ETV Bharat / bharat

ലോക്‌സഭ തെരഞ്ഞെടുപ്പ്: ഇവിഎം പണിമുടക്കിയാല്‍ എന്ത് ചെയ്യണം? തെറ്റായ ബട്ടണ്‍ അമര്‍ത്തിപ്പോയാല്‍ എന്ത് ചെയ്യാനാകും? അറിയേണ്ടതെല്ലാം.. - LOK SABHA ELECTION 2024

author img

By ETV Bharat Kerala Team

Published : Apr 17, 2024, 8:13 PM IST

രാജ്യം വെള്ളിയാഴ്‌ച പോളിങ് ബൂത്തിലേക്ക് പോകുകയാണ്. ഒന്നാം ഘട്ട തെരഞ്ഞെടുപ്പിന് വേണ്ട ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. പോളിങ് ദിവസം ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ പണിമുടക്കിയാല്‍ എന്ത് ചെയ്യാനാകും? ഒരു വോട്ടര്‍ തെറ്റായി ഒരു ബട്ടണമര്‍ത്തിപ്പോയാല്‍ എന്ത് ചെയ്യാനാകും?പരിശോധിക്കാം.

EVM  LOK SABHA ELECTION 2024  ELECTRONIC VOTING MACHINE  VVPAT
India is set to vote in the Lok Sabha Elections beginning April 19

ഹൈദരാബാദ്: രാജ്യത്ത് ജനാധിപത്യ ഉത്സവത്തിന് തുടക്കമാകുകയാണ്. രാജ്യത്തെ 21 സംസ്ഥാനങ്ങളിലായി 102 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് വെള്ളിയാഴ്‌ച നടക്കുക. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിന്‍റെ ആദ്യ ഘട്ടമാണിത്.

നമ്മുടെ രാജ്യത്ത് ഒരു തെരഞ്ഞെടുപ്പ് നടത്തുക എന്നത് ഒരു ചെറിയ കാര്യമല്ല. വരുന്ന തെരഞ്ഞെടുപ്പില്‍ 96 കോടിയോളം യോഗ്യരായ വോട്ടര്‍മാരാണ് ഉള്ളത്. ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് പൂര്‍ണമായും ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിക്കുന്നു എന്ന പ്രത്യേകതയും നമുക്കുണ്ട്. പരമ്പരാഗത ബാലറ്റ് പേപ്പര്‍ പാടേ ഒഴിവാക്കിയിരിക്കുന്നു.

പോളിങ് ദിവസം ഈ വോട്ടിങ് മെഷീന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ എന്ത് സംഭവിക്കുമെന്ന ആശങ്ക ചിലരുടെയെങ്കിലും ഉള്ളില്‍ ഉയര്‍ന്നേക്കാം. വോട്ട് ചെയ്യുന്നതിനിടെ പെട്ടെന്ന് മെഷീന്‍ പ്രവര്‍ത്തിക്കാതെ ആയാല്‍ എന്ത് ചെയ്യാനാകും? ഇത്തരം അസാധാരണ സാഹചര്യമുണ്ടായാല്‍ അതിന് നമ്മുടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍വസജ്ജമാണ്. അതേക്കുറിച്ച് നോക്കാം.

എന്താണ് ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍?

വോട്ട് രേഖപ്പെടുത്താനുള്ള ഇലക്‌ട്രോണിക് ഉപകരണമാണ് ഇത്. രണ്ട് ഭാഗങ്ങളാണ് ഈ മെഷീന് പ്രധാനമായും ഉള്ളത്. ഒരു കണ്‍ട്രോള്‍ യൂണിറ്റും (സിയു) ഒരു ബാലറ്റിങ് യൂണിറ്റും (ബിയു). ഇവയെ തമ്മില്‍ അഞ്ച് മീറ്റര്‍ നീളമുള്ള ഒരു കേബിള്‍ കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നു.

