ETV Bharat / bharat

ലോക്‌സഭ തെരഞ്ഞെടുപ്പ് ആറാം ഘട്ടം: 58 മണ്ഡലങ്ങള്‍ പോളിങ് ബൂത്തില്‍, വോട്ടിങ് ശതമാനം 50ലേക്ക്; ബംഗാളില്‍ രജിസ്റ്റര്‍ ചെയ്‌തത് ആയിരത്തോളം പരാതികള്‍ - LOK SABHA ELECTION 2024 PHASE 6

author img

By ETV Bharat Kerala Team

Published : May 25, 2024, 6:29 AM IST

Updated : May 25, 2024, 5:00 PM IST

PHASE 6 POLLING  LS POLLS 2024  ലോക്‌സഭ തെരഞ്ഞെടുപ്പ്  ആറാം ഘട്ട വോട്ടെടുപ്പ്
LOK SABHA ELECTION 2024

16:57 May 25

PHASE 6 POLLING  LS POLLS 2024  ലോക്‌സഭ തെരഞ്ഞെടുപ്പ്  ആറാം ഘട്ട വോട്ടെടുപ്പ്
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്
  • വോട്ട് രേഖപ്പെടുത്തി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

ലോക്‌സഭ തെരഞ്ഞെടുപ്പ് ആറാം ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. വോട്ട് രേഖപ്പെടുത്തി ഒരു പൗരനെന്ന നിലയില്‍ രാജ്യത്തോടുള്ള കടമ താന്‍ നിറവേറ്റിയെന്ന് അദ്ദേഹം.

15:50 May 25

PHASE 6 POLLING  LS POLLS 2024  ലോക്‌സഭ തെരഞ്ഞെടുപ്പ്  ആറാം ഘട്ട വോട്ടെടുപ്പ്
3 മണി വരെയുള്ള പോളിങ് കണക്ക്
  • 3 മണി വരെ രേഖപ്പെടുത്തിയത് 49.44 ശതമാനം

ലോക്‌സഭ തെരഞ്ഞെടുപ്പ് ആറാം ഘട്ട വോട്ടെടുപ്പ് നടക്കുമ്പോള്‍ വൈകിട്ട് 3 മണി വരെ രേഖപ്പെടുത്തിയത് 49.44 ശതമാനം പോളിങ്. പശ്ചിമ ബംഗാളില്‍ 70.19 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോള്‍ ഒഡിഷയിൽ 48.44ആണ് പോളിങ് ശതമാനം. ഏറ്റവും കുറവ് വോട്ടിങ് ശതമാനം ഉത്തർപ്രദേശിലാണ്. 43.95 ശതമാനമാണ് 3 മണി വരെ യുപിയില്‍ രേഖപ്പെടുത്തിയത്.

15:44 May 25

  • ബംഗാളില്‍ സംഘര്‍ഷം; ബിജെപി സ്ഥാനാര്‍ഥിക്ക് നേരെ കല്ലേറ്

പോളിങ്ങിനിടെ പശ്ചിമ ബംഗാളില്‍ സംഘര്‍ഷം. ബിജെപി സ്ഥാനാര്‍ഥിക്ക് നേരെ കല്ലേറ്. ബൂത്ത് സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു.

15:32 May 25

  • വോട്ട് ചെയ്‌ത് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് അനിൽ ചൗഹാൻ

'എല്ലാ പൗരന്മാരും അവരുടെ ജനാധിപത്യ അവകാശം വിനിയോഗിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു' -വോട്ട് രേഖപ്പെടുത്തിയ ശേഷം ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് അനിൽ ചൗഹാൻ

13:51 May 25

  • പശ്ചിമ ബംഗാളില്‍ പരാതി പ്രളയം

ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെ എട്ട് മണ്ഡലങ്ങളില്‍ നിന്നും ഇന്ന് രാവിലെ 11 മണിവരെ തെരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ചത് 954 പരാതികള്‍. ഇവിഎം തകരാറുകളും ഏജൻ്റുമാരെ ബൂത്തുകളിൽ പ്രവേശിപ്പിക്കുന്നത് തടഞ്ഞതും ചൂണ്ടിക്കാട്ടി വിവിധ രാഷ്ട്രീയ പാർട്ടികളാണ് പരാതികള്‍ നല്‍കിയിരിക്കുന്നത്. ബൂത്തില്‍ പോളിങ് ഏജന്‍റുമാരെ പ്രവേശിപ്പിക്കാത്തതിനെ ചൊല്ലി ഘട്ടൽ മണ്ഡലത്തിൽ തൃണമൂല്‍-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, എന്നാൽ ഇതുവരെ സമാധാനപരമായാണ് വോട്ടെടുപ്പ് നടന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ അവകാശപ്പെടുന്നത്.

