ETV Bharat / bharat

ഈ സമരം പുതിയ പുലരിക്ക് വേണ്ടി, ഈ ദിനം ചരിത്രത്തില്‍ രേഖപ്പെടുത്തും ; ജന്തർ മന്ദറില്‍ മുഖ്യമന്ത്രി

author img

By ETV Bharat Kerala Team

Published : Feb 8, 2024, 1:50 PM IST

Updated : Feb 8, 2024, 6:24 PM IST

മുഖ്യമന്ത്രി പിണറായി വിജയന്‍  ജന്തർമന്തറില്‍ സമരം  kerala chief minister  pinarayi vijayan  jantar mantar
Pinarayi Vijayan inaugurating the strike at Jantar Mantar

പ്രളയകാലഘട്ടത്തിലും അതിനു ശേഷവും കേരളത്തോട് യൂണിയൻ സർക്കാർ വിവേചനം തുടരുകയാണ്. ഇടക്കാല ബജറ്റിലും കേരളത്തിന് ആശ്വാസ പദ്ധതികളുണ്ടായില്ലെന്ന് ഡല്‍ഹിയിലെ കേരള സർക്കാർ സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

ഡല്‍ഹി: ഡല്‍ഹിയില്‍ ഇടതു ജനപ്രതിനിധികൾ നടത്തിയ സമരം ഇന്ത്യൻ ഫെഡറല്‍ സംവിധാനത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ചരിത്രമുന്നേറ്റമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ സംസ്ഥാനങ്ങളേയും തുല്യതയോടെ പരിഗണിക്കുന്ന പുതിയ പുലരിക്ക് വേണ്ടിയാണ് ഈ സമരമെന്നും ഡല്‍ഹി ജന്തർമന്ദറിലെ സമരം ഉദ്ഘാടനം ചെയ്‌തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ചവിട്ടിമെതിക്കുന്ന നിയമങ്ങളാണ് കേന്ദ്ര സർക്കാർ നിർമിക്കുന്നത്. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അത് വ്യക്തമാണ്. യൂണിയൻ സർക്കാർ എന്ന പരാമർശമാണ് പ്രസംഗത്തിലുടനീളം പിണറായി വിജയൻ കേന്ദ്ര സർക്കാരിനെതിരെ ഉപയോഗിച്ചത് (Pinarayi Vijayan inaugurating the strike at Jantar Mantar)

ഓരോ ധനക്കമ്മീഷനും കഴിയുമ്പോൾ കേരളത്തിന്‍റെ നികുതി കുത്തനെ ഇടിയുകയാണ്. ആരോഗ്യം, വിദ്യാഭ്യാസം ഉൾപ്പെടെ കേരളം കൈവരിച്ച നേട്ടങ്ങളുടെ പേരിലാണ് യൂണിയൻ സർക്കാർ കേരളത്തിന് അവകാശങ്ങൾ നിഷേധിക്കുന്നത്. ജനസംഖ്യ നിയന്ത്രണത്തില്‍ കേരളം കൈവരിച്ച നേട്ടങ്ങൾ കേരളത്തിന് തന്നെ ശിക്ഷയാകുന്നു. നേട്ടത്തിന്‍റെ പേരില്‍ വിഹിതം വെട്ടിക്കുറയ്‌ക്കുന്നു. നേട്ടങ്ങൾ പരിരക്ഷിക്കണമെങ്കില്‍ പണം വേണം. ലോകത്ത് മറ്റൊരിടത്തും കാണാത്ത പ്രതിഭാസമാണ് ഇതെന്നും പിണറായി പറഞ്ഞു.

