general elections).

വൈഎസ്ആര്‍ കോണ്‍ഗ്രസ് വീടുവീടാന്തരം കുക്കറുകള്‍ നല്‍കുന്നു. വിവിധ മതങ്ങളില്‍ നിന്നുള്ളവരുടെ രഹസ്യയോഗങ്ങള്‍ സംഘടിപ്പിക്കുന്നുമുണ്ട്. ഇത്തരം യോഗങ്ങളില്‍ രണ്ടായിരം രൂപയും കുക്കറും ഫ്‌ളാസ്‌കും അടങ്ങുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസിന്‍റെ ചിഹ്നം ആലേഖനം ചെയ്‌ത സമ്മാനപ്പൊതികള്‍ വിതരണം ചെയ്യുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്(Election 2024).

ജില്ലകളില്‍ പദ്ധതികളുടെ അവതരണമെന്ന പേരില്‍ ഗ്രാമ, വാര്‍ഡ് സെക്രട്ടറിമാരും വോളന്‍റിയര്‍മാരും യോഗങ്ങള്‍ സംഘടിപ്പിക്കുന്നു.മുന്‍കൂട്ടി തന്നെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ വോട്ടുകള്‍ വാങ്ങിക്കൂട്ടുകയാണ്. പണവും സമ്മാനങ്ങളും നല്‍കി അവര്‍ വോട്ടുകള്‍ ഉറപ്പിക്കുന്നു.

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 123(1)ന്‍റെ നഗ്നമായ ലംഘനമാണിത്. നേതാക്കള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സമ്മാനങ്ങള്‍ നല്‍കുന്നത് കൈക്കൂലിയുടെ പരിധിയിലാണ് വരുന്നത്. ഇത് അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ ഏഴ് , ഇന്ത്യന്‍ കുറ്റകൃത്യ നിയമത്തിലെ 171 ബി, 171ഇ വകുപ്പുകള്‍ പ്രകാരവും കുറ്റകരമാണ്. ജനങ്ങള്‍ക്ക് പണവും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സമ്മാനങ്ങളും നല്‍കുന്നതിന്‍റെ ദൃശ്യങ്ങളും ചിത്രങ്ങളും മറ്റും വ്യാപകമായി പ്രചരിക്കപ്പെട്ടിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ത് കൊണ്ട് നടപടിയെടുക്കുന്നില്ലെന്ന ചോദ്യം ഉയരുന്നുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളില്‍ നിന്ന് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ സ്വീകരിക്കുന്നത് സേവന ചട്ടങ്ങളുടെ പരിധിയില്‍ പെടുത്തി അന്വേഷിക്കാവുന്നതാണ്.

ഗ്രാമീണ മേഖലയിലെ സ്‌ത്രികള്‍ക്ക് സാമൂഹ്യ സാമ്പത്തിക ഉന്നമനത്തിന് വേണ്ടി നല്‍കിയിട്ടുള്ള വായ്‌പകള്‍ എഴുതിത്തള്ളാന്‍ എന്ന പേരില്‍ എല്ലാ മണ്ഡലങ്ങളിലും വൈഎസ്ആര്‍ സര്‍ക്കാര്‍ യോഗങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. സര്‍ക്കാര്‍ ഫണ്ടുപയോഗിച്ചുള്ള ഈയോഗങ്ങള്‍ വൈഎസ്ആര്‍സിപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി പോലെയാണ് നടത്തുന്നത്. യോഗം നടക്കുന്ന ഹാളിന്‍റെ പരിസരം മുഴുവന്‍ പാര്‍ട്ടി പതാകകളും കമാനങ്ങളും കട്ടൗട്ടുകളും ബാനറുകളും ഫ്‌ളസ്‌കുകളും കൊണ്ട് അലങ്കരിക്കുന്നു. പരിപാടികള്‍ക്കെത്തുന്ന സ്‌ത്രീകളെക്കൊണ്ട് ഫാന്‍ ചിഹ്നത്തിന് വോട്ടു ചെയ്യുമെന്ന പ്രതിജ്ഞയും എടുപ്പിക്കുന്നു.