കണ്‍ട്രോള്‍ യൂണിറ്റ് പ്രിസൈഡിങ് ഓഫീസറുടെയോ തെരഞ്ഞെടുപ്പ് ഓഫീസറുടെയോ അടുത്തായിരിക്കും സജ്ജീകരിച്ചിരിക്കുക. വോട്ട് ചെയ്യാനുള്ള സ്ഥലത്ത് ബാലറ്റ് യൂണിറ്റും ക്രമീകരിക്കും. ബാലറ്റ് പേപ്പര്‍ നല്‍കുന്നതിന് പകരം കണ്‍ട്രോള്‍ യൂണിറ്റിന്‍റെ ചുമതലയുള്ള തെരഞ്ഞെടുപ്പ് ഓഫീസര്‍ ബാലറ്റ് ബട്ടണ്‍ ഉപയോഗിക്കാനായി കണ്‍ട്രോള്‍ യൂണിറ്റില്‍ അനുമതി നല്‍കും. ഇതോടെ വോട്ടര്‍ക്ക് വോട്ട് ചെയ്യാനുള്ള ബട്ടണമര്‍ത്താം. സ്ഥാനാര്‍ത്ഥിയുടെ പേരിനും ചിഹ്നത്തിനും എതിരെയുള്ള ബട്ടണാണ് അമര്‍ത്തേണ്ടത്.

ഇലക്‌ട്രോണിക് വോട്ടിങ് മെഷീന് പ്രവര്‍ത്തിക്കാന്‍ വൈദ്യുതി ആവശ്യമുണ്ടോ?

ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍റെ പ്രവര്‍ത്തനത്തിന് വൈദ്യുതിയുടെ ആവശ്യമില്ല. ഇവ സാധാരണ 7.5 വോള്‍ട്ടുള്ള ആല്‍ക്കലൈന്‍ പവര്‍ പാക്കാണ് ഉപയോഗിക്കുന്നത്. (1.5 വോള്‍ട്ടുള്ള 5എഎ വലുപ്പമുള്ള ബാറ്ററികള്‍ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്). ബംഗളുരുവിലെ ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡും ഹൈദരാബാദിലെ ഇലക്‌ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ആണ് ഇവയുടെ വിതരണക്കാര്‍. വൈദ്യുതി ഇല്ലാത്ത സ്ഥലങ്ങളിലും ഇതുപയോഗിക്കാനാകും.

ഇവിഎമ്മിന് ശരിയായി പ്രവര്‍ത്തിക്കാനായില്ലെങ്കില്‍ എന്ത് സംഭവിക്കും?

പോളിങ് ദിനത്തില്‍ സോണല്‍, ഏരിയ, അല്ലെങ്കില്‍ സെക്‌ടറല്‍ മജിസ്ട്രേറ്റുമാര്‍ പട്രോളിങ് നടത്തും. ഇവരുടെ കൈവശം അധികമായി ഒരു ഇവിഎമ്മും ഉണ്ടായിരിക്കും. എവിടെയെങ്കിലും ഇവിഎമ്മിന് കുഴപ്പമുണ്ടായാല്‍ പകരം ഇതുപയോഗിക്കാനാകും.

ഇവിഎമ്മിന് കുഴപ്പം ഉണ്ടാകുന്നത് വരെ രേഖപ്പെടുത്തിയ വോട്ടുകള്‍ കണ്‍ട്രോള്‍ യൂണിറ്റില്‍ സുരക്ഷിതമായിരിക്കും. അത് കൊണ്ട് തന്നെ വോട്ടെടുപ്പ് ആദ്യം മുതല്‍ നടത്തേണ്ടതില്ല. വോട്ടെണ്ണല്‍ ദിനത്തില്‍ രണ്ട് മെഷീനുകളിലുമുള്ള വോട്ടുകള്‍ എണ്ണിയാകും ഫലം പ്രഖ്യാപിക്കുക.

