ETV Bharat / bharat

മോഷണം അങ്ങ് ആകാശത്ത്; 110 ദിവസം കൊണ്ട് 200 വിമാനയാത്ര, വിമാനത്തിൽ മാത്രം മോഷ്‌ടിക്കുന്ന കള്ളൻ ഒടുവില്‍ പിടിയിൽ - Airline Theft

author img

By ETV Bharat Kerala Team

Published : May 15, 2024, 1:34 PM IST

അടുത്തിടെ രണ്ട് പ്രധാന മോഷണങ്ങള്‍ നടത്തിയ പ്രതിയെ ആർജിഐഎ പൊലീസ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌ത് ഡൽഹിയിലെ പഹാർഗഞ്ച് പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി

THIEF TARGETING AIR TRAVELERS  THEFT IN THE FLIGHT  വിമാനത്തിൽ മോഷണം  കള്ളൻ പിടിയിൽ
Air Travelers Are The Target Of Thief He Stole IN 200 Flights 110 Days (Source: Etv Bharat Network)

ഹൈദരാബാദ് : ഒരാൾ 110 ദിവസം കൊണ്ട് രാജ്യത്തുടനീളം ഇരുന്നൂറോളം വിമാനങ്ങളിൽ യാത്രചെയ്യുന്നു. വലിയ നഗരങ്ങളിൽ വിമാനത്തിൽ ചുറ്റി കറങ്ങി നടക്കുന്ന ഈ മനുഷ്യൻ കള്ളനാണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? വിമാനയാത്രക്കാരെ മാത്രം ലക്ഷ്യമിട്ട് മോഷണം നടത്തിയിരുന്ന കള്ളൻ ഒടുവിൽ പൊലീസിന്‍റെ വലയിലായി.

ഡൽഹി പഹർഗഞ്ച് സ്വദേശി രാജേഷ് കപൂർ (40) നെയാണ് പൊലീസ് പിടികൂടിയത്. ഹൈദരാബാദിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന സ്‌ത്രീയുടെ ഹാൻഡ്ബാഗിൽ നിന്ന് വിലപിടിപ്പുള്ള ആഭരണങ്ങൾ മോഷ്‌ടിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച ഡൽഹിയിലെ പഹാർഗഞ്ച് പൊലീസ് അടുത്തിടെ പ്രതിയെ പിടികൂടിയിരുന്നു.

പ്രതി മുൻപ് മണി എക്‌സ്‌ചേഞ്ച് ബിസിനസിനൊപ്പം മൊബൈൽ ഫോൺ റിപ്പയർ ഷോപ്പും നടത്തിയിരുന്നു. കൂടുതൽ സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയാണ് മോഷണം ആരംഭിച്ചത്. ട്രെയിനില്‍ മോഷണം നടത്തിയിരുന്ന ഇയാൾ ആദ്യം പൊലീസിന്‍റെ പിടിയിലായി. ജയില്‍ വാസം കഴിഞ്ഞെത്തിയതിന് ശേഷം വിമാന യാത്രക്കാരെ ലക്ഷ്യമിട്ടായിരുന്നു ഇയാൾ മോഷണം നടത്തിയത്.

കണക്‌ടിങ് ഫ്ലൈറ്റുകളിൽ യാത്ര ചെയ്യുന്നവരെയാണ് ഇയാൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. സാധനങ്ങൾ പായ്ക്ക് ചെയ്യുന്നതായി നടിച്ചും വിശ്രമമുറിയിൽ പോകുമ്പോഴോ വിലപിടിപ്പുള്ള വസ്‌തുക്കൾ മോഷ്‌ടിക്കുന്നതാണ് ഇയാളുടെ രീതി. 2023ൽ മോഷണത്തിനായി ഇയാൾ 110 ദിവസത്തിനിടെ 200 വിമാനങ്ങളിൽ യാത്ര ചെയ്‌തുവെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

രാജേഷ് കപൂർ അടുത്തിടെ രണ്ട് പ്രധാന മോഷണങ്ങളാണ് നടത്തിയത്. ഏപ്രിൽ 11ന് ഹൈദരാബാദിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന യുവതിയുടെ ബാഗിലുണ്ടായിരുന്ന ഏഴ് ലക്ഷം രൂപ ഇയാൾ കവർന്നു. ഫെബ്രുവരി രണ്ടിന് അമൃത്സറിൽ നിന്ന് ഡൽഹിയിലേക്ക് വിമാനത്തിൽ യാത്ര ചെയ്‌ത ഒരാൾ തന്‍റെ 20 ലക്ഷം രൂപയുടെ ബാഗ് മോഷണം പോയതായി ഡൽഹിയിൽ പരാതി നൽകിയിരുന്നു.

ഡൽഹി, ഹൈദരാബാദ്, അമൃത്സർ തുടങ്ങിയ വിമാനത്താവളങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചപ്പോൾ മൂന്നിടത്ത് സംശയാസ്‌പദമായി ഇയാളെ കണ്ടിരുന്നു. സാങ്കേതിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡൽഹിയിലെ പഹാർഗഞ്ചിൽ വച്ചാണ് പിന്നീട് പ്രതിയെ പിടികൂടിയത്.

കൂടാതെ ഇയാൾ ഹൈദരാബാദ് സ്വദേശികളുടെ ഒരു കോടിയുടെ സ്വത്ത് തട്ടിയെടുത്തിട്ടുണ്ട്. ഹൈദരാബാദിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ രണ്ട് യാത്രക്കാരിൽ നിന്ന് വസ്‌തു കവർന്നതായി പ്രതി സമ്മതിച്ചു. ഒരു കേസിൽ ഏകദേശം 52 ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും അപഹരിച്ചു. ജൂബിലിഹിൽസ് പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ആർജിഐഎ പൊലീസ് സ്‌റ്റേഷനിൽ മറ്റൊരു കേസ് രജിസ്‌റ്റർ ചെയ്‌തു. ഷംഷാബാദിൽ നിന്ന് ഡൽഹിയിലേക്ക് പോകുന്ന യാത്രക്കാരിൽ നിന്ന് 50 ലക്ഷത്തോളം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.

ഡൽഹിയിൽ വസ്‌തു വിറ്റതായും പ്രതി സമ്മതിച്ചതോടെ ആർജിഐഎ പൊലീസ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌ത് ഡൽഹിയിലെ പഹാർഗഞ്ച് പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. അന്വേഷണത്തിൽ പ്രതിക്ക് റിക്കി ഡീലക്‌സ് എന്ന ഗസ്‌റ്റ് ഹൗസ് ഉണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതി മോഷ്‌ടിച്ച സ്വർണം കരോൾബാഗിലെ ശരദ് ജെയിന് എന്ന വ്യാപാരിക്കാണ് വിൽക്കുന്നത്. ഇയാളെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു.

Also Read : പുലര്‍ച്ചെ ഒന്നിനും നാലിനും ഇടയില്‍ കവര്‍ച്ച ; ചങ്ങനാശ്ശേരിയിൽ വീടുകൾ കുത്തിത്തുറന്ന് വൻ മോഷണം - Massive Theft In Changanassery

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.