കേരളത്തിന് ലഭിക്കേണ്ട തുക വൈകിക്കുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. യുജിസി നിർദ്ദേശ പ്രകാരം ശമ്പളപരിഷ്‌കരണം നടപ്പാക്കി. പക്ഷേ പണം തന്നില്ല. ഭരണഘടനെ ദുർവ്യാഖ്യാനം ചെയ്‌ത് വായ്‌പ എടുക്കല്‍ പരിമിതപ്പെടുത്തുകയാണ്. ബജറ്റിന് പുറത്തുനിന്ന് കടമെടുക്കുന്നതിനെ സംസ്ഥാനത്തിന്‍റെ പൊതുകടമായി വ്യാഖ്യാനിച്ചു. കേരളത്തില്‍ നടപ്പാക്കേണ്ട പദ്ധതികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയാണ് യൂണിയൻ സർക്കാർ ചെയ്യുന്നത്. കാരണം അവർ പിന്തുടരുന്ന രാഷ്ട്രീയ സാമ്പത്തിക നയങ്ങളില്‍ ഞങ്ങൾക്ക് യോജിപ്പില്ല. ഞങ്ങൾ വിശ്വസിക്കുന്നതും ജനങ്ങൾ ജനാധിപത്യ പ്രക്രിയയിലൂടെ അംഗീകരിച്ചതുമായ നയങ്ങൾ നടപ്പാക്കാൻ അനുവദിക്കില്ലെങ്കില്‍ അത് ഭരണഘടന ധ്വംസനമാണെന്നും പിണറായി ജന്തർമന്തറില്‍ പറഞ്ഞു.

പ്രളയകാലഘട്ടത്തിലും അതിനു ശേഷവും കേരളത്തോട് യൂണിയൻ സർക്കാർ വിവേചനം തുടരുകയാണ്. ഇടക്കാല ബജറ്റിലും കേരളത്തിന് ആശ്വാസ പദ്ധതികളുണ്ടായില്ല. എയിംസ്, കെ-റെയില്‍, ശബരിപാത, കോച്ച് ഫാക്‌ടറി, മെമു ഷെഡ് തുടങ്ങിയ ആവശ്യങ്ങളൊന്നും കേട്ടതായിപ്പോലും നടിച്ചിട്ടില്ല. സ്വാഭാവിക റബ്ബറിന്‍റെ ഇറക്കുമതിച്ചുങ്കം വര്‍ദ്ധിപ്പിക്കുമെന്ന പ്രഖ്യാപനമുണ്ടായിട്ടില്ല. റബ്ബര്‍ വില സ്ഥിരത ഉറപ്പുവരുത്താനായി ഒരു കേന്ദ്ര ഫണ്ടും സ്ഥാപിച്ചിട്ടില്ല. തീരദേശ സംരക്ഷണത്തിനായി ഒരു പാക്കേജും പ്രഖ്യാപിച്ചിട്ടില്ല.

സംസ്ഥാനത്തിനുമേല്‍ ബോധപൂര്‍വ്വം സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാരിന്‍റേതെന്നും മുഖ്യമന്ത്രി. കേന്ദ്രത്തിന്‍റെ സാമ്പത്തിക നയങ്ങള്‍ പിന്തുടരാത്തതിനാല്‍ കേരളത്തെ അവഗണിക്കുന്നു. സംസ്ഥാനത്തെ ജനങ്ങളാല്‍ തിരസ്‌കരിക്കപ്പെട്ട നയങ്ങള്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്രത്തിന്‍റെ ഇത്തരം വിവേചനങ്ങള്‍ കേരള ജനതയില്‍ ദൂരവ്യാപകമായ പ്രത്യാഖ്യാതങ്ങളാണ് ഉണ്ടാക്കാന്‍ പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര അവഗണനയ്ക്ക് എതിരെ കേരളം ഡല്‍ഹിയില്‍ നടത്തുന്ന പ്രതിഷേധത്തില്‍ ആംആദ്‌മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ, ആം ആദ്‌മി നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഭഗവന്ത് മൻ, നാഷണല്‍ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്‌ദുള്ള, പ്രശസ്‌ത അഭിഭാഷകൻ കപില്‍ സിബല്‍, ഡിഎംകെ പ്രതിനിധിയായി തമിഴ്‌നാട് മന്ത്രി പഴനിവേല്‍ ത്യാഗരാജൻ, സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ മറ്റ് കേന്ദ്ര നേതാക്കൾ എന്നിവരും പങ്കെടുത്തു.

രാവിലെ 11 മണിയോടെ കേരള ഹൗസിൽ നിന്നും ജന്തർമന്ദറിലേക്ക്‌ മാർച്ച്‌ നടത്തിയാണ്‌ മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും പ്രതിഷേധത്തിന്‌ എത്തിയത്‌.

Last Updated :Feb 8, 2024, 6:24 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.