13:42 May 25

ETV Bharat
ഉച്ചയ്‌ക്ക് 01 മണി വരെയുള്ള വോട്ടിങ് ശതമാനം

ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ട വോട്ടെടുപ്പ് ഭേദപ്പെട്ട രീതിയില്‍ പുരോഗമിക്കുന്നു. എട്ട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള 58 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് 6 മണിക്കൂര്‍ പിന്നിടുമ്പോള്‍ രേഖപ്പെടുത്തിയത് ഏകദേശം 39.13 ശതമാനം പോളിങ് ആണെന്നാണ് പുറത്തുവരുന്ന വിവരം. പശ്ചിമബംഗാളില്‍ ഉച്ചയോടെ തന്നെ പകുതിയിലധികം വോട്ടും രേഖപ്പെടുത്തിയതായാണ് സൂചന. ഉച്ചയ്‌ക്ക് ഒരു മണിവരെയുള്ള കണക്ക് സൂചിപ്പിക്കുന്നത് പശ്ചിമ ബംഗാളില്‍ 54.80 ശതമാനം വോട്ട് രേഖപ്പെടുത്തിയതായാണ്. ഡല്‍ഹിയിലാണ് നിലവില്‍ ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. 34.37 ശതമാനമാണ് ഡല്‍ഹിയിലെ പോളിങ്.

13:04 May 25

  • 'ഞാൻ വോട്ട് ചെയ്‌തത് ഇന്ത്യയ്‌ക്കും എന്‍റെ രാജ്യത്തിനും വേണ്ടി': സീതാറാം യെച്ചൂരി

ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തില്‍ തന്‍റെ വോട്ട് ഇന്ത്യയ്‌ക്കും രാജ്യത്തിനും വേണ്ടിയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 'ഇന്ത്യയ്ക്കും എൻ്റെ രാജ്യത്തിനും വേണ്ടി ഞാൻ വോട്ട് ചെയ്തു. ജനാധിപത്യത്തിനും രാജ്യത്തിൻ്റെ ഐക്യത്തിനും എൻ്റെ ഭരണഘടനയ്ക്കും കൂടി വേണ്ടിയാണ് ഞാൻ വോട്ട് ചെയ്‌തതെന്നും ഡല്‍ഹിയിലെ വസന്ത് കുഞ്ച് ദീപ് സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പറഞ്ഞു.

12:49 May 25

  • റാഞ്ചിയില്‍ വോട്ട് രേഖപ്പെടുത്തി എംഎസ് ധോണി

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്‌റ്റനും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് താരവുമായ എംഎസ് ധോണി ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തി. ജാര്‍ഖണ്ഡ് റാഞ്ചിയിലെ വോട്ടറാണ് ധോണി.

12:21 May 25

  • ബിജെപി സ്ഥാനാര്‍ഥിക്കെതിരെ പ്രതിഷേധം, വഴിയില്‍ തടഞ്ഞ് പ്രതിഷേധക്കാര്‍

പശ്ചിമബംഗാളില്‍ ബിജെപി സ്ഥാനാര്‍ഥിയെ വഴിയില്‍ തടഞ്ഞു. ഘട്ടൽ ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ഹിരണ്‍ ചാറ്റര്‍ജിയെ ആണ് ഒരു സംഘം പ്രതിഷേധക്കാര്‍ പശ്ചിമ മേദിനിപൂരിലെ ഘട്ടലിൽ തടഞ്ഞത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ് നിലവില്‍.

12:15 May 25

  • '2019 അല്ല 2024' വോട്ട് ചെയ്യാൻ യുവാക്കള്‍ എത്തണമെന്ന് കബില്‍ സിബല്‍

ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തില്‍ യുവവോട്ടര്‍മാരെല്ലാം തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകനും രാജ്യസഭ എംപിയുമായ കബില്‍ സിബല്‍. വോട്ടവകാശം വിനിയോഗിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പൊതുവെ ആളുകള്‍ക്കിടയില്‍ ഒരു ഉത്സാഹവും താൽപ്പര്യവും കാണുന്നില്ല. 2019ലെ സാഹചര്യങ്ങള്‍ അല്ല ഇന്ന് ഉള്ളത്. രണ്ട് കാലയളവും തമ്മില്‍ വലിയ വ്യത്യാസം ഉണ്ടെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പറഞ്ഞു.

