ETV Bharat / bharat

റിപ്പോ-റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ തുടര്‍ച്ചയായ ഏഴാം തവണയും മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് - RBI Keeps Repo Rate Unchanged

author img

By ETV Bharat Kerala Team

Published : Apr 5, 2024, 6:52 PM IST

RBI KEEPS REPO RATE UNCHANGED  റിപ്പോ റിവേഴ്‌സ് റിപ്പോ  ശക്തികാന്ത ദാസ്‌  റിസര്‍വ് ബാങ്ക്
RBI Keeps Repo Rate Unchanged At 6.5 Per Cent For 7th Consecutive Time

2024-2025 സാമ്പത്തിക വര്‍ഷത്തെ ആദ്യ ധനനയ പ്രഖ്യാപനവുമായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. തുടര്‍ച്ചയായ ഏഴാം തവണയും റിപ്പോ- റിവേഴ്‌സ് റിപ്പോ നിരക്കുകൾ 6.5 ശതമാനത്തില്‍ തന്നെ.

മുംബൈ: റിപ്പോ-റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ തുടര്‍ച്ചയായ ഏഴാം തവണയും മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. 6.5 ശതമാനമെന്ന തോതിലാണ് രണ്ടും നിലനിര്‍ത്തിയിട്ടുള്ളത്. ഭക്ഷ്യ വിലക്കയ ഭീഷണി ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ച് വരികയാണെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

കഴിഞ്ഞ കൊല്ലം ഏപ്രില്‍ മുതലാണ് റിവേഴ്‌സ് -റിപ്പോ നിരക്കില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്താതെ നിലനിര്‍ത്താന്‍ തുടങ്ങിയത്. 2022 മെയ് മുതല്‍ തുടര്‍ച്ചയായ ആറ് വട്ടം നിരക്കുകളില്‍ വന്‍ വര്‍ദ്ധന വരുത്തിയതിന് പിന്നാലെയായിരുന്നു ഈ നടപടി.

ധനനയ സമിതി റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ദ്വൈമാസ സാമ്പത്തിക നയപ്രഖ്യാപന വേളയില്‍ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഇക്കാര്യം അറിയിച്ചത്. ആറംഗ സമിതിയിലെ അഞ്ച് പേരും നിരക്കുകളില്‍ മാറ്റം വേണ്ടതില്ലെന്ന നിലപാട് കൈക്കൊണ്ടു.

ഫെബ്രുവരിയില്‍ ഉപഭോക്തൃ വില സൂചിക നാണ്യപ്പെരുപ്പം (സിപിഐ) 5.1 ശതമാനമാണ്. സിപിഐ നാണ്യപ്പെരുപ്പം നാല് ശതമാനത്തില്‍ നിലനിർത്തണമെന്ന് സര്‍ക്കാര്‍ ആര്‍ബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം പണപ്പെരുപ്പം 4.5 ശതമാനത്തിലേക്ക് തിരിച്ച് പിടിക്കാന്‍ റിസര്‍വ് ബാങ്കിനായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 5.4ശതമാനമായിരുന്നു. സിപിഐ നടപ്പ് സാമ്പത്തിക വര്‍ഷം 4.5 ശതമാനമാക്കാനാകുമെന്നാണ് പ്രതീക്ഷ. ആദ്യ പാദത്തില്‍ ഇത് 4.9, രണ്ടാംപാദത്തില്‍ 3.8, മൂന്നാം പാദത്തില്‍ 4.6, നാലാംപാദത്തില്‍ 4.5 എന്നിങ്ങനെയാണ് ഇത് കണക്കുകൂട്ടുന്നത്.

ഭക്ഷ്യവസ്‌തുക്കളുടെ വിലയില്‍ ശ്രദ്ധ കാട്ടണമെന്നും ശക്തികാന്ത ദാസ് ഊന്നിപ്പറഞ്ഞു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുണ്ടാകാനിടയുള്ള കടുത്ത ചൂടിന്‍റെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. എണ്ണ വില കുറച്ചതിലൂടെ വരും മാസങ്ങളില്‍ രാജ്യത്ത് പണപ്പെരുപ്പം വര്‍ദ്ധിക്കാനിടയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫെബ്രുവരിയിലെ ചില്ലറ പണപ്പെരുപ്പ നിരക്ക് 5.1 ശതമാനമായിരുന്നു. മാര്‍ച്ചിലെ പണപ്പെരുപ്പ നിരക്ക് അടുത്താഴ്‌ച മാത്രമേ പുറത്ത് വിടൂ.

