ETV Bharat / bharat

വായ്‌പപരിധി കുറയ്‌ക്കല്‍; കേരളത്തിന്‍റെ ഹര്‍ജിയില്‍ വിധി പറയാതെ സുപ്രീം കോടതി - SC Reserves Verdict On Kerala

author img

By ETV Bharat Kerala Team

Published : Mar 22, 2024, 7:53 PM IST

കേരളത്തിന്‍റെ വായ്‌പ പരിധി വെട്ടിക്കുറച്ച നടപടിയില്‍ ഇളവ് വേണമെന്ന കേരളത്തിന്‍റെ ആവശ്യത്തില്‍ വിധി പറയാതെ സുപ്രീം കോടതി. കേരളത്തിന്‍റെ പെന്‍ഷന്‍ അടക്കമുള്ള ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇപ്പോഴത്തെ തുക മതിയാകില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍.

Supreme Court  Borrowing Curbs  Keralas Plea  kapil sibal
Supreme Court Reserves Verdict On Kerala's Plea For Interim Relief In Original Suit Challenging Centre's Borrowing Curbs

ന്യൂഡല്‍ഹി: കേരളത്തിന്‍റെ വായ്‌പാപരിധി കുറച്ച നടപടിയില്‍ ഇടക്കാല ഇളവ് ആവശ്യപ്പെട്ട് കേരളം സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയാതെ സുപ്രീം കോടതി. ജസ്‌റ്റിസുമാരായ സൂര്യകാന്തും കെ വി വിശ്വനാഥനുമുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസില്‍ വാദം കേട്ടത് . സംസ്ഥാനത്തിന്‍റെ അടിയന്തര സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാനായി 2024 മാര്‍ച്ച് 31ന് ഈ സാമ്പത്തിക വര്‍ഷം അവസാനിക്കും മുമ്പുള്ള തീരുമാനത്തിനായാണ് കേരളം കോടതിയെ സമീപിച്ചത് (Supreme Court Reserves Verdict On Kerala's Plea).

വായ്‌പ പരിധി നിശ്ചയിക്കാനുള്ള കേന്ദ്ര മാനദണ്ഡങ്ങളെ ഭരണഘടനയിലെ അനുച്ഛേദം 131 ന്‍റെ അടിസ്ഥാനത്തില്‍ കേരളം ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നു. ഇതിന് പുറമെ സംസ്ഥാനത്തിന്‍റെ സാമ്പത്തിക ഭൂപ്രകൃതിയെയും ഹര്‍ജിയില്‍ സംസ്ഥാനം ഉയര്‍ത്തിക്കാട്ടുന്നു. സംസ്ഥാനം അമിതമായി ചെലവഴിക്കുന്നു എന്നതിനെ പ്രതിരോധിക്കാന്‍ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ നിക്ഷേപവും അവ മനുഷ്യ വിഭവശേഷിയിലുണ്ടാക്കിയിട്ടുള്ള മുന്നേറ്റങ്ങളും സംസ്ഥാനം ഉയര്‍ത്തിക്കാട്ടുന്നു.

കഴിഞ്ഞ കുറേ ആഴ്‌ചകളായി സംസ്ഥാന-കേന്ദ്രസര്‍ക്കാരുകള്‍ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താനും പ്രശ്‌നത്തിലെ സ്‌തംഭനാവസ്ഥ ഒഴിവാക്കാനും ബെഞ്ച് കാര്യക്ഷമമായി ശ്രമിക്കുന്നുണ്ട്. കേരള സര്‍ക്കാര്‍ ഹര്‍ജി പിന്‍വലിക്കാന്‍ തയാറാണെങ്കില്‍ 13,608 കോടി അധികമായി വായ്പയെടുക്കാന്‍ അനുവദിക്കാമെന്ന് കേന്ദ്രം സമ്മതിച്ചിരുന്നു. എന്നാല്‍ ഇതിനെ കോടതി അപലപിച്ചു. കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്താനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

13,608 കോടി രൂപ സംസ്ഥാനത്തിന്‍റെ അടിയന്തര സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂവെന്ന് കേരളം ചൂണ്ടിക്കാട്ടി. അതോടെ തുടര്‍വാദങ്ങള്‍ നിഷ്‌ഫലമാകുകയും 19,351 കോടി രൂപ വായ്‌പ അനുവദിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്രം നിരസിക്കുകയും ചെയ്‌തു. സംസ്ഥാനത്തിന്‍റെ ബജറ്റ് കമ്മി ചൂണ്ടിക്കാട്ടി ആയിരുന്നു നടപടി. എന്നാല്‍ വായ്‌പ പരിധിയില്‍ ഇളവ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു. കേരളത്തിന്‍റെ അടിയന്തര സാമ്പത്തിക ആവശ്യങ്ങള്‍ നേടാനായാണ് ഇത്തരമൊരു അഭ്യര്‍ത്ഥന നടത്തിയത്.

ഈ സാമ്പത്തിക വര്‍ഷത്തേക്കെങ്കിലും ഇക്കാര്യം പരിഗണിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കൂടുതല്‍ ശക്തമായ വ്യവസ്ഥകള്‍ അടുത്ത സാമ്പത്തിക വര്‍ഷം ഏര്‍പ്പെടുത്താമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതോടെ നിരവധി വ്യവസ്ഥകള്‍ക്ക് വിധേയമായി അയ്യായിരം കോടി കൂടി അനുവദിക്കാമെന്ന് കേന്ദ്രം സമ്മതിച്ചു. അടുത്ത സാമ്പത്തിക വര്‍ഷത്തെ ആദ്യ ഒന്‍പതുമാസത്തെ വായ്‌പയില്‍ നിന്ന് ഇത് കുറവ് ചെയ്യുമെന്ന നിബന്ധന ആയിരുന്നു അതില്‍ പ്രധാനം.

Also Read: 5000 കോടി കടമെടുക്കാന്‍ അനുവദിക്കാമെന്ന് കേന്ദ്രം ; 10,000 കോടി വേണമെന്ന് കേരളം

എന്നാല്‍ ഇത് സംസ്ഥാന സര്‍ക്കാര്‍ തള്ളി. കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ നയിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. പെന്‍ഷന്‍ അടക്കമുള്ള അവശ്യ ചെലവുകള്‍ക്ക് ഇത് മതിയാകില്ലെന്നും കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ ബോധിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.