12:02 May 25

ETV Bharat
രാവിലെ 11 മണി വരെയുള്ള വോട്ടിങ് ശതമാനം

ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തില്‍ പോളിങ് 25 ശതമാനം പിന്നിട്ടു. രാവിലെ 11 മണിവരെ 25.76 ശതമാനം വോട്ടാണ് 58 മണ്ഡലങ്ങളിലായി രേഖപ്പെടുത്തിയത്. പശ്ചിമ ബംഗാളില്‍ 36.88 ശതമാനമാണ് പോളിങ്. 21.30 ശതമാനം രേഖപ്പെടുത്തിയ ഒഡിഷയിലാണ് നിലവില്‍ ഇതുവരെ ഏറ്റവും കുറഞ്ഞ പോളിങ്.

11:15 May 25

  • വോട്ട് രേഖപ്പെടുത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തില്‍ വോട്ട് ചെയ്‌തു. കുടുംബാങ്ങള്‍ക്കൊപ്പം എത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.

11:13 May 25

  • 'ഡല്‍ഹിയില്‍ കോണ്‍ഗ്രസ് മൂന്ന് സീറ്റും ആംആദ്‌മി നാല് സീറ്റും നേടും': കനയ്യ കുമാര്‍

ലോക്‌സഭ തെരഞ്ഞടുപ്പില്‍ ഡല്‍ഹിയിലെ മൂന്ന് സീറ്റില്‍ കോണ്‍ഗ്രസും നാല് സീറ്റില്‍ എഎപിയും ജയം നേടുമെന്ന് നോർത്ത് ഈസ്റ്റ് ഡൽഹിയിലെ കോൺഗ്രസ് സ്ഥാനാർഥി കനയ്യ കുമാര്‍. വലിയ ആവേശത്തിലാണ് ജനങ്ങള്‍ വോട്ട് രേഖപ്പെടുത്താൻ എത്തുന്നത്. വോട്ടിങ് ശതമാനത്തിലെ വര്‍ധനവ് ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നതിന്‍റെ തെളിവാണ്. '400' എന്ന് അവര്‍ പറയുന്നത് സീറ്റിന്‍റെ എണ്ണമല്ല, പെട്രോളിന്‍റെ വിലയാണെന്നും കനയ്യ കുമാര്‍ പറഞ്ഞു.

11:04 May 25

'സ്വേച്ഛാധിപത്യത്തിനും വർഗീയതക്കും എതിരെ എന്‍റെ വോട്ട്': ബൃന്ദാ കാരാട്ട്

സിപിഎം നേതാവ് ബൃന്ദാ കാരാട്ട് വോട്ട് രേഖപ്പെടുത്തി. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തില്‍ ഡല്‍ഹിയിലെ പോളിങ് ബൂത്തിലെത്തിയാണ് ബൃന്ദാ കാരാട്ട് വോട്ട് രേഖപ്പെടുത്തിയത്. സ്വേച്ഛാധിപത്യത്തിനും വർഗീയതക്കും എതിരെയാണ് ഞാൻ വോട്ട് ചെയ്‌തതെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം ബൃന്ദാ കാരാട്ട് പറഞ്ഞു.

10:40 May 25

  • മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വോട്ട് രേഖപ്പെടുത്തി

ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍. ഡല്‍ഹിയിലെ പോളിങ് ബൂത്തിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.

10:36 May 25

  • ബിജെപി സ്ഥാനാര്‍ഥിയുടെ വാഹനവ്യൂഹം തടഞ്ഞു

പശ്ചിമ ബംഗാളില്‍ മേദിനിപൂരിലെ ബിജെപി സ്ഥാനാര്‍ഥിയുടെ വാഹനവ്യൂഹം പൊലീസ് തടഞ്ഞു. ബോൺപുര ഗ്രാമത്തില്‍ വച്ചാണ് പൊലീസ് ഇടപെടല്‍. മതിയായ രേഖകള്‍ ഇല്ലാത്തതിനാലാണ് വാഹനം പൊലീസ് തടഞ്ഞത്. തന്‍റെ യാത്രകള്‍ തടസപ്പെടുത്താനുള്ള ശ്രമങ്ങളാണ് ബംഗാള്‍ പൊലീസ് സ്വീകരിക്കുന്നതെന്ന് സംഭവത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായ അഗ്നിമിത്ര പോൾ പറഞ്ഞു.