എന്താണ് റിപ്പോ-റിവേഴ്‌സ് റിപ്പോ?

ഒരു രാജ്യത്തെ സെൻട്രൽ ബാങ്ക് (ഇന്ത്യയുടെ കാര്യത്തിൽ റിസർവ് ബാങ്ക്) ഏതെങ്കിലും തരത്തിലുള്ള ഫണ്ടുകളുടെ കുറവുണ്ടായാൽ വാണിജ്യ ബാങ്കുകൾക്ക് വായ്‌പ നൽകുന്ന നിരക്കാണ് റിപ്പോ നിരക്ക്. പണപ്പെരുപ്പം നിയന്ത്രിക്കാൻ റിപ്പോ നിരക്ക് അധികൃതര്‍ ഉപയോഗിക്കുന്നു. ഒരു രാജ്യത്തിന്‍റെ സെൻട്രൽ ബാങ്ക് അതിന്‍റെ വാണിജ്യ ബാങ്കുകൾക്ക് അവരുടെ അധിക ഫണ്ടുകൾ സെൻട്രൽ ബാങ്കിൽ സൂക്ഷിക്കുന്നതിന് നൽകുന്ന നിരക്കാണ് റിവേഴ്‌സ് റിപ്പോ നിരക്ക്

Also Read: എന്താണ് സിബിൽ സ്‌കോർ, ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുന്ന ഘടകങ്ങൾ എന്തൊക്കെ ?

വിപണിയിലെ പണത്തിന്‍റെ ഒഴുക്ക് നിയന്ത്രിക്കുന്നതിന് സെൻട്രൽ ബാങ്ക് (ഇത് ഇന്ത്യയിലെ ആർബിഐ) ഉപയോഗിക്കുന്ന ഒരു പണ നയം കൂടിയാണ് റിവേഴ്‌സ് റിപ്പോ നിരക്ക്. ആവശ്യമുള്ളപ്പോൾ, ഒരു രാജ്യത്തിന്‍റെ സെൻട്രൽ ബാങ്ക് വാണിജ്യ ബാങ്കുകളിൽ നിന്ന് പണം കടം വാങ്ങുകയും പലിശ നൽകുകയും ചെയ്യുന്നു. ബാധകമായ റിവേഴ്‌സ് റിപ്പോ നിരക്ക് പ്രകാരം. ഒരു നിശ്ചിത സമയത്ത് റിസര്‍വ് ബാങ്ക് നൽകുന്ന റിവേഴ്‌സ് റിപ്പോ നിരക്ക് പൊതുവെ റിപ്പോ നിരക്കിനേക്കാൾ കുറവാണ്.

സമ്പദ്‌വ്യവസ്ഥയിലെ പണലഭ്യത നിയന്ത്രിക്കാൻ റിപ്പോ നിരക്ക് ഉപയോഗിക്കുമ്പോൾ, വിപണിയിലെ പണമൊഴുക്ക് നിയന്ത്രിക്കാൻ റിവേഴ്‌സ് റിപ്പോ നിരക്ക് ഉപയോഗിക്കുന്നു. സമ്പദ്‌വ്യവസ്ഥയിൽ പണപ്പെരുപ്പം ഉണ്ടാകുമ്പോൾ, വാണിജ്യ ബാങ്കുകളെ സെൻട്രൽ ബാങ്കിൽ നിക്ഷേപിക്കാനും വരുമാനം നേടാനും പ്രോത്സാഹിപ്പിക്കുന്നതിനായി ആർബിഐ റിവേഴ്‌സ് റിപ്പോ നിരക്ക് വർദ്ധിപ്പിക്കുന്നു. ഇത് വിപണിയിൽ നിന്നുള്ള അമിതമായ ഫണ്ടുകൾ ആഗിരണം ചെയ്യുകയും പൊതുജനങ്ങൾക്ക് കടമെടുക്കാൻ ലഭ്യമായ പണം കുറയ്ക്കുകയും ചെയ്യുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.