ETV Bharat / bharat

'വടക്കേ ഇന്ത്യക്കാര്‍ വെള്ളക്കാരെ പോലെ, തെക്കുള്ളവര്‍ ആഫ്രിക്കന്‍സിനെ പോലെയും'; സാം പിത്രോദയുടെ വിവാദ പ്രസ്‌താവനയ്‌ക്കെതിരെ പ്രധാനമന്ത്രി - Modi Slams Sam Pitroda

author img

By ETV Bharat Kerala Team

Published : May 8, 2024, 3:48 PM IST

ഇന്ത്യയുടെ വടക്ക് ഭാഗത്തുള്ളവർ വെള്ളക്കാരെ പോലെയും, തെക്ക് ഭാഗത്തുള്ളവര്‍ ആഫ്രിക്കക്കാരെ പോലെയും ആണെന്ന പിത്രോദയുടെ പരാമര്‍ശത്തിന് പ്രസിഡന്‍റ് ദ്രൗപതി മുര്‍മുവിനെ എടുത്ത് കാട്ടിയായിരുന്നു നരേന്ദ്ര മോദിയുടെ വിമര്‍ശനം.

CONGRESS LEADER SAM PITRODA  PM MODI  സാം പിത്രോദ  നരേന്ദ്ര മോദി സാം പിത്രോദ
Narendra Modi, Sam Pitroda (Source : Etv Bharat Network)

ഹൈദരാബാദ് : ഇന്ത്യയുടെ വൈവിധ്യം സൂചിപ്പിക്കാന്‍ കോൺഗ്രസ് നേതാവ് സാം പിത്രോദ നടത്തിയ പ്രസ്‌താവന വിവാദമായതിന് പിന്നാലെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തൊലിയുടെ നിറത്തിന്‍റെ പേരിൽ രാജ്യത്തെ ജനങ്ങളെ അപമാനിക്കുന്നത് വച്ചുപൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാറങ്കലിൽ റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കവേയാണ് മോദിയുടെ വിമര്‍ശനം.

ഇന്ത്യയുടെ വൈവിധ്യത്തെ കുറിച്ച് സംസാരിക്കേവേ, ഇന്ത്യയുടെ വടക്ക് ഭാഗത്തുള്ളവർ വെള്ളക്കാരെ പോലെയും, തെക്ക് ഭാഗത്തുള്ളവര്‍ ആഫ്രിക്കക്കാരെ പോലെയും ആണെന്നായിരുന്നു പിത്രോദയുടെ പരാമര്‍ശം. പ്രസിഡന്‍റ് ദ്രൗപതി മുര്‍മുവിനെ എടുത്ത് കാട്ടിയായിരുന്നു മോദിയുടെ മറുപടി.

'ആദിവാസി കുടുംബത്തിന്‍റെ മകളായ, വളരെ നല്ല പേരുള്ള ദ്രൗപതി മുർമുവിനെ എന്തിനാണ് കോൺഗ്രസ് തോൽപ്പിക്കാൻ ശ്രമിക്കുന്നതെന്ന് ഞാൻ ഒരുപാട് ചിന്തിച്ചിരുന്നു. ഇന്ന് അതിന്‍റെ കാരണം എനിക്ക് മനസിലായി. ഞാൻ അത് മനസിലാക്കി. 'ഷെഹ്‌സാദ'(രാഹുല്‍ ഗാന്ധി) യുടെ ദാർശനിക വഴികാട്ടിയായ ഒരു അമ്മാവൻ അമേരിക്കയിലുണ്ട്. ക്രിക്കറ്റിലെ തേർഡ് അമ്പയറോടെന്ന പോലെ 'ഷെഹ്‌സാദ' അദ്ദേഹത്തിന്‍റെ ഉപദേശമാണ് സ്വീകരിക്കുന്നത്.

ഈ തത്ത്വചിന്തകനായ അമ്മാവൻ പറഞ്ഞു, കറുത്ത തൊലിയുള്ളവർ ആഫ്രിക്കയിൽ നിന്നുള്ളവരാണ് എന്ന്. ഇതിനർഥം നിങ്ങൾ രാജ്യത്തെ നിരവധി ആളുകളെ അവരുടെ തൊലിയുടെ നിറത്തിന്‍റെ അടിസ്ഥാനത്തിൽ അധിക്ഷേപിക്കുന്നു എന്നാണ്. അവർ രാജ്യത്തെ എവിടേക്ക് കൊണ്ടുപോകും? നമ്മുെട നിറമേതായാലും നമ്മള്‍ ഭഗവാൻ കൃഷ്‌ണനെ ആരാധിക്കുന്നവരാണ്'- പ്രധാനമന്ത്രി പറഞ്ഞു.

സാം പിത്രോദയുടെ പരാമര്‍ശം : ലോകത്ത് ജനാധിപത്യത്തിന്‍റെ ഉജ്ജ്വല ഉദാഹരണമാണ് ഇന്ത്യ എന്നത് സംബന്ധിച്ച് 'ദി സ്‌റ്റേറ്റ്‌സ്‌മാൻ'-പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പിത്രോദ. 'രാജ്യത്തെ ജനങ്ങൾ 75 വർഷം അതിജീവിച്ചത് വളരെ സന്തോഷകരമായ അന്തരീക്ഷത്തിലാണ്. അവിടെയും ഇവിടെയും കുറച്ച് വഴക്കുകൾ ഒഴിച്ചാല്‍ ആളുകൾ സമാധാനത്തിലാണ് ജീവിച്ചിരുന്നത്'- പിത്രോദ പറഞ്ഞു.