10:20 May 25

  • 'സര്‍ക്കാര്‍ ചെയ്യുന്നതല്ല, നമ്മള്‍ എന്ത് ചെയ്യും എന്നതാണ് പ്രധാനം': കപില്‍ ദേവ്

ജനാധിപത്യത്തിന് കീഴിലാണ് നാം എന്നതില്‍ തനിക്ക് സന്തോഷം തോന്നുന്നെന്ന് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം കപില്‍ ദേവ്. നിങ്ങളുടെ മണ്ഡലത്തിലേക്ക് ശരിയായ ആളുകളെ വേണം തെരഞ്ഞെടുക്കാൻ. സര്‍ക്കാരിന് എന്ത് ചെയ്യാൻ കഴിയും എന്നതില്‍ ഉപരി നമുക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പറഞ്ഞു.

10:16 May 25

  • 'ഭരണഘടനയ്‌ക്കും ജനാധിപത്യത്തിനും വോട്ട്': പ്രിയങ്ക ഗാന്ധി

രാജ്യത്തിന്‍റെ ഭരണഘടനയ്‌ക്കും ജനാധിപത്യത്തിനും വേണ്ടിയാണ് വോട്ട് രേഖപ്പെടുത്തുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തില്‍ ഡല്‍ഹിയില്‍ എത്തി വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

10:03 May 25

ETV Bharat
രാവിലെ 9 മണി വരെയുള്ള വോട്ടിങ് ശതമാനം
  • ആദ്യ മണിക്കൂറില്‍ 10.82 പോളിങ് ശതമാനം

ലോക്‌സഭ തെരഞ്ഞെെടുപ്പിന്‍റെ ആറാം ഘട്ടത്തില്‍ രാവിലെ 9 മണിവരെ രേഖപ്പെടുത്തിയത് 10.82 ശതമാനം പോളിങ്. ആദ്യ മണിക്കൂറില്‍ പശ്ചിമ ബംഗാളിലാണ് കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയതെന്നാണ് കണക്ക്. 16.54 ശതമാനം വോട്ടാണ് രാവിലെ 9 മണിവരെ മാത്രം പശ്ചിമ ബംഗാളില്‍ രേഖപ്പെടുത്തിയത്. ഉത്തര്‍പ്രദേശ് (12.33), ജാര്‍ഖണ്ഡ് (11.74), ബിഹാര്‍ (9.66), ഡല്‍ഹി (8.94), ജമ്മു കശ്‌മീര്‍ (8.89), ഹരിയാന (8.31), ഒഡിഷ (7.43) എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ ആദ്യ മണിക്കൂറില്‍ രേഖപ്പെടുത്തിയിരിക്കുന്ന പോളിങ്.

09:58 May 25

  • സോണിയ ഗാന്ധിയ്‌ക്കൊപ്പം രാഹുലിന്‍റെ 'സെല്‍ഫി ക്ലിക്ക്'

കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വോട്ട് രേഖപ്പെടുത്തി. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തില്‍ ഡല്‍ഹിയിലെ പോളിങ് ബൂത്തിലാണ് ഇരുവരും വോട്ട് രേഖപ്പെടുത്തിയത്. വോട്ട് രേഖപ്പെടപത്തിയ ഇരുവരും പോളിങ് ബൂത്തിന് പുറത്ത് നിന്നും മൊബൈല്‍ ഫോണില്‍ സെല്‍ഫി ചിത്രം പകര്‍ത്തിയ ശേഷമാണ് മടങ്ങിയത്.

09:53 May 25

  • 'ഇന്ത്യയൊരു മഹാശക്തിയാകും': ആരിഫ് മുഹമ്മദ് ഖാൻ

ഇന്ത്യ ഉടൻ തന്നെ ലോകത്തിലെ ഒരു മഹാശക്തിയായി മാറുമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഇത് ജനാധിപത്യത്തിന്‍റെ ഉത്സവമാണ്. ഇന്ത്യയിലെ ജനങ്ങളുടെ പരമാധികാരത്തിന്‍റെ അവകാശങ്ങളുടെ ആഘോഷമാണ്. ഇതിന്‍റെ ഭാഗമാകാൻ കഴിഞ്ഞത് വലിയൊരു അനുഭവമാണെന്നും ഡല്‍ഹിയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പറഞ്ഞു.

