ETV Bharat / bharat

'എല്ലാ വിഭാഗങ്ങളിലും വികസനം എത്തി'; രാജ്യത്ത് ഭക്ഷണത്തെക്കുറിച്ച് ആശങ്കയില്ലെന്ന് ധനമന്ത്രി

author img

By ETV Bharat Kerala Team

Published : Feb 1, 2024, 12:40 PM IST

Updated : Feb 1, 2024, 1:58 PM IST

അടിസ്ഥാനസൗകര്യ വികസനത്തിന് 11.11 ലക്ഷം കോടി. രാജ്യത്ത് ഭൗതികവും സാമൂഹികവും ഡിജിറ്റലുമായ അടിസ്ഥാന സൗകര്യങ്ങൾ അതിവേഗത്തിൽ സ്ഥാപിക്കാനായെന്ന് ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി

union budget 2024  nirmala sitharaman  parliament budget sesssion 2024  കേന്ദ്ര ബജറ്റ് 2024  ഇടക്കാല ബജറ്റ് 2024
union budget 2024

ന്യൂഡൽഹി : രണ്ടാം മോദി സർക്കാരിന്‍റെ അവസാന പാർലമെന്‍റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു. 11 മണിയോടെയാണ് ബജറ്റ് അവതരണം ആരംഭിച്ചത്. രണ്ടാം മോദി സർക്കാരിന്‍റെ അവസാന ബജറ്റാണിത്.

രാജ്യത്ത് ഭൗതികവും സാമൂഹികവും ഡിജിറ്റലുമായ അടിസ്ഥാന സൗകര്യങ്ങൾ അതിവേഗത്തിൽ സ്ഥാപിക്കാനായെന്ന് ധനമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിന് 11.11 ലക്ഷം കോടിയാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. ജനങ്ങളിലേക്ക് വലിയ പദ്ധതികളുടെ ഗുണഫലം വേഗത്തിൽ എത്തിക്കാനായെന്ന് ധനമന്ത്രി പറഞ്ഞു. അർഹരായവർക്ക് പണം അവരുടെ അക്കൗണ്ട‌ുകളിലേക്ക് നേരിട്ടെത്തിച്ചു. രാജ്യത്ത് തൊഴിൽ സാധ്യതകൾ വർധിപ്പിച്ചു.

25 കോടി ജനങ്ങളെ വിവിധ തലങ്ങളിലുള്ള ദാരിദ്ര്യത്തിൽ നിന്ന് സർക്കാർ മുക്തരാക്കി. വിവിധ മേഖലകളിലെ പിന്നോക്ക വിഭാഗക്കാരെ ശാക്തീകരിക്കാൻ കഴിഞ്ഞു. പിഎം ജൻധൻ അക്കൗണ്ട് മുഖേന 32 ലക്ഷംകോടി രൂപ ജനങ്ങൾക്ക് എത്തിച്ചുനല്‍കി.

എല്ലാ വിഭാഗങ്ങളിലും വികസനം എത്തിയെന്നും ധനമന്ത്രി പറഞ്ഞു. ഗോത്ര വിഭാഗങ്ങളെ ശാക്തീകരിച്ചുവെന്നും എല്ലാ വിഭാഗങ്ങളെയും സമഭാവനയോടെ കണ്ടുവെന്നും മന്ത്രി വ്യക്തമാക്കി. വിശ്വകർമ യോജനയിലൂടെ കരകൗശല തൊഴിലാളികള്‍ക്ക് സഹായം എത്തിച്ചു.

അടുത്ത അഞ്ച് കൊല്ലത്തില്‍ പിഎംഎവൈയിലൂടെ രണ്ട് കോടി വീടുകള്‍ കൂടി സാധ്യമാക്കും. ഒരു കോടി കുടുംബങ്ങള്‍ക്ക് പുരപ്പുറ സോളാര്‍ പദ്ധതിയിലൂടെ പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി ലഭ്യമാക്കും. ഇടത്തരം കുടുംബങ്ങൾക്ക് പാർപ്പിട സൗകര്യം ഒരുക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമായി. വാടക വീടുകളിലോ ചേരികളിലോ കോളനികളിലോ താമസിക്കുന്ന മധ്യവർഗത്തിലെ അർഹരായ വിഭാഗങ്ങൾക്ക് സ്വന്തമായി വീട് വാങ്ങാനോ നിർമ്മിക്കാനോ സഹായിക്കുന്നതിന് പദ്ധതി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകി. 4 കോടി കർഷകർക്ക് വിള ഇൻഷുറൻസ് നൽകി. 1361 ഗ്രാമീണ ചന്തകള്‍ നവീകരിച്ചു. എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയമന്ത്രമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. തെരുവോര കച്ചവടക്കാർക്കും പാവപ്പെട്ടവർക്കും ഗുണംചെയ്യുന്ന പദ്ധതികൾ സർക്കാർ ലഭ്യമാക്കി. ഇവർക്ക് വായ്‌പയും ലഭ്യമാക്കിയെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷം അഭൂതപൂര്‍വമായ വികസനത്തിന്‍റെ വര്‍ഷങ്ങളായിരിക്കും എന്നും ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.

Last Updated : Feb 1, 2024, 1:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.