ETV Bharat / bharat

സ്വാതി മലിവാള്‍ ബിജെപി ഗൂഢാലോചനയുടെ ഭാഗമെന്ന് അതിഷി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ആം ആദ്‌മി പാര്‍ട്ടി - Swati Maliwal AAP Row

author img

By ETV Bharat Kerala Team

Published : May 18, 2024, 5:25 PM IST

സ്വാതി മലിവാള്‍ അനധികൃത റിക്രൂട്ട്‌മെന്‍റ് കേസിൽ അറസ്റ്റ് നേരിടാനിരിക്കുകയാണെന്നും കെജ്‌രിവാളിനെതിരെ ബിജെപി നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാകാൻ അവരെ ബ്ലാക്ക് മെയിൽ ചെയ്തെന്നും അതിഷി ആരോപിച്ചു.

SWATI MALIWAL ATISHI  SWATI MALIWAL ASSAULT CASE  സ്വാതി മലിവാള്‍ എഎപി  സ്വാതി മലിവാള്‍ അതിഷി
Atishi, Swathi maliwal (Source : Etv Bharat Network)

സ്വാതി മലിവാള്‍ എഎപി ഓഫീസിന് പുറത്ത് കടക്കുന്ന ദൃശ്യങ്ങള്‍ (Source: ETV Bharat Network)

ന്യൂഡൽഹി : അരവിന്ദ് കെജ്‌രിവാളിന്‍റെ പിഎ ബിഭവ് കുമാറിനെതിരെ പരാതി നല്‍കിയ എംപി സ്വാതി മലിവാളിനെതിരെ ആരോപണങ്ങളുമായി എഎപി നേതാവും മന്ത്രിയുമായ അതിഷി. സ്വാതി മലിവാള്‍ അനധികൃത റിക്രൂട്ട്‌മെന്‍റ് കേസിൽ അറസ്റ്റ് നേരിടാനിരിക്കുകയാണെന്നും കെജ്‌രിവാളിനെതിരെയുള്ള ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാകാൻ അവരെ ബ്ലാക്ക് മെയിൽ ചെയ്തെന്നും അതിഷി പറഞ്ഞു. അതേസമയം, സ്വാതി മലിവാളിനെ എഎപി ഓഫിസിന് പുറത്തേക്ക് കൊണ്ടുവരുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.

മലിവാളിനെ സുരക്ഷ ഉദ്യോഗസ്ഥര്‍ പുറത്തേക്ക് കൊണ്ടുവരുന്നതും പുറത്തെത്തിയ മലിവാള്‍ പൊലീസിനോട് സംസാരിക്കുന്നതും സിസിടിവി ദൃശ്യത്തില്‍ കാണാം. എഎപി തന്നെയാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. അപ്പോയിന്‍മെന്‍റ് ഇല്ലാതെയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ മലിവാൾ തിങ്കളാഴ്‌ച പോയതെന്നും അതിഷി ആരോപിച്ചു.

'അവര്‍ എന്തിനാണ് അകത്ത് കയറിയത്? എന്തിനാണ് മുഖ്യമന്ത്രിയുടെ വസതിയിൽ അപ്പോയിന്‍മെന്‍റ് ഇല്ലാതെ വന്നിറങ്ങിയത്? അരവിന്ദ് കെജ്‌രിവാൾ അന്ന് തിരക്കിലായിരുന്നു. അതിനാല്‍ അവരെ കണ്ടില്ല. അന്ന് അവരെ കണ്ടിരുന്നെങ്കിൽ, ബിഭവ് കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങൾ അദ്ദേഹത്തിനെതിരെ തിരിയുമായിരുന്നു'- അതിഷി പറഞ്ഞു.

മലിവാളിനെ ബിജെപി ഗൂഢാലോചനയുടെ മുഖമാക്കിയെന്നും അതിഷി ആരോപിച്ചു. 'ബിജെപിക്ക് ഒരു സ്ഥിരം രീതിയുണ്ട്. ആദ്യം അവർ കേസെടുക്കുകയും പിന്നീട് നേതാക്കളെ ജയിലിലേക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യും. അഴിമതി വിരുദ്ധ ബ്രാഞ്ച് രജിസ്റ്റർ ചെയ്‌ത അനധികൃത റിക്രൂട്ട്‌മെന്‍റ് കേസിലാണ് സ്വാതി മലിവാൾ ഇപ്പോള്‍ ഭീഷണി നേരിടുന്നത്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. അവരെ അറസ്റ്റ് ചെയ്യുമെന്ന ഒരു ഘട്ടത്തിൽ ബിജെപി ബ്ലാക്ക് മെയിൽ ചെയ്യുകയും ഈ ഗൂഢാലോചനയുടെ മുഖമാക്കുകയുമാണ് ചെയ്‌തിരിക്കുന്നത്'- അതിഷി പറഞ്ഞു.

തിങ്കളാഴ്‌ച കെജ്‌രിവാളിന്‍റെ ഔദ്യോഗിക വസതിയിൽ വച്ച് ബിഭവ് കുമാർ തന്നെ ആക്രമിക്കുകയും നെഞ്ചിലും വയറ്റിലും മര്‍ദിക്കുകയും ചവിട്ടുകയും ചെയ്‌തുവെന്നാണ് എഎപി എംപി സ്വാതി മലിവാളിന്‍റെ പരാതി.

Also Read : സ്വാതി മലിവാളിനെ മര്‍ദിച്ചെന്ന പരാതി : കെജ്‌രിവാളിന്‍റെ പിഎ ബിഭവ് കുമാര്‍ അറസ്റ്റില്‍ - KEJRIWALS PA BIBHAV KUMAR ARRESTED

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.