09:47 May 25

  • 'ഇന്ത്യൻ രാഷ്ട്രീയത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം പ്രധാനപ്പെട്ടത്': സ്വാതി മലിവാള്‍

ജനാധിപത്യത്തെ സംബന്ധിച്ച് വളരെ വലിയൊരു ദിവസമാണ് ഇന്നത്തേതെന്ന് ആംആദ്‌മി രാജ്യസഭ എംപി സ്വാതി മലിവാള്‍. ഡല്‍ഹിയിലെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു സ്വാതിയുടെ പ്രതികരണം. ഇന്ന് എല്ലാവവരും, പ്രത്യേകിച്ച് സ്ത്രീകള്‍ വോട്ട് ചെയ്യണമെന്നും ഇന്ത്യൻ രാഷട്രീയത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം വളരെ പ്രധാനപ്പെട്ടതാണെന്നും സ്വാതി മലിവാള്‍ പറഞ്ഞു.

09:41 May 25

  • 'പിഡിപി പോളിങ് ഏജന്‍റുമാരെ കസ്റ്റഡിയിലെടുത്തു, മൊബൈല്‍ സേവനങ്ങള്‍ റദ്ദാക്കി: അനന്ത്നാഗില്‍ മെഹബൂബ മുഫ്‌തിയുടെ പ്രതിഷേധം

അനന്ത്നാഗില്‍ കുത്തിയിരിപ്പ് പ്രതിഷേധവുമായി പിഡിപി അധ്യക്ഷ മെഹബൂബ മുഫ്‌തിയും പാര്‍ട്ടി പ്രവര്‍ത്തകരും. പിഡിപി പോളിങ് ഏജന്‍റുമാരെയും പാര്‍ട്ടി പ്രവര്‍ത്തകരെയും കാരണങ്ങളൊന്നുമില്ലാതെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ചാണ് പ്രതിഷേധം. കൂടാതെ, തന്‍റെ ഫോണിലെ ഔട്ട്ഗോയിങ് സേവനങ്ങള്‍ വോട്ടെടുപ്പ് ദിവസം രാവിലെ മുതല്‍ ലഭിക്കുന്നില്ലെന്നും മെഹബൂബ മുഫ്‌തി അറിയിച്ചു.

09:25 May 25

  • 'വോട്ട് നമ്മുടെ അധികാരം': ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകര്‍

ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തില്‍ ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകര്‍ വോട്ട് രേഖപ്പെടുത്തി. ഭാര്യ സുധേഷ് ധൻകറിനൊപ്പം ഡല്‍ഹിയിലെ പോളിങ് ബൂത്തിലെത്തിയാണ് ഉപരാഷ്‌ട്രപതി വോട്ട് രേഖപ്പെടുത്തിയത്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കണ്ട അദ്ദേഹം വോട്ട് പൗരന്മാരുടെ ഉത്തരവാദിത്തവും അധികാരവും ആണെന്ന് അഭിപ്രായപ്പെട്ടു.

09:09 May 25

  • വോട്ട് രേഖപ്പെടുത്തി രാഷ്‌ട്രപതി ദ്രൗപദി മുര്‍മു

ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു വോട്ട് രേഖപ്പെടുത്തി. ഡല്‍ഹിയിലെ പോളിങ് ബൂത്തിലെത്തിയാണ് രാഷ്‌ട്രപതി വോട്ട് രേഖപ്പെടുത്തിയത്.

08:58 May 25

  • 'ഇന്ത്യ മുന്നണിയുടെ ശക്തികേന്ദ്രങ്ങളില്‍ വോട്ടെടുപ്പ് അട്ടിമറിക്കാൻ ശ്രമം': അതിഷി

ഡല്‍ഹിയില്‍ 'ഇന്ത്യ' മുന്നണിയുടെ ശക്തി കേന്ദ്രങ്ങളിലുള്ള വോട്ടെടുപ്പില്‍ തടസം സൃഷ്‌ടിക്കാൻ ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയെന്ന ആരോപണവുമായി മന്ത്രിയും ആംആദ്‌മി പാര്‍ട്ടി നേതാവുമായ അതിഷി മര്‍ലേന. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ വിളിച്ച് ചേര്‍ത്തിരുന്നെന്നും ഈ യോഗത്തിലാണ് ഇത്തരത്തില്‍ ഒരു നിര്‍ദേശം നല്‍കിയതെന്നും അവര്‍ പറഞ്ഞു. ഇക്കാര്യം സംഭവിക്കുകയാണെങ്കില്‍ അത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിൻ്റെ ലംഘനമായിരിക്കുമെന്നും അതുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ വേണ്ട ശ്രദ്ധ പുലര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം അതിഷി അഭിപ്രായപ്പെട്ടു.