ഗ്രാമീണ മേഖലകളിലെ സ്‌ത്രീകള്‍ക്ക് മുന്‍ സര്‍ക്കാര്‍ വായ്പ നല്‍കിയിരുന്നില്ലെന്നും തങ്ങള്‍ അവ ഇപ്പോള്‍ നല്‍കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ ഇത്തരം യോഗങ്ങളില്‍ പറയുന്നു. യോഗത്തിനെത്തുന്നവര്‍ക്ക് ജഗന്‍റെയും പ്രദേശത്തെ എംഎല്‍എയുടെയോ പാര്‍ട്ടി ചുമതലയുള്ള വ്യക്തിയുടെയോ ചിത്രങ്ങളും വിതരണം ചെയ്യുന്നു. സര്‍ക്കാര്‍ ചെലവില്‍ നടക്കുന്ന പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പരിപാടി തന്നെയാണിതെന്നും ആരോപണമുയരുന്നു.

വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എമാരെയും എംപിമാരെയും മറ്റ് മണ്ഡലങ്ങളിലേക്ക് മാറ്റുന്നു. യോഗത്തിന് പോകുന്ന നേതാക്കളാണ് ഇവര്‍ക്ക് വേണ്ടി പണവും സമ്മാനങ്ങളും വിതരണം ചെയ്യുന്നത്. സ്വയം ശക്തി സംഘങ്ങളുടെ റിസോഴ്‌സ് പേഴ്‌സണ്‍മാരിലേക്കാണ് സമ്മാനങ്ങള്‍ എത്തുന്നത്. ഇതിന് പുറമെ ഗ്രാമങ്ങളിലെയും വാര്‍ഡുകളിലെയും ജീവനക്കാര്‍ക്കും വോളന്‍റിയര്‍മാര്‍ക്കും ഇവ കൈമാറുന്നുണ്ടാകാം.

ചന്ദ്രഗിരി മുതല്‍ പെനമാലൂര്‍ വരെയുള്ള മണ്ഡലങ്ങളിലെ സ്ഥിതി ഇതാണ്. വൈഎസ്ആര്‍സിപിയില്‍ നിന്നുള്ള വിജയവാഡ എംഎല്‍എ വെള്ളാംപള്ളി ശ്രീനിവാസ റാവു വരുന്ന തെരഞ്ഞെടുപ്പില്‍ വിജയവാഡ സെന്‍ട്രലില്‍ നിന്ന് ജനവിധി തേടും. കഴിഞ്ഞ കുറച്ച് ദിവസമായി സെക്രട്ടറിയേറ്റുകളിലെ ജീവനക്കാരും വോളന്‍റിയര്‍മാരുമായി ആശയവിനിമയം നടത്തുകയാണ്.

ചന്ദ്രഗിരിയിലെ വൈഎസ്ആര്‍പി എംഎല്‍എ ചെവിറെഡ്ഡി ഭാസ്കര്‍ റെഡ്ഡി സംക്രാന്തി സമ്മാനമെന്ന പേരില്‍ എല്ലാ വീട്ടിലും കുക്കറുകള്‍ എത്തിക്കുന്നു. ഇതില്‍ മുഖ്യമന്ത്രി ജഗന്‍റെയും മകന്‍ മോഹിത് റെഡ്ഡിയുടെയും ചിത്രങ്ങള്‍ പതിപ്പിച്ചിട്ടുണ്ട്.

