ETV Bharat / bharat

രാഹുല്‍ ഗാന്ധിയുടെ വയനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണം മന്ദഗതിയില്‍

author img

By ETV Bharat Kerala Team

Published : Mar 14, 2024, 4:01 PM IST

രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഇനിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചിട്ടില്ല. ഭാരത് ജോഡോ ന്യായ് യാത്ര കഴിഞ്ഞ് രാഹുല്‍ തിരിച്ചെത്തിയിട്ട് വേണം പ്രചാരണം തുടങ്ങാനെന്ന നിലപാടിലാണ് ഇവിടുത്തെ കോണ്‍ഗ്രസുകാര്‍.

Election campaign  Wayanad constituency  Rahul gandhi  Congress
Congress Election campaign in slow pace in Rahul gandhi's Wayanad Constituency

വയനാട്:വയനാട് മണ്ഡലത്തിലെ ഇടത്-വലത് മുന്നണികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം ആമയും മുയലും തമ്മിലുള്ള ഓട്ടപ്പന്തയം പോലെയാണ്. തെരഞ്ഞെടുപ്പ് ആകുലതകളൊന്നുമില്ലാതെ വയനാട് കോണ്‍ഗ്രസ് ജില്ലാ ആസ്ഥാനം വൈകിട്ട് അഞ്ചിന് ശേഷം ഉറക്കത്തിലാകും. കേരളത്തില്‍ അങ്ങോളമിങ്ങോളം എല്ലാ മണ്ഡലങ്ങളും തെരഞ്ഞെടുപ്പ് ചൂടിലേക്ക് അമര്‍ന്നെങ്കിലും വയനാട്ടില്‍ എല്ലാം മന്ദഗതിയിലാണ്( Election campaign).

കല്‍പ്പറ്റ പട്ടണം മുതല്‍ വയനാട് കോണ്‍ഗ്രസ് ജില്ലാ ഓഫീസ് വരെ പാര്‍ട്ടി പതാകകളോ കൊടിതോരണങ്ങളോ കാണാനുമില്ല. രാഹുല്‍ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലെ നിലവിലെ സ്ഥിതി ഇതാണ്. യുഡിഎഫ് ക്യാമ്പില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ചിട്ടില്ല. ചിലയിടങ്ങളില്‍ രാഹുലിന്‍റെ ചിത്രമുള്ള ബോര്‍ഡുകള്‍ കാണാം. ഇന്ത്യയുടെ രാഹുലിന് വയനാടിന്‍റെ സ്‌നേഹം എന്ന പോസ്റ്ററുകള്‍ ചിലയിടങ്ങളില്‍ കാണാം. രാജീവ് ഭവന്‍ എന്ന മങ്ങിയ ബോര്‍ഡ് മാത്രമാണ് ഇത് കോണ്‍ഗ്രസിന്‍റെ ഓഫീസാണെന്ന് തിരിച്ചറിയാനുള്ള ഏക മാര്‍ഗം. തെരഞ്ഞെടുപ്പിന്‍റെ യാതൊരു അടയാളങ്ങളും രാജീവ് ഭവനില്ല. റോഡില്‍ നിന്ന് പ്രധാന ഓഫീസിലേക്കുള്ള കവാടം തുരുമ്പിച്ചിരിക്കുന്നു(Wayanad constituency).

വിജയം ഉറപ്പാക്കിയ ഒരു സ്ഥാനാര്‍ത്ഥിക്ക് ഇത്രയൊക്കെ മതിയെന്നാണ് കോണ്‍ഗ്രസ് ഓഫീസില്‍ കണ്ട ഒരാള്‍ പ്രതികരിച്ചത്. തങ്ങളുടെ എതിരാളികളെ പോലും രാജ്യം മുഴുവന്‍ പോസ്റ്ററുകളും കൊടിതോരണങ്ങളും വേണമോയെന്നും അദ്ദേഹം ചോദിച്ചു. വയനാട്ടിലെ ജനങ്ങള്‍ രാഹുലിനെ അവരുടെ ഹൃദയം കൊണ്ട് ഏറ്റെടുത്തിരിക്കുകയാണെന്നും കോണ്‍ഗ്രസ് അനുഭാവിയായ ആ മനുഷ്യന്‍ പറഞ്ഞു. അതേസമയം ഇക്കാര്യങ്ങള്‍ ക്യാമറയ്ക്ക് മുന്നില്‍ പറയാനോ പേര് വെളിപ്പെടുത്താനോ അദ്ദേഹം തയാറായില്ല(Rahul gandhi).

മലപ്പുറം ജില്ലയിലെ ഏറനാട് മണ്ഡലത്തില്‍ നിന്ന് മണ്ഡല തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഈ മാസം പതിനാറിന് തുടങ്ങും. തൊട്ടടുത്ത ദിവസം വണ്ടുരിലും കണ്‍വന്‍ഷന്‍ നടക്കും. പതിനെട്ട് മുതല്‍ മാനന്തവാടി, ബത്തേരി, കല്‍പ്പറ്റ, തുടങ്ങിയ ഇടങ്ങളിലും കണ്‍വന്‍ഷന്‍ നടക്കും. രാഹുല്‍ അടുത്താഴ്‌ച എത്തുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. രാഹുല്‍ എത്തിയശേഷം പ്രചാരണം തീവ്രമാക്കാമെന്നാണ് നേതാക്കള്‍ ആലോചിക്കുന്നത്. അത് വരെ സ്വസ്ഥമായിരിക്കാനാണ് ഇവരുടെ ആലോചന.

അതേസമയം ഇടതുമുന്നണി ക്യാമ്പ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബഹുദൂരം മുന്നേറിക്കഴിഞ്ഞു. രാഹുലിന്‍റെ പ്രധാന എതിരാളിയായ ആനിരാജ വയനാട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ ഇതിനകം രണ്ട് തവണ തെരഞ്ഞെടുപ്പ് യോഗങ്ങളെ അഭിസംബോധന ചെയ്‌ത് കഴിഞ്ഞു. മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രങ്ങളും ചിഹ്നങ്ങളും കൊടിതോരണങ്ങളും നിറഞ്ഞു കഴിഞ്ഞു.

വിവിധതലങ്ങളിലുള്ള ഇടതുമുന്നണിയോഗങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. യുഡിഎഫിനെ പ്രതിരോധത്തിലാക്കാനുള്ള എല്ലാ തന്ത്രങ്ങളും ഇടതുമുന്നണി മെനയുന്നുണ്ട്. സിപിഐ ദേശീയ എക്‌സിക്യൂട്ടീവംഗം പി സന്തോഷ്കുമാര്‍ എംപിയും സംസ്ഥാന നേതാവ് കെ പ്രകാശ്ബാബുവും സ്ഥലത്ത് ക്യാമ്പ് ചെയ്‌ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.

എന്‍ഡിഎ ഇനിയും വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. എന്‍ഡിഎ സഖ്യകക്ഷികളുമായി സീറ്റ് പങ്കിടലിനെക്കുറിച്ച് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വയനാട്ടില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയാകും മത്സരിക്കുക എന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (രാംദാസ് അത്തെവാലെ) പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read:രണ്ടാം അങ്കത്തിനിറങ്ങി രാജ്മോഹൻ ഉണ്ണിത്താന്‍; കാസർകോട് ഇനി പ്രചാരണ യുദ്ധം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.