ETV Bharat / bharat

കെജ്‌രിവാളിന് പിന്നാലെ അതിഷിയുടെ വസതിയിലുമെത്തി ഡല്‍ഹി ക്രൈംബ്രാഞ്ച്

author img

By ETV Bharat Kerala Team

Published : Feb 4, 2024, 1:44 PM IST

ബിജെപിക്കെതിരായ ഓപ്പറേഷന്‍ ലോട്ടസ് 2.0 ആരോപണം : ഡല്‍ഹി മുഖ്യമന്ത്രിക്ക് പിന്നാലെ വിദ്യാഭ്യാസ മന്ത്രി അതിഷി മര്‍ലേനയ്‌ക്കും നോട്ടിസ് കൈമാറാനെത്തി ക്രൈം ബ്രാഞ്ച്.

Poaching Claim Case Delhi  Atishi Marlena AAP  Delhi Crime Branch  അതിഷി മര്‍ലേന
Poaching Claim Case

ന്യൂഡല്‍ഹി : ഏഴ് എംഎല്‍എമാരെ സ്വാധീനിക്കാന്‍ ബിജെപി ശ്രമിച്ചെന്ന ആം ആദ്‌മിയുടെ ആരോപണത്തിന് പിന്നാലെ മന്ത്രിയും എഎപി നേതാവുമായ അതിഷിയുടെ (Delhi Minister Atishi) വസതിയിലെത്തി ഡല്‍ഹി ക്രൈംബ്രാഞ്ച് സംഘം (Poaching Claim Case). സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹി വിദ്യാഭ്യാസമന്ത്രിയായ അതിഷി മര്‍ലേനയ്‌ക്ക് നോട്ടിസ് കൈമാറാനായാണ് അന്വേഷണ സംഘമെത്തിയത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ മന്ത്രി വീട്ടിലുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

അതിഷിയുടെ അഭാവത്തില്‍ ഓഫിസിലെ ഉദ്യോഗസ്ഥരാണ് ക്രൈംബ്രാഞ്ച് നോട്ടിസ് കൈപ്പറ്റിയതെന്നാണ് സൂചന. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് അന്വേഷണസംഘം നോട്ടിസ് നല്‍കാനായി അതിഷിയുടെ വസതിയിലേക്ക് എത്തുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയായിരുന്നു സംഘം മന്ത്രിയുടെ വസതിയില്‍ ആദ്യം എത്തിയത്.

ഡല്‍ഹിയില്‍ ബിജെപി ഓപ്പറേഷന്‍ ലോട്ടസ് 2.0 ആരംഭിച്ചുവെന്ന് ഒരു ആഴ്‌ച മുന്‍പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അതിഷി സിങ് ആരോപിച്ചിരുന്നു. പണം നല്‍കി എഎപി എംഎല്‍എമാരെ തങ്ങളുടെ വരുതിയിലാക്കാന്‍ കഴിഞ്ഞ വര്‍ഷവും ബിജെപി ശ്രമിച്ചിരുന്നു. എന്നാല്‍, അന്ന് പരാജയപ്പെടുകയാണ് ഉണ്ടായതെന്നായിരുന്നു അതിഷി സിങ് പറഞ്ഞത് (Atishi Singh Operation Lotus 2.0 Allegation).

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്‌മി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിന് (Aravind Kejriwal) നോട്ടിസ് കൈമാറിയതിന് അടുത്ത ദിവസമാണ് അതിഷിയുടെ വസതിയിലേക്കും അന്വേഷണസംഘം എത്തിയത്. ഇന്നലെയാണ് (ഫെബ്രുവരി 3) ഡല്‍ഹി പൊലീസിന്‍റെ ക്രൈംബ്രാഞ്ച് സംഘം അരവിന്ദ് കെജ്‌രിവാളിന്‍റെ വസതിയിലെത്തി വിഷയത്തില്‍ നോട്ടിസ് നല്‍കി മടങ്ങിയത്. മൂന്ന് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ആവശ്യം.

ഓപ്പറേഷന്‍ ലോട്ടസിന്‍റെ ഭാഗമായി ബിജെപി സമീപിച്ച എംഎല്‍എമാരുടെ പേരുകള്‍ പുറത്തുവിടണമെന്നും കെജ്‌രിവാളിനോട് ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസിനൊപ്പം മാധ്യമങ്ങള്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് എത്തിയതിനെ എഎപി വൃത്തങ്ങള്‍ വിമര്‍ശിച്ചിരുന്നു.

അരവിന്ദ് കെജ്‌രിവാളിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനായാണ് പൊലീസ് മാധ്യമങ്ങളെയും കൂട്ടി അദ്ദേഹത്തിന്‍റെ വസതിയിലെത്തിയതെന്നാണ് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആരോപിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് പൊലീസ് നടത്തിയതെന്ന് എഎപി വൃത്തങ്ങളും അഭിപ്രായപ്പെട്ടിരുന്നു.

ഡല്‍ഹിയില്‍ കെജ്‌രിവാള്‍ സര്‍ക്കാരിനെ താഴെയിറക്കുമെന്ന് ഭീഷണിപ്പെടുത്തി ഏഴ് എംഎല്‍എമാരോട് പാര്‍ട്ടി വിടാന്‍ 25 കോടി ബിജെപി വാഗ്‌ദാനം നല്‍കിയെന്നാണ് എഎപിയുടെ ആരോപണം. ഇതിന് പിന്നാലെ ഇക്കാര്യം പരാമര്‍ശിച്ച് കെജ്‌രിവാളും രംഗത്തെത്തി. തുടര്‍ന്നായിരുന്നു കെജ്‌രിവാളിന്‍റെ ആരോപണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ വീരേന്ദര്‍ സച്ച്ദേവ കമ്മീഷണറെ കണ്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.