ETV Bharat / bharat

കല്യാണച്ചതി; സൗദിയില്‍ ഹൈദരാബാദി സ്വദേശിനിക്ക് ഭര്‍ത്താവില്‍ നിന്ന് കൊടിയ പീഡനം

author img

By ETV Bharat Kerala Team

Published : Mar 10, 2024, 10:25 PM IST

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ യുവതിയുമായി ബന്ധപ്പെട്ടതായി യുവതിയുടെ അമ്മ അറിയിച്ചു.

Hyderabadi girl  tortured  Ministry of external affairs  ഇന്ത്യൻ എംബസി
Pakistani Husband tortured a Hyderabadi girl in Saudi,mother seeks help from MEA

ഹൈദാരബാദ് : ഭർത്താവിന്‍റെ കൊടിയ പീഡനത്തെ തുടർന്ന് സൗദി അറേബ്യയിൽ നിന്ന് മൂന്ന് കുട്ടികളുമായി ഓടി ഒളിച്ച് ഹൈദരാബാദ് സ്വദേശിനി. ഭർത്താവ് അടുത്തിടെ വിവാഹം ചെയ്‌ത 17 കാരിയും ഇവരുടെ കൂടെ വീടുവിട്ടിറങ്ങി. തന്‍റെ മകളേയും കുട്ടികളേയും ഹൈദരാബാദിലേക്ക് തിരികെയെത്തിക്കാന്‍ ആവശ്യപ്പെട്ട് യുവതിയുടെ അമ്മ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നൽകി.കത്തില്‍ വിദേശകാര്യ മന്ത്രാലയം മറുപടി നല്‍കിയിട്ടുണ്ട്. തെലങ്കാനയിലെ എംബിടി പാർട്ടിയുടെ ഔദ്യോഗിക പ്രതിനിധി അംജദുള്ള ഖാനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

സംഭവമിങ്ങനെ : ഹൈദരാബാദ് രാജേന്ദ്ര നഗറിലെ സബേര ബീഗത്തിന്‍റെ മകൾ സബയെ, ഭര്‍ത്താവ് സ്‌ത്രീധനമായി സ്വർണം നൽകാത്തതിന്‍റെ പേരില്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് മകൾക്ക് മറ്റൊരു വിവാഹം നടത്താനുള്ള ശ്രമത്തിലായിരുന്നു മാതാപിതാക്കൾ. സൗദി അറേബ്യയിലെ മക്കയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മുഖ്‌താദിര്‍ സബയെ വിവാഹം ചെയ്യാന്‍ താത്പര്യം കാണിച്ചിരുന്നു. എന്നാല്‍, തന്‍റെ കൂടെ മക്കയില്‍ ജോലി ചെയ്യുന്ന ബംഗ്ലാദേശിയായ അലിഹുസൈൻ അസീസ് ഉൾ റഹ്മാന്‍ എന്നയാളെ കുറിച്ച് സബേര ബീഗം വീട്ടുകാരോട് പറഞ്ഞു. ശേഷം ഇരുവരും സംസാരിച്ച് 2014 ഫെബ്രുവരിയിൽ സബയും അലിഹുസൈനും തമ്മിലുള്ള വിവാഹം നടന്നു. ഇവര്‍ക്ക് രണ്ട് പെൺകുട്ടികളും ഒരു മകനുമുണ്ട്.

ഏതാനും വർഷങ്ങൾക്ക് ശേഷം അലി ഹുസൈൻ സബയെ ഉപദ്രവിക്കാൻ ആരംഭിച്ചു. വീടിന് പുറത്തേക്ക് പോകാന്‍ പോലും സബയെ അനുവദിച്ചില്ല. അമ്മയോട് പോലും സംസാരിക്കാന്‍ അനുവദിക്കാതെ ഇയാള്‍ പ്രശ്‌നമുണ്ടാക്കി. സബയെ ഭര്‍ത്താവ് ഭീഷണിപ്പെടുത്താറുണ്ടെന്നും അമ്മ സബേര ബീഗം പരാതിയില്‍ പറയുന്നു.

അടുത്തിടെ, ബംഗ്ലാദേശിൽ നിന്ന് 17 വയസുള്ള പെൺകുട്ടിയെ 20,000 റിയാലിന് വാങ്ങി അലിഹുസൈൻ വിവാഹം ചെയ്‌തു. മൂന്ന് മാസത്തെ വിസയിൽ ഈ പെണ്‍കുട്ടിയെയും സൗദിയില്‍ കൊണ്ടുവന്ന് പീഡിപ്പിക്കാൻ ആരംഭിച്ചു. വിവരം പുറത്തറിയാതിരിക്കാൻ രണ്ട് ഭാര്യമാരെയും കുട്ടികളെയും ഇയാള്‍ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിക്കുക പതിവായിരുന്നു.

രണ്ട് ദിവസം മുമ്പ് സബ ക്രൂര മർദനത്തിന് ഇരയായി. മര്‍ദനം സഹിക്കവയ്യാതെയാണ് സബ ബീഗം മൂന്ന് മക്കളെയും 17 വയസുള്ള പെൺകുട്ടിയെയും കൂട്ടി രക്ഷപെട്ടത്. മക്കയിൽ നിന്ന് രക്ഷപ്പെട്ട ഇവര്‍ ജിദ്ദയിലെ ഹോട്ടലിൽ അഭയം പ്രാപിച്ചു. തുടര്‍ന്ന് യുവതി ഫോണിലൂടെ അമ്മയെ വിവരം അറിയിച്ചു.

പിന്നാലെയാണ് മകളെ ഇന്ത്യയിലേക്ക് അയക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ സബേര ബീഗം വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത്. മകളുടെ അവസ്ഥയെക്കുറിച്ച് ഇന്ത്യൻ എംബസി അധികൃതരെ അറിയിച്ചതായി സബേര ബീഗം പറഞ്ഞു. ഭര്‍ത്താവ് മര്‍ദിച്ചതിനെ തുടര്‍ന്നുണ്ടായ പരിക്കിന്‍റെ ചിത്രങ്ങളും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് അമ്മ അയച്ചുകൊടുത്തു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ അവരുടെ മകളുമായി ബന്ധപ്പെട്ടതായും സബേര ബീഗം അറിയിച്ചു. ചൊവ്വാഴ്‌ച മകളെ എംബസിയിൽ വിളിച്ചുവരുത്തി സംസാരിക്കാമെന്ന് അവർ ഉറപ്പുനൽകിയതായും സബേപ ബീഗം അറിയിച്ചിട്ടുണ്ട്. അലി ഹുസൈൻ പാകിസ്ഥാൻ പൗരനാണെന്നാണ് പാസ്‌പോർട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്.

Also Read : ഭരണഘടന പൊളിക്കുമെന്ന് ബിജെപി എംപി; ഭൂരിപക്ഷം വര്‍ധിച്ചാല്‍ മോദി സര്‍ക്കാര്‍ ഭരണഘടന പൊളിച്ചെഴുതുമെന്ന് കര്‍ണാടക എംപി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.