ETV Bharat / bharat

നീതുഭായ് അറസ്‌റ്റില്‍; തെലങ്കാന പൊലീസിന്‍റെ തലവേദനയായ മയക്കുമരുന്ന് ഇടപാടുകാരി പിടിയില്‍

author img

By ETV Bharat Kerala Team

Published : Mar 14, 2024, 5:42 PM IST

ഇവരുടെ വീട്ടിൽ നിന്നും 16 ലക്ഷം രൂപയും വൻതോതിൽ കഞ്ചാവും പൊലീസ് പിടിച്ചെടുത്തു.

Drug  Drug dealer  telangana  telangana police
Police arrested major drug dealer in telangana through operation

ഹൈദരാബാദ് : തെലങ്കാനയുടെ സാമ്പത്തിക തലസ്ഥാനമെന്നറിയപ്പെടുന്ന നാനക്രംഗുഡയിൽ മയക്കുമരുന്ന് സംഘത്തെ നാടകീയമായി പിടികൂടി തെലങ്കാന പൊലീസ് (Police arrested major drug dealer in Telangana). വർഷങ്ങളായി മയക്കുമരുന്ന് കച്ചവടം നടത്തി വരുന്ന നീതു ഭായ് എന്ന സ്‌ത്രീയെയും മറ്റ് പത്ത് പേരെയുമാണ് പൊലീസ് പിടികൂടിയത്. പിഡി ആക്‌ട് ചുമത്തപ്പെട്ട് ഒരു വർഷത്തോളം ജയിലിൽ കഴിഞ്ഞ നീതുഭായ് ജയിൽ മോചിതയായ ശേഷം വീണ്ടും മയക്കുമരുന്ന് കച്ചവടം തുടരുകയായിരുന്നു.

തെലങ്കാന നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഡയറക്‌ടർ സന്ദീപ് സന്ദില്യയുടെ നേതൃത്വത്തിലാണ് മയക്ക് മരുന്ന് വ്യാപാരം തടയുന്നതിന് പദ്ധതി ആസൂത്രണം ചെയ്യുന്നത്. സിദ്ദിപേട്ട് കമ്മീഷണറേറ്റ് പൊലീസ് മുലുഗു മേഖലയിൽ നിന്ന് അടുത്തിടെ പിടികൂടിയ രണ്ട് കഞ്ചാവ് വിൽപനക്കാരെ ചോദ്യം ചെയ്‌പ്പോഴാണ് നാനക്രംഗുഡയിലെ മയക്കുമരുന്ന് വ്യാപാരത്തെ കുറിച്ച് വിവരം ലഭിക്കുന്നത്. നിന്നുള്ള കഞ്ചാവ് നാനക്രംഗുഡയില്‍ നിന്നാണ് വന്നതെന്ന് അവർ വെളിപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് സിദ്ദിപേട്ട് കമ്മീഷണർ അനുരാധ ഒരു സംഘത്തെ പരിശോധനയ്ക്കായി നാനക്രംഗുഡയിലേക്ക് അയച്ചു. പൊലീസ് സംഘമെത്തിയപ്പോള്‍ പതിനഞ്ച് പേരോളം കഞ്ചാവ് വാങ്ങാനായി ക്യൂ നിൽക്കുന്നതാണ് കണ്ടത്. പൊലീസുകാരും ഇതേ ക്യൂവിൽ കാത്ത് നിന്നു. അയ്യായിരം രൂപയുടെ കഞ്ചാവ് ചോദിച്ച പൊലീസ് സംഘത്തിന് നീതു ഭായി സാധനം കൈമാറി. വിവരം കമ്മീഷണർ അനുരാധ സന്ദീപ് സാന്ദില്യയെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് നീതു ഭായിയെ കയ്യോടെ പിടികൂടാൻ സ്വീപ്പർമാരെ ഉപയോഗിച്ചുള്ള പ്രത്യേക ഓപ്പറേഷന്‍ ആസൂത്രണം ചെയ്‌തത്.

സൈബറാബാദ് കമ്മീഷണർ അവിനാഷ് മഹന്തിയുടെ സഹായത്തോടെ ഒരു സംഘം രൂപീകരിച്ച് നീതുഭായിയുടെ വീട്ടിലേക്ക് അയച്ചു. ഇവരുടെ വീടിനുള്ളിൽ കയറാൻ നാല് നിലകളിലായി ഗ്രില്ലുകളുണ്ടെന്ന് സിദ്ദിപ്പേട്ട് പൊലീസ് വിവരം നല്‍കിയിരുന്നു. പൊലീസ് ഗ്രില്ലുകൾ നീക്കി അകത്ത് കടക്കുന്ന നേരംകൊണ്ട് നീതുഭായി മാൻഹോളിൽ കഞ്ചാവ് കളയാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് അനുമാനിച്ചു.

രണ്ട് സ്വീപ്പർമാരെ കൂടെ കൂട്ടിയാണ് പൊലീസ് സംഘം നീതുഭായിയുടെ വീട്ടിലെത്തിയത്. ഗ്രില്ലുകൾ നീക്കുന്നതിന് മുമ്പ് മാൻഹോൾ അടച്ച് കഞ്ചാവ് കളയുന്നത് തടയാനായിരുന്നു പദ്ധതി. എന്നാൽ സ്വീപ്പർമാരുടെ ആവശ്യമില്ലാതെ തന്നെ പൊലീസിന് ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി. പൊലീസ് സംഘം എത്തിയപ്പോൾ 10 പേരാണ് കഞ്ചാവ് വാങ്ങാനായി എത്തിയിരുന്നത്. നീതുഭായിക്കൊപ്പം ഇവരെയും പൊലീസ് അറസ്റ്റ് ചെയ്‌തു. ഇവരുടെ വീട്ടിൽ നിന്ന് 16 ലക്ഷം രൂപയും വൻതോതിൽ കഞ്ചാവും പിടിച്ചെടുത്തു.

2017ൽ സെരിലിംഗംപള്ളി എക്‌സൈസ് വകുപ്പാണ് നീതുഭായിക്കെതിരെ ആദ്യ കേസ് രജിസ്റ്റർ ചെയ്‌തത്. അതിനുശേഷം 2021 സെപ്‌തംബർ വരെ 12 കേസുകൾ ഇവർക്കെതിരെ രജിസ്റ്റർ ചെയ്യുകയും പിഡി ആക്‌ട് ചുമത്തി ജയിലിലടക്കുകയും ചെയ്‌തു. ഒരു വർഷം തടവില്‍ കഴിഞ്ഞ് പുറത്തിറങ്ങിയ രണ്ടാം മാസമാണ് നീതുഭായി വീണ്ടും പിടിക്കപ്പെടുന്നത്. ഒക്‌ടോബർ 25 വരെ ആറ് കേസുകൾ കൂടി ഇവര്‍ക്കെതിരെ റിപ്പോർട്ട് ചെയ്‌തതായി പൊലീസ്‌ അറിയിച്ചു. നീതു ഭായിക്കെതിരെ വീണ്ടും പിഡി ആക്‌ട് പ്രയോഗിക്കാൻ ഹൈദരാബാദ് പൊലീസ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്.

Also Read : ലോക്കപ്പ് മരണം; മയക്കുമരുന്ന് കേസിലെ പ്രതിയുടെ മരണം ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.