യേശുവിന്‍റെ പുത്രന്‍ ജഗനെ ഒരുതവണ കൂടി മുഖ്യമന്ത്രിയും തന്നെ എംഎല്‍എയും ആക്കണമെന്നാണ് മന്ത്രി ജോഗി രമേഷ് പാസ്റ്റര്‍മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടുള്ള സഹായങ്ങളെക്കുറിച്ച് എല്ലാ ഭവനങ്ങളിലും അറിയിക്കണമെന്നും ഇവര്‍ പാസ്റ്റര്‍മാരോട് പറയുന്നു. തന്‍റെ വിജയത്തിനായി ഇദ്ദേഹം പാസ്റ്റര്‍മാര്‍ക്കൊപ്പം പ്രാര്‍ത്ഥിക്കുകയും ചെയ്തു. യോഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും കുക്കറും ഫ്ലാസ്കും രണ്ടായിരം രൂപയും അദ്ദേഹത്തിന്‍റെ ചിത്രവും ഫാനും പതിപ്പിച്ച ബാഗില്‍ വിതരണം ചെയ്തു. ഇതൊരു ഗുരുതര കുറ്റകൃത്യമാണ്. ഇദ്ദേഹത്തിനെതിരെ ഐപിസി 171 സി, 171 എഫ് വകുപ്പുകള്‍ ചുമത്തി കേസെടുക്കണം. മതത്തിന്‍റെ പേര് പറഞ്ഞ് പ്രചാരണം നടത്തിയ ജോഗി രമേഷിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

1995ല്‍ ശ്രീകാകുളം മണ്ഡലത്തില്‍ ശ്രീകൃഷ്ണ വിഗ്രഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ച കലമാത മോഹന റാവുവിന്‍റെ തെരഞ്ഞെടുപ്പ് അസാധുവാക്കിയിരുന്നു. പിന്നീട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും ഇദ്ദേഹത്തിന് അയോഗ്യത കല്‍പ്പിച്ചിരുന്നു. ഇപ്പോള്‍ പ്രചാരണത്തിന് മതത്തെ ഉപയോഗിക്കുന്ന ജോഗി രമേഷിന്‍റെ കാര്യത്തിലും കമ്മീഷന്‍ ഇടപെടണമെന്നാണ് ആവശ്യം.

കഴിഞ്ഞ മാസം പത്തിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന്‍റെ അധ്യക്ഷതയില്‍ വിജയവാഡയില്‍ നടന്ന യോഗത്തില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ പണം വിതരണം ചെയ്തുള്ള പ്രചാരണങ്ങളുണ്ടോയെന്ന് ശക്തമായി നിരീക്ഷണം വേണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു. ഇക്കാര്യം വിവിധ വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കണമെന്നും രാജീവ് കുമാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഓണ്‍ലൈന്‍ വഴിയുള്ള അനധികൃത പണമിടപാടുകളും നിരീക്ഷിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

വോട്ടര്‍മാരെ സ്വാധീനിക്കാനായി വിതരണം ചെയ്യാന്‍ സൂക്ഷിച്ചിരിക്കുന്ന മദ്യം, പണം എന്നിവ റെയ്‌ഡ് ചെയ്‌ത് പിടികൂടണമെന്നും നിര്‍ദ്ദേശമുണ്ട്. ഭരണകക്ഷിയുടെ യാതൊരു തരത്തിലുള്ള ഇംഗിതങ്ങള്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ വശംവദരാകരുതെന്നും നിര്‍ദ്ദേശമുണ്ട്.

എന്നിട്ടും ഇത്തരം സമ്മാനങ്ങള്‍ നല്‍കുന്നത് തടയാന്‍ എന്ത് കൊണ്ട് സാധിക്കുന്നില്ലെന്ന ചോദ്യമാണ് ഉയരുന്നത്. ഭരണകക്ഷിയുടെ പിന്തുണയുള്ളത് കൊണ്ട് തന്നെയാണിത്. വോട്ട് കച്ചവടം തടയാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടര്‍ക്ക് അധികാരമുണ്ട്. എന്നാല്‍ ഇവര്‍ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണെന്നും വിമര്‍ശനം ഉയരുന്നു.

Also Read: വൈ എസ് ആർ തെലങ്കാന 'വെറും ഒരു എന്‍ജിഒ': രേവന്ത് റെഡ്ഡി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.