ETV Bharat / bharat

പ്രധാനമന്ത്രിയുടെ ജമ്മു കശ്‌മീര്‍ സന്ദര്‍ശനം; പരീക്ഷകള്‍ അടക്കം മാറ്റി വച്ചു, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് നിര്‍ദ്ദേശം

author img

By ETV Bharat Kerala Team

Published : Mar 7, 2024, 4:27 PM IST

മോദിയുടെ റാലിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം. വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രിമാര്‍ രംഗത്ത്.

Modi in Kashmir  BJP  Election2024  മോദി  ജമ്മു കശ്‌മീര്‍ സന്ദര്‍ശനം
Modi in Kashmir BJP Lok Sabha Election Campaign

ശ്രീനഗര്‍: ജമ്മുകശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ കശ്‌മീര്‍ സന്ദര്‍ശനം വിവാദത്തില്‍. കശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിലൂടെ പ്രഖ്യാപിച്ച ഫലങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന വിലയിരുത്തലിനിടെയാണ് മോദിയുടെ സന്ദര്‍ശനം(Modi in Kashmir).

പ്രധാനമന്ത്രിയുടെ റാലിക്ക് പോകാനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ പുലര്‍ച്ചെ അഞ്ച് മണിക്ക് കൊടുംതണുപ്പില്‍ ബദ്ഗാമിലെ ബസ്‌സ്റ്റാന്‍ഡില്‍ വാഹനങ്ങളില്‍ കൂട്ടത്തോടെ കയറുന്നത് കാണാമായിരുന്നുവെന്ന് പിഡിപി അധ്യക്ഷയും ജമ്മുകശ്‌മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്‌തി പറഞ്ഞു(PDP).

നുഴഞ്ഞുകയറ്റത്തിന്‍റെ കാലത്താണ് മുന്‍ പ്രധാനമന്ത്രിമാരായ വാജ്‌പേയിയും മന്‍മോഹന്‍സിങുമൊക്കെ ഇവിടെ സന്ദര്‍ശിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ബക്ഷി സ്റ്റേഡിയത്തില്‍ ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയതിന്‍റെ ഗുണങ്ങളുടെ പട്ടിക അവതരിപ്പിക്കലാകും നടക്കുക എന്നും മെഹബൂബ കുറ്റപ്പെടുത്തി(Election2024).

മെഹബൂബയുടെ ഇതേ വികാരങ്ങള്‍ തന്നെയാണ് കഴിഞ്ഞദിവസം നാഷണല്‍ കോണ്‍ഫറന്‍സ് വൈസ്പ്രസിഡന്‍റ് ഒമര്‍ അബ്‌ദുള്ളയും പങ്കുവച്ചത്. റാലിക്ക് വന്‍ ജനപങ്കാളിത്തം ഉണ്ടാകാന്‍ വേണ്ടി ജമ്മുകശ്‌മീര്‍ സര്‍ക്കാര്‍ പ്രത്യേക ഊന്നല്‍ നല്‍കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്‌ത്രീകളും പുരുഷന്‍മാരുമായ എല്ലാ ജീവനക്കാരും പുലര്‍ച്ചെ നാലരയ്ക്കും അഞ്ചരയ്ക്കുമിടയില്‍ എത്തിച്ചേരണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. കൊടും തണുപ്പിനിടെയാണ് ഇത്രയും നേരത്തെ ഇവരോട് എത്താന്‍ നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിപാടിക്ക് എത്താത്ത ജീവനക്കാര്‍ക്കെതിരെ നടപടികളുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തലും ഉണ്ടായിരുന്നു. സ്വകാര്യ സ്‌കൂളുകളുടെ വാഹനങ്ങള്‍ ഈ ജീവനക്കാരെ സമ്മേളന നഗരിയിലേക്ക് എത്തിക്കാന്‍ വേണ്ടി വിട്ടു കൊടുക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

