ETV Bharat / bharat

'ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ജയിലില്‍ ശ്രമമുണ്ടായി' ; മുഖ്‌താര്‍ അന്‍സാരി പഴയ ഹര്‍ജിയില്‍ പറയുന്നത് - MUKHTAR ANSARIS PLEA VIRAL

author img

By ETV Bharat Kerala Team

Published : Mar 29, 2024, 10:50 AM IST

ജയിലില്‍ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് മുഖ്‌താര്‍ മുന്‍പ് സമര്‍പ്പിച്ച ഹര്‍ജി ചര്‍ച്ചയാകുന്നു

MUKHTAR ANSARIS POISONING LETTER  MLA MUKHTAR ANSARI PASSED  MUKHTAR ANSARIS PLEA IS GOING VIRAL  MLA MUKHTAR ANSARI DEATH
Former MLA Mukhtar Ansari passed away; Family Alleges Mystery In Death

ലഖ്‌നൗ : ഗുണ്ടാത്തലവനും മുന്‍ എംഎല്‍എയുമായ മുഖ്‌താര്‍ അന്‍സാരിയുടെ മരണത്തിന് പിന്നാലെ യുപിയില്‍ കനത്ത സുരക്ഷയൊരുക്കി പൊലീസ്. സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അന്‍സാരിയുടെ മരണത്തില്‍ കുടുംബവും പാര്‍ട്ടി നേതാക്കളും ദുരൂഹത ആരോപിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി. മുഖ്‌താര്‍ അന്‍സാരി മരിച്ചത് ഹൃദയാഘാതം മൂലമല്ലെന്നും ജയിലില്‍ വച്ച് വിഷം നല്‍കിയതാണെന്നും കുടുംബവും അനുയായികളും ആരോപിക്കുന്നു.

മരണത്തെ കുറിച്ചുള്ള ചര്‍ച്ചകളും ആരോപണങ്ങളും ഉയരുന്നതിനിടെ നേരത്തെ മുഖ്‌താര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ പകര്‍പ്പ് വൈറലാകുന്നുമുണ്ട്. രാഷ്‌ട്രീയ ഗൂഢാലോചനയാണ് തനിക്കെതിരെയുള്ള കേസ്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി തന്നെ കൊലപ്പെടുത്താന്‍ ജയിലില്‍ നിന്നും ശ്രമമുണ്ടായെന്നും തനിക്ക് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ചര്‍ച്ചയാകുന്നത്.

മുന്‍പ് ബന്ദ ജയിലില്‍ വച്ച് രണ്ടുതവണ തന്നെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ജമ്മു കശ്‌മീര്‍ ലെഫ്‌റ്റനന്‍റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ നേതൃത്വത്തില്‍ കൊലപാതകത്തിനുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് അന്താരാഷ്‌ട്ര ബന്ധങ്ങളിലൂടെ താന്‍ മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം ഹര്‍ജിയില്‍ പറയുന്നു.

മനോജ് സിന്‍ഹ, ബിജെപി എംഎൽസി ബ്രിജേഷ് സിങ്, ബിജെപി എംഎൽഎ സുശീൽ സിങ്, മുൻ ഐജിഎസ്‌ടിഎഫ് അമിതാഭ് യാഷ് എന്നിവരാണ് കൊലപാതകത്തിനായി ഗൂഢാലോചന നടത്തുന്നത്. തന്നെ കൊലപ്പെടുത്തിയാല്‍ നിയമ നടപടികളില്‍ നിന്നും സംരക്ഷിക്കുമെന്ന ഉറപ്പ് ബന്ധപ്പെട്ടവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ഇത്തരമൊരു ഗൂഢാലോചനയുടെ ഭാഗമായാണ് പ്രതിയായിരുന്ന പ്രേം പ്രകാശ്‌ സിങ് ബജ്‌റംഗി ജയിലിനുള്ളില്‍ വെടിയേറ്റ് മരിച്ചതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.

ബിജെപി സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ ജയിലില്‍ ഇത്തരം ഗൂഢാലോചനകള്‍ നടത്തി നിരവധി പേരെ കൊലപ്പെടുത്തിയിട്ടുണ്ട്. തനിക്കെതിരെയുള്ള ഇത്തരം നീക്കങ്ങളില്‍ നിന്നും സംരക്ഷണം വേണമെന്നും ജയില്‍ ഭരണകൂടത്തിനെതിരെ നിയമ നടപടി കൈക്കൊള്ളണമെന്നും മുക്‌താര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.

ഇന്ന് (മാര്‍ച്ച് 29) രാവിലെയാണ് മുഖ്‌താര്‍ അന്‍സാരി മരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. തടവില്‍ കഴിയുന്ന അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ബന്ദയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. ചൊവ്വാഴ്‌ച ( മാര്‍ച്ച് 26) ജയിലില്‍ കുഴഞ്ഞുവീണ മുഖ്‌താറിനെ ബന്ദയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതോടെ ഡിസ്‌ചാര്‍ജ് ചെയ്‌ത് ജയിലിലേക്ക് അയക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ വ്യാഴാഴ്‌ച (മാര്‍ച്ച് 28) വീണ്ടും ആരോഗ്യ സ്ഥിതി മോശമാവുകയായിരുന്നു. തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും മരിച്ചതും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.