08:14 May 25

  • 'സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം വികസനത്തിന്': വോട്ട് രേഖപ്പെടുത്തി ഗൗതം ഗംഭീര്‍

രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ പത്ത് വര്‍ഷക്കാലയളവില്‍ പ്രവര്‍ത്തിച്ചത് വികസനത്തിനായാണെന്ന് ഡല്‍ഹി ഈസ്റ്റ് എംപിയും മുൻ ക്രിക്കറ്റ് താരവുമായിരുന്ന ഗൗതം ഗംഭീര്‍. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തില്‍ നമ്മുടെ ശക്തി പ്രകടിപ്പിക്കാൻ എല്ലാവരും വോട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

08:07 May 25

  • 'രാജ്യത്തിൻ്റെ നിർണായക നിമിഷം': എസ് ജയശങ്കർ

വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ ഡൽഹിയിലെ പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. ഭാര്യയ്‌ക്കൊപ്പം എത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം രാജ്യത്തിൻ്റെ നിർണായക നിമിഷമായതിനാൽ തന്നെ ആളുകള്‍ എല്ലാവരും വന്ന് വോട്ട് രേഖപ്പെടുത്തണമെന്ന് പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ പോളിങ് ബൂത്തിലെ ആദ്യ പുരുഷ വോട്ടര്‍ താൻ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

07:49 May 25

  • ആദ്യ വോട്ടര്‍മാരായി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയും മനോഹർ ലാൽ ഖട്ടറും

കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി ഡല്‍ഹിയിലെ പോളിങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ഭാര്യയ്‌ക്കൊപ്പമാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്താൻ എത്തിയത്. ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനിയും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. നാരായൺഗഡിലെ മിർസാപൂരിലെ പോളിങ് സ്റ്റേഷനിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. ജാർഖണ്ഡ് ഗവർണർ സിപി രാധാകൃഷ്‌ണനും ആദ്യ മണിക്കൂറില്‍ തന്നെ വോട്ട് രേഖപ്പെടുത്തി മടങ്ങി.

ഹരിയാന മുൻ മുഖ്യമന്ത്രിയും കർണാൽ ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുമായ മനോഹർ ലാൽ ഖട്ടർ കർണാലിലെ പോളിങ് ബൂത്തിൽ എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തനിക്ക് വെല്ലുവിളിയല്ലെന്നും അദ്ദേഹം പറഞ്ഞു.

07:19 May 25

  • 'ജനങ്ങള്‍ സജീവമായാല്‍ ജനാധിപത്യം അഭിവൃദ്ധിപ്പെടും': പ്രധാനമന്ത്രി

ആറാംഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വൻ തോതില്‍ വോട്ട് രേഖപ്പെടുത്താൻ എത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണം. ജനങ്ങൾ തെരഞ്ഞെടുപ്പിൽ സജീവമാകുമ്പോൾ ജനാധിപത്യം അഭിവൃദ്ധിപ്പെടും. യുവാക്കളും സ്ത്രീകളും വലിയ തോതില്‍ വോട്ട് ചെയ്യാൻ അഭ്യര്‍ഥിക്കുന്നതായും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

07:00 May 25

  • വോട്ടെടുപ്പ് ആരംഭിച്ചു

ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തില്‍ വോട്ടെടുപ്പ് തുടങ്ങി. 58 സീറ്റുകളിലേക്കാണ് ആറാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.

