ETV Bharat / bharat

ചണ്ഡിഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി ; ആദ്യ ഫലം റദ്ദാക്കി സുപ്രീം കോടതി, വിജയി ആം ആദ്‌മി പാർട്ടി സ്ഥാനാർത്ഥി

author img

By ETV Bharat Kerala Team

Published : Feb 20, 2024, 5:34 PM IST

ചണ്ഡിഗഡ് മേയര്‍ തെരഞ്ഞെടുപ്പ് കേസിൽ ബിജെപിക്ക് കനത്ത പ്രഹരം. ആം ആദ്‌മി പാർട്ടിയുടെ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ച് സുപ്രീം കോടതി. ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ലെന്ന് കോടതി.

ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പ്  സുപ്രീംകോടതിയില്‍ റീ കൗണ്ടിങ്  ബിജെപി  Chandigarh mayoral polls  supreme court recounting
Chandigarh mayoral polls; supreme court recounting day

ചണ്ഡിഗഡ് : മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. ബിജെപി സ്ഥാനാർത്ഥി വിജയിച്ച ആദ്യ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ സുപ്രീം കോടതി ആം ആദ്‌മി പാർട്ടിയുടെ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചു. ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ലെന്ന നിരീക്ഷണത്തോടെ ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് വിധി പ്രസ്‌താവം നടത്തിയത്. വിധി വന്നതോടെ ആം ആദ്‌മി പാർട്ടിയുടെ കൗൺസിലർ കുൽദീപ് സിങ് ചണ്ഡിഗഡ് മേയറാകും (SC Sets Aside Chandigarh Mayoral Poll Result).

2024 ജനുവരി 30-ന് വരണാധികാരി അനിൽ മസിഹ് പ്രഖ്യാപിച്ച ഫലം നിയമവിരുദ്ധമാണെന്ന് കോടതി പ്രഖ്യാപിച്ചു. ചണ്ഡിഗഡ് മേയര്‍ തെരഞ്ഞെടുപ്പിന്‍റെ ബാലറ്റ് പേപ്പറുകളും, വീഡിയോ ദൃശ്യങ്ങളും സുപ്രീംകോടതി ഇന്ന് നേരിട്ട് പരിശോധിച്ചിരുന്നു. ബാലറ്റ് പേപ്പറുകൾ വിശദമായി പരിശോധിച്ച കോടതി അവ അസാധുവാകാൻ തക്ക രീതിയിൽ വികൃതമല്ലെന്ന് കണ്ടെത്തി.

കുൽദീപ് കുമാറിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയ 8 ബാലറ്റുകൾ അസാധുവാക്കാൻ വരണാധികാരി അവ ബോധപൂർവം തിരുത്തിയതായും കോടതി കണ്ടെത്തി. അതിനാൽ ഈ 8 വോട്ടുകളും ഫലത്തോടൊപ്പം ചേർത്താണ് കുൽദീപ് കുമാറിനെ വിജയിയായി പ്രഖ്യാപിച്ചത്. ബിജെപി നേതാവുകൂടിയായ അനിൽ മസിഹിനെതിരെ നടപടിക്കും കോടതി നിർദേശിച്ചു.

എഎപി-കോണ്‍ഗ്രസ് സഖ്യത്തിന്‍റെ 8 വോട്ടുകള്‍ അനില്‍ മസിഹ് അസാധുവാക്കിയതിനെത്തുടര്‍ന്നാണ് ബിജെപി സ്ഥാനാര്‍ത്ഥി മനോജ് സോങ്കര്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് (Chandigarh Mayoral Polls). പിന്നാലെ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടി എഎപി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

Also Read: ചണ്ഡിഗഡില്‍ വീണ്ടും ട്വിസ്റ്റ് ; മേയർ മനോജ് സോങ്കർ രാജിവച്ചു, മൂന്ന് എഎപി കൗൺസിലർമാർ ബിജെപിയില്‍

എട്ട് ബാലറ്റ് പേപ്പറുകളില്‍ 'X' ചിഹ്നം ഇട്ടതായി വരണാധികാരിയായിരുന്ന അനില്‍ മസിഹ് ഇന്നലെ കോടതിയില്‍ സമ്മതിച്ചിരുന്നു. എന്തിനാണ് ക്യാമറയിലേക്ക് നോക്കുന്നതെന്ന് കോടതി അനിൽ മസിഹിനോട് ചോദിച്ചു. അതിന് ചുറ്റും ശബ്‌ദമുണ്ടെന്നും അതിനാൽ ക്യാമറയിലേക്ക് നോക്കുകയാണെന്നുമാണ് അദ്ദേഹം മറുപടി നൽകിയത്.

വികൃതമായ ബാലറ്റുകളായതിനാൽ ആശയക്കുഴപ്പം ഒഴിവാക്കാനാണ് താൻ പേപ്പറില്‍ അടയാളപ്പെടുത്താൻ ശ്രമിച്ചതെന്നും മസിഹ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഇടപെട്ടുവെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി ശരിയായ വിവരങ്ങൾ നൽകിയില്ലെങ്കിൽ വരണാധികാരിയെ പ്രോസിക്യൂട്ട് ചെയ്യുമെന്നും പ്രസ്‌താവിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.