ETV Bharat / bharat

'യുദ്ധകാലത്ത് മുത്തശ്ശി സ്വര്‍ണം മുഴുവന്‍ നല്‍കി, അമ്മയുടെ താലി ബലിയര്‍പ്പിക്കപ്പെട്ടതുമാണ്' ; മോദിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക - PRIYANKA GANDHIS ATTACK ON PM

author img

By ETV Bharat Kerala Team

Published : Apr 24, 2024, 10:24 AM IST

PRIYANKA GANDHI ATTACKED PM MODI  MODI GOLD AND MANGALSUTRA STATEMENT  LOK SABHA ELECTION 2024  മോദിയ്‌ക്കെതിരെ പ്രിസങ്ക ഗാന്ധി
Priyanka Gandhi

യുദ്ധകാലത്ത് സ്വര്‍ണം സംഭാവന ചെയ്‌ത സ്‌ത്രീയാണ് മുത്തശ്ശി ഇന്ദിരാഗാന്ധി. രാജ്യത്തിന് വേണ്ടി താലി ബലിയര്‍പ്പിച്ച സ്‌ത്രീയാണ് തന്‍റെ അമ്മ. താലിയുടെ മഹത്വം പ്രധാനമന്ത്രിക്ക് അറിയില്ലെന്ന് തിരിച്ചടിച്ച് പ്രിയങ്ക ഗാന്ധി.

ബെംഗളൂരു : കോണ്‍ഗ്രസിനെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മംഗല്യസൂത്ര (താലി) പരാമര്‍ശത്തില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര. കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ ബിജെപിയുടെ പ്രചാരണ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് നരേന്ദ്ര മോദി വര്‍ഗീയ പ്രസ്‌താവന നടത്തിയത്. ഇത് വലിയ വിവാദമായിരുന്നു.

'കോണ്‍ഗ്രസ് നിങ്ങളുടെ മംഗല്യസൂത്രയും സ്വര്‍ണവും തട്ടിയെടുത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്ക് നല്‍കും' - എന്നായിരുന്നു മോദിയുടെ പരാമര്‍ശം. 'രാജ്യം കഴിഞ്ഞ 75 വര്‍ഷമായി സ്വതന്ത്രമാണ്, 55 വര്‍ഷം കോണ്‍ഗ്രസ് അധികാരത്തിലുണ്ടായിരുന്നു. കോണ്‍ഗ്രസ് എപ്പോഴെങ്കിലും നിങ്ങളുടെ സ്വര്‍ണമോ താലിയോ തട്ടിയെടുത്തിരുന്നോ' - പ്രിയങ്ക ഗാന്ധി കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ചോദിച്ചു.

നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും രാജ്യത്തിന്‍റെ സ്വത്ത് നല്‍കാന്‍ കോണ്‍ഗ്രസ് പദ്ധതിയിടുന്നു എന്നായിരുന്നു പ്രധാനമന്ത്രിയുടെ വര്‍ഗീയ പരാമര്‍ശം. ഇത്തരത്തില്‍ രാജ്യത്തെ അമ്മമാരുടെയും സഹോദരിമാരുടെയും സ്വര്‍ണം കോണ്‍ഗ്രസ് കവരുമെന്നും നരേന്ദ്ര മോദി പ്രസംഗത്തില്‍ പറയുകയുണ്ടായി.

യുദ്ധം ഉണ്ടായപ്പോള്‍ തന്‍റെ മുത്തശ്ശിയും മുന്‍ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധി തന്‍റെ സ്വര്‍ണം മുഴുവന്‍ സംഭാവന നല്‍കിയതായി പ്രിയങ്ക ഗാന്ധി പറഞ്ഞു. തന്‍റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു, തന്‍റെ അമ്മ സോണിയാഗാന്ധി അവരുടെ താലി രാജ്യത്തിന് വേണ്ടി ബലിയര്‍പ്പിച്ചതാണ്. താലിയുടെ പ്രാധാന്യം മോദി മനസിലാക്കിയിരുന്നു എങ്കില്‍ ഇത്തരം അനാവശ്യ പ്രസ്‌താവനകള്‍ നടത്തുമായിരുന്നില്ല എന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.