'കിഴക്ക് ചൈനക്കാരെ പോലെയും, പടിഞ്ഞാറ് ഭാഗത്തുള്ളവർ അറബികളെ പോലെയും, വടക്ക് ഭാഗത്തുള്ളവർ വെള്ളക്കാരെ പോലെയും, തെക്ക് ഭാഗത്തുള്ളവര്‍ ആഫ്രിക്കക്കാരെ പോലെയും കാണപ്പെടുന്ന ഇന്ത്യയെപ്പോലെ വൈവിധ്യമാർന്ന ഒരു രാജ്യത്തെ നമുക്ക് ഒരുമിച്ച് നിർത്താന്‍ യാതൊരു പ്രയാസവുമില്ല.'-പിത്രോഡ പറഞ്ഞു. എല്ലാവർക്കും ഇടം നല്‍കുന്ന, എല്ലാവരും അൽപ്പം വിട്ടുവീഴ്‌ചകളൊക്കെ ചെയ്യുന്ന, ഒരു ഇന്ത്യയിലാണ് താൻ വിശ്വസിക്കുന്നതെന്നും പിത്രോദ കൂട്ടിച്ചേര്‍ത്തു.

തള്ളി കോണ്‍ഗ്രസ് : അതേസമയം പിത്രോദയുടെ പരാമര്‍ശത്തെ കോണ്‍ഗ്രസ് തള്ളിയിരുന്നു. ഇന്ത്യയുടെ വൈവിധ്യം ചിത്രീകരിക്കാൻ പോഡ്‌കാസ്റ്റിൽ പിത്രോദ എടുത്തിട്ട ഉദാഹരണം നിർഭാഗ്യകരവും അസ്വീകാര്യവുമാണെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേഷ് എക്‌സിൽ പോസ്റ്റ് ചെയ്‌തു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഈ പരാമര്‍ശങ്ങളോട് യോജിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിമര്‍ശിച്ച് ബിജെപി : സാം പിത്രോദയുടെ പരാമര്‍ത്തിനെതിരെ ബിജെപി നേതാക്കൾ വ്യാപകമായി രംഗത്ത് വന്നിരുന്നു. പിത്രോദയുടെ പരാമർശം നാണംകെട്ടതാണ് എന്നാണ് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചത്. രാഹുല്‍ ഗാന്ധിയുടെ ഗുരുവും ഉപദേശകനുമായ സാം പിത്രോദ ഇങ്ങനെയാണ് രാഹുലിനെ ഇന്ത്യയെ കാണാനും വിഭജിക്കാനും പഠിപ്പിച്ചത് എന്നും ചന്ദ്രശേഖർ കുറ്റപ്പെടുത്തി.

'സാം ഭായ്, ഞാൻ നോർത്ത് ഈസ്റ്റിൽ നിന്നുള്ള ആളാണ്. മാത്രമല്ല ഞാൻ ഒരു ഇന്ത്യക്കാരനെ പോലെയാണ് കാണപ്പെടുന്നത്. നമ്മൾ വൈവിധ്യത്തില്‍ നിലകൊള്ളുന്ന രാജ്യമാണ്. നമ്മൾ വ്യത്യസ്‌തരായി കാണപ്പെടാം, പക്ഷേ നാമെല്ലാവരും ഒന്നാണ്. നമ്മുടെ രാജ്യത്തെ കുറിച്ച് അൽപ്പം മനസിലാക്കൂ.'- അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ എക്‌സില്‍ കുറിച്ചു.

കോൺഗ്രസിന്‍റെ പ്രത്യയശാസ്‌ത്രം ഭിന്നിപ്പിച്ച് ഭരിക്കുക എന്നതാണ് എന്ന് ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നുള്ള ബിജെപി സ്ഥാനാർഥി കങ്കണ റണാവത്തും എക്‌സില്‍ കുറിച്ചു. ഇന്ത്യക്കാരെ ചൈനക്കാരെന്നും ആഫ്രിക്കക്കാരെന്നും വിളിക്കുന്നത് വേദനാജനകമാണെന്നും കങ്കണ പറഞ്ഞു.

മുമ്പ്, അനന്തരാവകാശ നികുതി പോലുള്ള നിയമം ഇന്ത്യയില്‍ കൊണ്ടുവരണമെന്ന പിത്രോദയുടെ പരാമര്‍ശം വിവാദത്തിലായിരുന്നു. പിത്രോദയുടെ അഭിപ്രായ പ്രകടനങ്ങൾ പാർട്ടിയുടെ കാഴ്‌ചപ്പാട് അല്ല എന്ന് പറഞ്ഞ് കോൺഗ്രസ് ഔദ്യോഗികമായി വിട്ടുനിൽക്കുകയായിരുന്നു.

Also Read : പിത്രോദയെ തള്ളി കോണ്‍ഗ്രസ്; യുഎസ് മോഡല്‍ അനന്തരാവകാശ നികുതി നിയമം പാര്‍ട്ടി നയമല്ലെന്ന് താരിഖ് അന്‍വര്‍ ഇടിവി ഭാരതിനോട് - Congress Disagrees Sam Pitroda

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.