06:31 May 25

  • 58 മണ്ഡലങ്ങളിലും മോക്ക് പോളിങ്

ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന 58 സീറ്റുകളിലും മോക്ക് പോളിങ്ങ് പുരോഗമിക്കുന്നു. ഏഴ് മണിക്കാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്. 5.84 കോടി പുരുഷന്മാരും 5.29 കോടി സ്ത്രീകളും 5120 മറ്റുള്ളവരും ഉൾപ്പെടെ 11.13 കോടിയിലധികം വോട്ടർമാരാണ് ഇന്ന് തങ്ങളുടെ സമ്മതിദായകാവകാശം വിനിയോഗിക്കുക

06:25 May 25

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ ആറാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ഉത്തര്‍പ്രദേശ്, ഹരിയാന, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഡല്‍ഹി ഒഡീഷ, ജാര്‍ഖണ്ഡ്, ജമ്മു കശ്‌മീര്‍ എന്നിങ്ങനെ എട്ട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായുള്ള 58 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ ഈ 58 മണ്ഡലങ്ങളില്‍ 45ലും ജയിച്ചത് എൻഡിഎ ആയിരുന്നു.

ഇത്തവണ ഇതില്‍ പല മണ്ഡലങ്ങളിലും കോണ്‍ഗ്രസും പ്രതീക്ഷയര്‍പ്പിക്കുന്നു. കഴിഞ്ഞ പ്രാവശ്യം ഹരിയാനയിലെ പത്ത് സീറ്റിലും ബിജെപിയാണ് ജയിച്ചത്. എന്നാല്‍, ഇത്തവണ സംസ്ഥാനത്തെ മിക്ക മണ്ഡലങ്ങളിലും ശക്തമായ ത്രികോണ - ചതുഷ്കോണ മല്‍സരം നടക്കുകയാണ്.

ബിജെപി ജയിച്ച അഞ്ച് സീറ്റുകളടക്കം എട്ട് സീറ്റിലാണ് പശ്ചിമ ബംഗാളില്‍ ആറാം ഘട്ടത്തില്‍ വോട്ടെടുപ്പ്. ബിഹാറില്‍ എട്ട് മണ്ഡസങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. ഡല്‍ഹിയിലെ ഏഴ് സീറ്റുകളിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കും. ബിജെപിയും ബിജെഡിയും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്ന പുരി സാംബല്‍പൂര്‍, കട്ടക്ക്, ഭുവനേശ്വര്‍ മണ്ഡലങ്ങളിലെ പോരാട്ടം ഒഡീഷയിലും ശ്രദ്ധേയമാണ്. ഉത്തര്‍ പ്രദേശില്‍ ബിഎസ്‌പി നേടിയ നാല് സീറ്റുകളിലും അഖിലേഷ് യാദവ് വിജയിച്ച അസംഗഡിലും ഇന്ന് ആറാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും.

ബിജെപി നേതാക്കളായ മനേക ഗാന്ധി, ജഗദംബികാ പാല്‍, പ്രവീണ്‍കുമാര്‍ നിഷാദ് എന്നിവര്‍ ഉത്തര്‍പ്രദേശിലും, മനോഹര്‍ലാല്‍ ഖട്ടര്‍, റാവു ഇന്ദ്രജിത് സിങ്ങ്, നവീന്‍ജിന്‍ഡാല്‍ എന്നിവര്‍ ഹരിയാനയിലും ആറാം ഘട്ടത്തില്‍ ജനവിധി തേടും. കുമാരി ഷെല്‍ജ, ദീപേന്ദ്രസിങ്ങ്ഹൂഡ, രാജ് ബബ്ബാര്‍ എന്നിവരാണ് ഹരിയാനയില്‍ കോണ്‍ഗ്രസിന്‍റെ പ്രധാന സ്ഥാനാര്‍ഥികള്‍. ഡല്‍ഹിയില്‍ കനയ്യ കുമാര്‍( കോണ്‍ഗ്രസ്), മനോജ് തിവാരി(ബിജെപി), സോംനാഥ് ഭാരതി (എഎപി), ബാംസുരി സ്വരാജ് (ബിജെപി)എന്നിവരാണ് പ്രമുഖ സ്ഥാനാര്‍ഥികള്‍.

കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, സംബിത് പാത്ര, ഭര്‍തൃഹരി മഹാതാപ് എന്നിവരാണ് ഒഡീഷയില്‍ ബിജെപിയുടെ പ്രമുഖ സ്ഥാനാര്‍ഥികള്‍. പിഡിപി അധ്യക്ഷ മെഹബൂബ ജമ്മു കശ്‌മീരിലും ബിജെപി നേതാക്കളായ രാധാമോഹന്‍ സിങ്ങ്, സഞ്ജയ് ജയ്‌സ്വാള്‍ എന്നിവര്‍ ബിഹാറിലും ആറാം ഘട്ടത്തില്‍ ജനവിധി തേടും.

Last Updated : May 25, 2024, 5:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.