സ്‌ത്രീകളുടെ വിട്ടുകൊടുക്കാനുള്ള മനസാണ് ഇന്ത്യയുടെ എല്ലാ പാരമ്പര്യങ്ങളുടെയും അടിത്തറയെന്നും പ്രിയങ്ക പ്രതികരിച്ചു. 'കുടുംബത്തിലെ മറ്റെല്ലാവരും ഉറങ്ങാതെ സ്‌ത്രീകള്‍ ഉറങ്ങാറില്ല. കുടുംബത്തില്‍ സാമ്പത്തിക പ്രശ്‌നം വന്നാല്‍ തന്‍റെ ആഭരണങ്ങള്‍ അവര്‍ പണയപ്പെടുത്തും. മറ്റുള്ളവരെ ഒഴിഞ്ഞ വയറോടെ ഉറങ്ങാന്‍ അനുവദിക്കില്ല, അതിനായി അവള്‍ വിശപ്പ് സഹിക്കും.

ബിജെപിയ്‌ക്ക് അവളുടെ സമരം അറിയില്ല. കടക്കെണിയിലായ കര്‍ഷകന്‍റെ ഭാര്യ അവളുടെ താലി പണയപ്പെടുത്തുന്നു. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടി കാരണം സ്‌ത്രീകള്‍ക്ക് സമ്പാദ്യം നഷ്‌ടമായപ്പോള്‍ മോദി എവിടെയായിരുന്നു' - പ്രിയങ്ക ഗാന്ധി ചോദിച്ചു.

കൊവിഡ് കാലത്തെ ലോക്‌ഡൗണിനെ തുടര്‍ന്ന് കുടിയേറ്റ തൊഴിലാളികള്‍ പല നഗരങ്ങളിലും ഭക്ഷണം പോലും ഇല്ലാതെ കുടുങ്ങിയപ്പോള്‍ സ്‌ത്രീകള്‍ക്ക് അവരുടെ താലിയടക്കം പണയപ്പെടുത്തേണ്ടി വന്നു. ആ സമയത്ത് മോദി എവിടെയായിരുന്നു എന്നും കോണ്‍ഗ്രസ് നേതാവ് ചോദിച്ചു.

'പ്രക്ഷോഭത്തിനിടെ 600 കര്‍ഷകര്‍ മരിച്ചു. ആ സ്‌ത്രീകളുടെ താലിയെ കുറിച്ച് മോദി ചിന്തിച്ചിട്ടുണ്ടോ. മണിപ്പൂരില്‍ സ്‌ത്രീയെ നഗ്‌നയാക്കി പൊതുജന മധ്യത്തില്‍ നടത്തിയപ്പോള്‍ മോദി എന്തുകൊണ്ട് മൗനം പാലിച്ചു. അവളുടെ താലിയെ കുറിച്ച് മോദി എന്തുകൊണ്ട് ചിന്തിച്ചില്ല. ഇന്ന് തെരഞ്ഞെടുപ്പിന് വേണ്ടി മാത്രം അവര്‍ സ്‌ത്രീകളെ കുറിച്ച് സംസാരിക്കുന്നു. ജനങ്ങളെ ഭയപ്പെടുത്തി വോട്ട് പിടിക്കല്‍ മാത്രമാണ് ലക്ഷ്യം' - പ്രിയങ്ക ഗാന്ധി പറഞ്ഞു.

Also Read: കോൺഗ്രസ് ഭരണത്തിൽ ഹനുമാൻ ചാലിസ കേൾക്കുന്നത് പോലും കുറ്റമായിരുന്നു: നരേന്ദ്ര മോദി - Narendra Modi Criticizes Congress

രാജ്യത്ത് ധാരാളം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ മോദി വിലകുറഞ്ഞ സംസാരം നടത്തുകയാണെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. 'നിങ്ങള്‍ക്ക് ധാര്‍മികമായ രാഷ്‌ട്രീയം വേണോ, അതോ രാഷ്‌ട്രീയ നാടകം വേണോ. സത്യത്തിന്‍റെ രാഷ്‌ട്രീയമാണോ അതോ അധികാര രാഷ്‌ട്രീയമാണോ വേണ്ടത്. എന്തുവേണമെന്ന് നിങ്ങള്‍ തീരുമാനിക്കണം' - കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പറഞ്ഞു. ജനങ്ങള്‍ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും രാജ്യത്തിന്‍റെ പോക്ക് അഴുക്കുചാലിലേക്കാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.