തെരഞ്ഞെടുപ്പ് കമ്മീഷനും ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുണ്ട്. പോളിങ് സമയത്ത് കണ്‍ട്രോള്‍ യൂണിറ്റിനോ ബാലറ്റ് യൂണിറ്റിനോ കേടുപാടുകള്‍ സംഭവിച്ചാല്‍ മാറ്റി സ്ഥാപിക്കാവുന്നതാണ്. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് കണ്‍ട്രോള്‍ യൂണിറ്റിന്‍റെ ഡിസ്‌പ്ലേയില്‍ കാണിക്കും. ബാലറ്റ് , കണ്‍ട്രോള്‍ യൂണിറ്റുകളും വിവിപാറ്റും പൂര്‍ണമായും മാറ്റാം. സ്ഥാനാര്‍ത്ഥികള്‍ നിയോഗിച്ച പോളിങ് ഏജന്‍റുമാരുടെ സാന്നിധ്യത്തിലായിരിക്കും ഇത് മാറ്റുക എന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. വിവിപാറ്റ് യൂണിറ്റിനാണ് പ്രശ്‌നമുണ്ടാകുന്നതെങ്കില്‍ വിവിപാറ്റ് യൂണിറ്റ് മാത്രം മാറ്റിയ ശേഷം വോട്ടെടുപ്പ് തുടരാവുന്നതാണ്.

വോട്ടെണ്ണല്‍ ദിവസം എല്ലാ ഇവിഎമ്മുകളിലും രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണിയാകും ഫലം പ്രഖ്യാപിക്കുക. കണ്‍ട്രോള്‍ യൂണിറ്റിലെ വോട്ട് എണ്ണുന്നതിന് എന്തെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണിയാകും ഫലം പ്രഖ്യാപിക്കുക.

എന്താണ് വിവിപാറ്റ്?

വോട്ടര്‍ വെരിഫെയ്‌ബിള്‍ ഓഡിറ്റ് ട്രെയ്‌ല്‍ (വിവിപാറ്റ്) എന്നാല്‍ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുമായി ചേര്‍ത്തിട്ടുള്ള ഒരു സ്വതന്ത്ര സംവിധാനമാണ്. ഇത് പരിശോധിച്ച് തങ്ങള്‍ വോട്ട് രേഖപ്പെടുത്തിയോ എന്ന് ഓരോ വോട്ടര്‍മാര്‍ക്കും ഉറപ്പാക്കാം. വോട്ട് ചെയ്‌ത് കഴിഞ്ഞാല്‍ ക്രമനമ്പര്‍ രേഖപ്പെടുത്തിയ ഒരു സ്ലീപ് പ്രിന്‍റ് ചെയ്‌ത് കിട്ടും. നിങ്ങള്‍ വോട്ട് ചെയ്‌ത സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും ഒരു സുതാര്യ വിന്‍ഡോയില്‍ ഏഴ് സെക്കന്‍റ് ദൃശ്യമാകും. പിന്നീട് പ്രിന്‍റ് ചെയ്‌ത സ്ലിപ്പ് സ്വയം തന്നെ മുറിഞ്ഞ് സീല്‍ ചെയ്‌ത് സൂക്ഷിച്ചിട്ടുള്ള വിവിപാറ്റ് പെട്ടിയില്‍ വീഴും.

വോട്ടര്‍മാര്‍ തെറ്റായ ബട്ടണമര്‍ത്തിയാല്‍ എന്തുണ്ടാകും. ?

വോട്ട് ചെയ്യാന്‍ യോഗ്യത നേടുന്ന ഒരു വ്യക്തി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണം. വോട്ടര്‍പട്ടികയില്‍ ഇവരുടെ പേരുണ്ടെന്ന് ഉറപ്പാക്കി കമ്മീഷന്‍ ഇവര്‍ക്ക് ഒരു വോട്ടര്‍ സ്ലിപ് നല്‍കും. ഇതില്‍ ഒരു ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുണ്ടാകും. ഇതാണ് വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡായി ഉപയോഗിക്കുക.

