ETV Bharat / bharat

'എന്‍ഡിഎയിലേക്ക് വരൂ' ; ഡ്യൂപ്ലിക്കേറ്റ് എൻസിപിയും ശിവസേനയും കോൺഗ്രസിൽ ലയിച്ച് മരണം വരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മോദി - PM Modi Maharashtra Rally

author img

By ETV Bharat Kerala Team

Published : May 10, 2024, 3:39 PM IST

മഹാരാഷ്‌ട്രയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ ശരദ് പവാറിനെയും ഉദ്ധവ് താക്കറെയെയും പരിഹസിച്ച് നരേന്ദ്ര മോദി

MAHARASHTRA RALLY MODI  LOK SABHA ELECTION 2024  മോദി മഹാരാഷ്‌ട്ര  ശരദ് പവാര്‍ ഉദ്ധവ് താക്കറെ
Narendra Modi (Source : Etv Bharat Reporter)

നന്ദുർബാർ : മഹാരാഷ്‌ട്രയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ ശരദ് പവാറിനെയും ഉദ്ധവ് താക്കറെയെയും പരിഹസിച്ച് നരേന്ദ്ര മോദി. ജൂൺ 4-ലെ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കോൺഗ്രസുമായി ലയിക്കാൻ 'ഡ്യൂപ്ലിക്കേറ്റ് എൻസിപിയും ശിവസേനയും' തീരുമാനിച്ചിട്ടുണ്ടെന്നും പകരം അജിത് പവാറിനും ഏക്‌നാഥ് ഷിൻഡെയ്ക്കും ഒപ്പം ചേരുന്നതാണ് നല്ലതെന്നും മോദി പറഞ്ഞു.

40-50 വർഷമായി ഇവിടെ സജീവമായ ഒരു വലിയ നേതാവ് ബാരാമതിയിൽ (ലോക്‌സഭ സീറ്റ്) വോട്ടെടുപ്പ് കഴിഞ്ഞതില്‍ പിന്നെ ആശങ്കയിലാണ്. ജൂൺ നാലിന് ശേഷം ചെറുപാർട്ടികൾ നിലനിൽപ്പിന് വേണ്ടി കോൺഗ്രസിൽ ലയിക്കുമെന്നും ശരദ് പവാറിന്‍റെ പേര് പരാമർശിക്കാതെ മോദി പറഞ്ഞു.

'നക്ലി എൻസിപി'യും 'നക്ലി ശിവസേന'യും കോൺഗ്രസുമായി ലയിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും നന്ദുർബാർ ജില്ലയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേ മോദി പറഞ്ഞു. എന്നാൽ കോൺഗ്രസിൽ ലയിച്ച് മരണം വരിക്കുന്നതിന് പകരം അജിത് പവാറിലേക്കും ഏക്‌നാഥ് ഷിൻഡെയിലേക്കും വരൂ എന്നും മോദി പറഞ്ഞു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ നിരവധി പ്രാദേശിക പാർട്ടികൾ കോൺഗ്രസുമായി കൂടുതൽ അടുത്തിടപഴകുമെന്നും തങ്ങളുടെ പാർട്ടിക്ക് നല്ലതെന്ന് കണ്ടാല്‍ കോൺഗ്രസുമായി ലയിക്കാന്‍ സാധ്യതയുണ്ടെന്നും ശരദ് പവാർ പറഞ്ഞിരുന്നു.

ഹിന്ദു ആസ്‌ത (വിശ്വാസം) അവസാനിപ്പിക്കാൻ കോൺഗ്രസ് ഗൂഢാലോചന നടത്തുകയാണെന്ന് മോദി ഇവിടെയും പ്രസംഗത്തില്‍ ആരോപിച്ചു. മുഗൾ ചക്രവർത്തി ഔറംഗസേബിനെപ്പോലെ മോദിയെയും മഹാരാഷ്‌ട്രയിൽ അടക്കം ചെയ്യുമെന്ന ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്തിന്‍റെ പ്രതികരണത്തെയും മോദി വിമര്‍ശിച്ചു. ഡ്യൂപ്ലിക്കേറ്റ് ശിവസേന എന്നെ ജീവനോടെ കുഴിച്ചുമൂടാനാണ് ആഗ്രഹിക്കുന്നത്. അവരുടെ പ്രിയ വോട്ട് ബാങ്കിന് ഇഷ്‌ടപ്പെടും വിധം അവർ എന്നെ അധിക്ഷേപിക്കുകയാണെന്നും മോദി പറഞ്ഞു.

മതത്തിന്‍റെ അടിസ്ഥാനത്തിൽ ക്വാട്ട ആനുകൂല്യങ്ങൾ നൽകുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങൾക്കും തത്വങ്ങൾക്കും എതിരാണെന്ന് മോദി ആവര്‍ത്തിച്ചു. മോദി ജീവിച്ചിരിക്കുന്നിടത്തോളം കാലം ദളിതർക്കും ആദിവാസികൾക്കും ഒബിസികൾക്കുമുള്ള സംവരണം മുസ്ലിങ്ങൾക്ക് നൽകാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read : വിവാഹിതരായ മുസ്‌ലിംകള്‍ക്ക് 'ലിവ് ഇന്‍ റിലേഷന്' അവകാശമില്ല: അലഹബാദ് ഹൈക്കോടതി - Allahabad HC Live In Relationship

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.