എല്ലാവരും നിര്‍ബന്ധമായും റാലിയില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദ്ദേശമെന്ന് മെഹബൂബയും ഒമര്‍ അബ്‌ദുള്ളയും ആരോപിക്കുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മറ്റ് സംസ്ഥാനങ്ങളിലെ ബിജെപിയുടെ സുപ്രധാന മണ്ഡലങ്ങളില്‍ ബിജെപിക്കാര്‍ക്കിടയില്‍ കൂടുതല്‍ പിന്തുണ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് റാലിയെന്നും നേതാക്കള്‍ ആരോപിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി കശ്‌മീരിനെ ഒരു ഭീകരരുടെ കേന്ദ്രം എന്ന ഖ്യാതിയില്‍ നിന്ന് സഞ്ചാരികളുടെ കേന്ദ്രമെന്നതിലേക്ക് എത്തിച്ചുവെന്നാണ് മുതിര്‍ന്ന ബിജെപി നേതാവ് തരുണ്‍ ചഘ് മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ചൂണ്ടിക്കാട്ടിയത്. മോദിയുടെ പരിപാടിയുടെ ഒരുക്കങ്ങള്‍ വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം. ജമ്മുകശ്‌മീരില്‍ എല്ലാ മേഖലയിലും ഇപ്പോള്‍ വികസനം ഉണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

കശ്‌മീര്‍ സര്‍വകലാശാലയും കശ്മീരിലെ കേന്ദ്ര സര്‍വകലാശാലയും ഇന്ന് നടക്കാനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. കശ്‌മീര്‍ സര്‍വകലാശാല അസിസ്റ്റന്‍റ് കണ്‍ട്രോളറാണ് പരീക്ഷകള്‍ മാറ്റി വച്ച കാര്യം അറിയിച്ചത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്നും സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി. കേന്ദ്രസര്‍വകലാശാലയും മാറ്റിയ ഇന്നത്തെ പരീക്ഷകള്‍ എന്ന് നടത്തുമെന്ന് പിന്നീട് അറിയിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ വികസിത് ജമ്മുകശ്‌മീര്‍ പരിപാടിക്ക് മുന്നോടിയായി ത്രിവര്‍ണപതാകയാല്‍ ബക്ഷി സ്റ്റേഡിയം അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. നഗരത്തില്‍ ഡ്രോണുകളും ഖ്വാഡ്കോപ്റ്ററുകളും പറത്തുന്നതിന് താത്ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.

വേദിക്ക് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ സുരക്ഷാ സേനയുടെ ആകാശ നിരീക്ഷണം നടക്കുന്നുണ്ട്. ഇതിനായി ഡ്രോണുകളും സിസിടിവി ക്യാമറകളും ഉപയോഗിക്കുന്നു.

പ്രധാനമന്ത്രി കടന്ന് പോകുന്ന സ്ഥലങ്ങളിലെ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് നടക്കേണ്ടിയിരുന്ന ബോര്‍ഡ് പരീക്ഷകളും മാറ്റി വച്ചു.

ഝലം നദിയിലും ദാല്‍ തടാകത്തിലും മറൈന്‍ കമാന്‍ഡോകളെ നിയോഗിച്ചിട്ടുണ്ട്.

2019ല്‍ ജമ്മുകശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷമുള്ള പ്രധാനമന്ത്രി മോദിയുടെ ഇവിടുത്തെ ആദ്യ പരിപാടിയില്‍ ഒരു ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് ബിജെപി അറിയിച്ചിരിക്കുന്നത്.

മോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഒരുക്കിയിട്ടുള്ള ഗാനമാണ് പരിപാടിയുടെ മറ്റൊരാകര്‍ഷണം. അനന്തനാഗ് ജില്ലയില്‍ നിന്നുള്ള യുവഗായകന്‍ ഇമ്രാന്‍ അസീസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനമാണിത്. മോദി വരുന്നു മോദി വരുന്നു, താമരവിരിയിക്കാന്‍ മോദി വരുന്നു, അദ്ദേഹം പതാകയും ഉയര്‍ത്തും എന്നര്‍ത്ഥം വരുന്ന ഗാനമാണിത്.

Also Read: പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമബംഗാളില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.