ഇവിഎമ്മില്‍ വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെയുള്ള ബട്ടണമര്‍ത്തുമ്പോള്‍ ഇതിന് സമീപമുള്ള ലൈറ്റ് ചുവന്ന നിറത്തില്‍ കത്തുകയും ബീപ് ശബ്‌ദം പുറപ്പെടുവിക്കുകയും ചെയ്യും. ഈ സംവിധാനം നാം വോട്ട് രേഖപ്പെടുത്തിയതായി വ്യക്തമാക്കുന്നു. ഇതിന് പുറമെ വിവിപാറ്റും വോട്ട് രേഖപ്പെടുത്തിയ കാര്യം സ്ഥിരപ്പെടുത്തുന്നു.

ഒരിക്കല്‍ ഒരു ബട്ടണ്‍ മാത്രം അമര്‍ത്തുമ്പോള്‍ ആ സ്ഥാനാര്‍ത്ഥിക്ക് തന്നെ വോട്ട് രേഖപ്പെടുത്തപ്പെടുന്നു. എന്നാല്‍ നമുക്ക് എന്തെങ്കിലും അബദ്ധം പിണഞ്ഞാല്‍ പ്രിസൈഡിങ് ഓഫീസര്‍ക്ക് മറ്റൊരു ബട്ടണമര്‍ത്തി നിങ്ങളെ സഹായിക്കാനാകും. പഴയ ബാലറ്റ് പേപ്പര്‍ സംവിധാനത്തിന് ഇല്ലാത്ത ഒരു മേന്‍മയാണിത്.

1961ലെ തെരഞ്ഞെടുപ്പ് ചട്ടത്തിലെ റൂള്‍ 49എംഎ പ്രകാരം വോട്ടര്‍മാര്‍ക്ക് അബദ്ധം പിണഞ്ഞാല്‍ പ്രിസൈഡിങ് ഓഫീസര്‍ക്ക് ഒരു എഴുതിത്തയാറാക്കിയ ഒരു സത്യവാങ്ങ്മൂലം നല്‍കാം. വോട്ടറുടെ അവകാശവാദം ശരിയാണെന്ന് ഉദ്യോഗസ്ഥന് ബോധ്യം വന്നാല്‍ മെഷീനില്‍ ഇവര്‍ക്ക് ഒരു ടെസ്‌റ്റ് വോട്ട് രേഖപ്പെടുത്താം. വിവിപാറ്റ് പരിശോധിച്ച് കൊണ്ട് തന്നെ ഇവര്‍ക്ക് വോട്ട് ചെയ്യാനാകും.

Also Read: പരസ്യപ്രചാരണം അവസാന ഘട്ടത്തിലേക്ക് ; സംസ്ഥാനത്തേക്ക് താര പ്രചാരകരുടെ കുത്തൊഴുക്ക്

വോട്ടറുടെ അവകാശവാദം സത്യമാണെന്ന് ബോധ്യമായാല്‍ പ്രിസൈഡിങ് ഓഫീസര്‍ക്ക് ഇക്കാര്യം റിട്ടേണിങ് ഓഫീസറെ ധരിപ്പിക്കാവുന്നതാണ്. തുടര്‍ന്ന് റിട്ടേണിങ് ഓഫീസറുടെ നിര്‍ദേശപ്രകാരം വോട്ട് ചെയ്യാന്‍ അവസരം നല്‍കാം. വോട്ടിങ് പ്രക്രിയയുടെ അഖണ്ഡത വെളിവാക്കുന്ന സംവിധാനമാണിത്. വോട്ടിങ് മെഷീനെക്കുറിച്ചുള്ള ആശങ്കകള്‍ നേരിടുന്നതിനും ഇത് സഹായിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.