ETV Bharat / bharat

മുംബൈയിൽ തട്ടികൊണ്ടുപോയ 12 വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി; പ്രതി പൊലീസ്‌ സ്‌റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു

author img

By ETV Bharat Kerala Team

Published : Mar 6, 2024, 1:43 PM IST

കൊൽക്കത്തയിലെ നാദിയ ജില്ലയിലെ കല്യാണി ഗ്രാമം സ്വദേശി ബിപുൽ ശിക്കാരിയാണ് 12 വയസുകാരനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയത്

Missing Boy Found Dead In Mumbai  Accused Escaped From Police Station  12 വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി  മുംബൈയിലെ 12 വയസുകാരന്‍റെ കൊലപാതകം  തട്ടിക്കൊണ്ടുപോവൽ
Kidnapped Boy

പ്രതി തട്ടിക്കൊണ്ടുപോവുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ

മുംബൈ : വഡാല സ്വദേശിയായ 12 വയസുകാരനെ ബിരിയാണി നൽകാമെന്ന് പറഞ്ഞ് തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ഒളിവിൽ. കൊൽക്കത്തയിലെ നാദിയ ജില്ലയിലെ കല്യാണി ഗ്രാമം സ്വദേശി ബിപുൽ ശിക്കാരിയാണ് പൊലീസ് സ്‌റ്റേഷനിൽ നിന്നും ചാടിപോയത്. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

അതേസമയം തട്ടിക്കൊണ്ടുപോയ 12 വയസുകാരന്‍റെ മൃതദേഹം വഡാലയിലെ ശാന്തിനഗർ ബേയ്‌ക്ക് സമീപം അഴുകിയ നിലയിലായിരുന്നു കണ്ടെത്തിയത്. കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയശേഷം ശരീരം കഷ്‌ണങ്ങളാക്കിയാണ് ഉപേക്ഷിച്ചത്. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി കെഇഎം ആശുപത്രിയിലേക്ക് അയച്ചതായി വഡാല ടിടി പൊലീസ് സ്‌റ്റേഷനിലെ സീനിയർ പൊലീസ് ഇൻസ്പെക്‌ടർ യോഗേഷ് ചവാൻ അറിയിച്ചു. എന്നാൽ മൃതദേഹം ഏറ്റുവാങ്ങാൻ കുട്ടിയുടെ വീട്ടുകാർ തയ്യാറായില്ല.

സംഭവം ഇങ്ങനെ: വഡാല ഈസ്‌റ്റിലെ ശാന്തിനഗർ പ്രദേശത്ത് താമസിക്കുന്ന 49 കാരനായ പരാതിക്കാരനാണ് തന്‍റെ 12 വയസുള്ള മകനെ കാണാനില്ലെന്ന്‌ പറഞ്ഞ് പൊലീസിനെ സമീപിച്ചത്. ജനുവരി 28ന് രാത്രി 8.30 ഓടെ വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടി പിന്നീട് തിരിച്ചെത്തിയിരുന്നില്ല. പിതാവ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

തട്ടിക്കൊണ്ടുപോകലിനെ തുടർന്ന് പൊലീസ്‌ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശാന്തിനഗർ മേഖലയിൽ നടത്തിയ അന്വേഷണത്തിൽ അതേ പ്രദേശത്ത് താമസിക്കുന്ന ബിപുൽ ശിക്കാരി എന്ന യുവാവിനൊപ്പം കുട്ടി നടന്നുപോകുന്ന ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞതായി പൊലീസിന് വിവരം ലഭിച്ചു.

സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയും ഇതനുസരിച്ച് പ്രതിയെന്ന് സംശയിക്കുന്ന ശിക്കാരിയെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. ബിപുൽ ശിക്കാരി ഏതാനും ദിവസം മുമ്പ് വഡാലയിൽ തങ്ങാൻ എത്തിയിരുന്നു. സംഭവ ദിവസം കുട്ടിയെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കൊണ്ടുപോയി.

അയൽവാസികൾ ഇയാളെ പിടികൂടി കുട്ടിയെക്കുറിച്ച് ചോദിച്ചറിഞ്ഞു. എന്നാൽ പ്രതി ഒന്നും പറയാതിരുന്നതിനാൽ മർദിച്ചു. തുടർന്ന് കുട്ടിയെ മൂന്നാമതൊരാൾക്ക് വിറ്റതായി പ്രതി ശിക്കാരി പറഞ്ഞു. നാട്ടുകാർ ചേർന്ന് ഇയാളെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്യുന്നതിനായി പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു. എന്നാൽ പൊലീസ് സ്‌റ്റേഷനു സമീപമുള്ള കുളിമുറിയിലൂടെ പ്രതി രക്ഷപ്പെടുകയായിരുന്നു.

പൊലീസിന്‍റെ അനാസ്ഥ: വഡാല ടിടി പൊലീസിന്‍റെ അനാസ്ഥ മൂലമാണ് പ്രതി പൊലീസ് സ്‌റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടതെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. ഇത് സംബന്ധിച്ച് കുട്ടിയുടെ കുടുംബം ഫെബ്രുവരി അഞ്ചിന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന് രേഖാമൂലം മൊഴി നൽകിയിരുന്നു.

പ്രതി സ്ഥിരം കുറ്റവാളി: 2012ൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ശിക്കാരിയെ പശ്ചിമ ബംഗാളിൽ ബെർട്ടോള പൊലീസ് അറസ്‌റ്റ്‌ ചെയ്‌തിരുന്നു. തുടർന്ന് 2016ൽ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചിരുന്ന ഇയാൾ കൊവിഡ് കാലത്ത് പരോളിൽ പുറത്തിറങ്ങിയ ശേഷം മുംബൈയിലേക്ക് രക്ഷപ്പെടുകയായിരുന്നു. മുംബൈയിലെത്തിയ ശേഷമാണ് ഇയാൾ കുട്ടിക്കടത്ത് നടത്തിയതെന്നാണ് വിവരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.